ന്യൂഡൽഹി: 2006ൽ നാഗ്പൂരിലെ ആർ.എസ്.എസ് ആസ്ഥാനത്ത് നടന്ന ആക്രമണത്തിന്റെ മുഖ്യസൂത്രധാരനെന്ന് കരുതുന്ന ലഷ്‌കറെ ത്വയ്യിബ ഭീകരൻ റസാഉല്ല നിസാമാനി ഖാലിദ് (അബൂ സൈഫുല്ല ഖാലിദ്) വെടിയേറ്റു മരിച്ചു. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിൽ അജ്ഞാതരായ മൂന്നു തോക്കുധാരികളാണ് വെടിയുതിർത്തതെന്ന് അധികൃതർ അറിയിച്ചു.
ഞായറാഴ്ച ഉച്ചക്കു ശേഷം മത്‌ലിയിലെ വീട്ടിൽനിന്ന് ഇറങ്ങി ബദ്‌നിയിലെ ക്രോസിങ്ങിൽ എത്തിയപ്പോഴാണ് സംഭവം. മുതിർന്ന ലഷ്‌കർ ഭീകരൻ അബൂ അനസിന്റെ അടുത്ത അനുയായിയായ റസാഉല്ല ഖാലിദ് 2005ൽ ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സയൻസസ് ഭീകരാക്രമണം, യു.പിയിലെ രാംപൂരിൽ സി.ആർ.പി.എഫ് ക്യാമ്പിൽ ഏഴ് ഉദ്യോഗസ്ഥരും ഒരു സാധാരണക്കാരനും കൊല്ലപ്പെട്ട ഭീകരാക്രമണം എന്നിവയുടെയും ആസൂത്രണത്തിൽ മുഖ്യ പങ്കുവഹിച്ചതായാണ് അധികൃതർ പറയുന്നത്.
2000ത്തിന്റെ തുടക്കത്തിൽ നേപ്പാളിൽ ലഷ്‌കറിന്റെ ഭീകര പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന ഇയാൾ വിനോദ്കുമാർ, മുഹമ്മദ് സലീം തുടങ്ങിയ അപരനാമങ്ങൾ സ്വീകരിച്ചിരുന്നു. കേഡർമാരെ റിക്രൂട്ട് ചെയ്യുന്നതിലും സാമ്പത്തികലോജിസ്റ്റിക് പിന്തുണ ഉറപ്പാക്കുന്നതിലും നേതൃപരമായ പങ്കുവഹിച്ചിരുന്ന റസാഉല്ല ഇന്ത്യൻ സുരക്ഷ ഏജൻസികൾ ലക്ഷ്യം വെക്കുന്നുവെന്ന സൂചന ലഭിച്ചതോടെ നേപ്പാളിൽനിന്ന് പാകിസ്താനിലേക്ക് മടങ്ങി. സിന്ധ് പ്രവിശ്യയിൽ തീവ്രവാദി റിക്രൂട്ട്‌മെന്റിനും സാമ്പത്തിക സമാഹരണത്തിനും നേതൃത്വം വഹിച്ചുവരുകയായിരുന്നു. കൊലയാളികളെ തിരിച്ചറിഞ്ഞിട്ടില്ല.
ലഷ്‌കർ ഭീകരൻ റസാഉല്ല നിസാമാനി ഖാലിദ് (അബൂ സൈഫുല്ല ഖാലിദ്) വെടിയേറ്റു മരിച്ചു
