ഇന്ത്യയെ വികസിത രാഷ്ട്രമാക്കാനുള്ള താത്പര്യമാണ് ബജറ്റ് പ്രതിഫലിപ്പിക്കുന്നതെന്ന് മോഡി

ഇന്ത്യയെ വികസിത രാഷ്ട്രമാക്കാനുള്ള താത്പര്യമാണ് ബജറ്റ് പ്രതിഫലിപ്പിക്കുന്നതെന്ന് മോഡി


ന്യൂഡല്‍ഹി: 2026ലെ കേന്ദ്ര ബജറ്റ് ഇന്ത്യയുടെ വികസിത രാഷ്ട്രമാകാനുള്ള താത്പര്യം പ്രതിഫലിപ്പിക്കുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. ഇത് നിര്‍ബന്ധിത സാഹചര്യത്തില്‍ എടുത്ത തീരുമാനമല്ലെന്നും മറിച്ച് പ്രചോദനത്തില്‍ നാം തയ്യാറാണ് എന്ന നിമിഷമാണെന്നും അദ്ദേഹം വ്യക്തമാക്കി.

വാര്‍ത്താ ഏജന്‍സിയായ പി ടി ഐക്ക് നല്‍കിയ അഭിമുഖത്തില്‍ അടുത്തിടെ ഉണ്ടായ വ്യാപാര കരാറിനെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി  രാഷ്ട്രീയ സ്ഥിരതയും പ്രവചനക്ഷമതയും നിക്ഷേപകരുടെ ആത്മവിശ്വാസം പുനഃസ്ഥാപിച്ചു എന്നു പറഞ്ഞു. ശക്തമായ നിര്‍മ്മാണ മേഖല, സേവനമേഖല, എം എസ് എം ഇകള്‍ എന്നിവ ഇന്ത്യയെ ശക്തമായ നിലപാടില്‍ നിന്ന് വ്യാപാര കരാറുകള്‍ ചര്‍ച്ച ചെയ്യാന്‍ സഹായിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമേരിക്കയുമായുള്ള വ്യാപാര കരാറിനെതിരെ പ്രതിപക്ഷം ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍ക്കിടെ നമ്മുടെ സ്വതന്ത്ര വ്യാപാര കരാറുകള്‍ വസ്ത്രം, രാസവസ്തുക്കള്‍, കൈത്തൊഴില്‍, രത്‌നങ്ങള്‍ തുടങ്ങിയ മേഖലകളിലെ എം എസ് എം ഇകള്‍ക്ക് വിപണി പ്രവേശനം വര്‍ധിപ്പിക്കുന്നതിനായി രൂപകല്‍പ്പന ചെയ്തതാണ് എന്ന് മോ[ി പറഞ്ഞു.

പുതിയ ബജറ്റില്‍ പ്രതിരോധ ചെലവില്‍ വര്‍ധനവുണ്ടായ പശ്ചാത്തലത്തില്‍ ഇന്നത്തെ യാഥാര്‍ഥ്യങ്ങള്‍ക്ക് അനുയോജ്യമായി പ്രതിരോധ മേഖലയെ ആധുനികമാക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.

സ്വയംപര്യാപ്തതയ്ക്ക് സര്‍ക്കാര്‍ പ്രാധാന്യം നല്‍കിയിട്ടുണ്ടെങ്കിലും ഇന്ത്യ അടുത്തിടെ ഫ്രാന്‍സില്‍ നിന്ന് 114 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചതായി അദ്ദേഹം സൂചിപ്പിച്ചു. രാജ്യത്തിന്റെ സായുധസേനയെ ശക്തിപ്പെടുത്താന്‍ ആവശ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

മുന്‍ യു പി എ ഭരണകാലത്തെ ദുര്‍നിര്‍വഹണം ഇന്ത്യയെ ശക്തമായ നിലപാടില്‍ നിന്ന് ചര്‍ച്ച ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാക്കി എന്നു പ്രധാനമന്ത്രി ആരോപിച്ചു. യു പി എ കാലത്ത് ചര്‍ച്ചകള്‍ ആരംഭിച്ചെങ്കിലും പലപ്പോഴും കാര്യമായ നേട്ടങ്ങള്‍ ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക പരിവര്‍ത്തനത്തിന്റെ അടുത്ത ഘട്ടത്തില്‍ സ്വകാര്യ മേഖലയെ നിര്‍ണായക ഘടകമായി വിശേഷിപ്പിച്ച മോഡി കൂടുതല്‍ നിക്ഷേപം ആവശ്യപ്പെട്ടു. ലാഭവിഹിതം സംരക്ഷിക്കുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ വിതരണ ശൃംഖലകളിലും നവീകരണങ്ങളിലും ദീര്‍ഘകാല ശേഷിവികസനത്തിലുമുള്ള നിക്ഷേപം വര്‍ധിപ്പിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.