ആണവ കരാറിലെത്താന്‍ ചില ഇളവുകള്‍ പരിഗണിക്കാന്‍ തയ്യാറെന്ന് ഇറാന്‍

ആണവ കരാറിലെത്താന്‍ ചില ഇളവുകള്‍ പരിഗണിക്കാന്‍ തയ്യാറെന്ന് ഇറാന്‍


ടെഹ്‌റാന്‍: യു എസുമായി ആണവ കരാറിലെത്താന്‍ ചില ഇളവുകള്‍ പരിഗണിക്കാന്‍ തയ്യാറാണെന്ന് ഇറാന്‍ ഉപ വിദേശകാര്യ മന്ത്രി മജീദ് തഖ്ത്- റവാഞ്ചി അറിയിച്ചു. ഉപരോധങ്ങള്‍ നീക്കാനുള്ള ചര്‍ച്ചയ്ക്ക് അമേരിക്ക തയ്യാറാണെങ്കില്‍ മുന്നോട്ട് പോകാമെന്ന നിലപാടും അദ്ദേഹം സ്വീകരിച്ചു. ടെഹ്‌റാനില്‍ ബി ബി സിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 

ഇപ്പോള്‍ പന്ത് അമേരിക്കയുടെ കോര്‍ട്ടിലാണെന്നും അവര്‍ സത്യസന്ധമാണെങ്കില്‍ കരാറിലേക്കുള്ള പാതയില്‍ നാം മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു. 

അതേസമയം യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ശനിയാഴ്ച പറഞ്ഞത് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് കരാര്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും ഇറാനുമായി അതുണ്ടാക്കുകയെന്നത് വളരെ ബുദ്ധിമുട്ടാണ് എന്നായിരുന്നു.

കരാര്‍ സാധ്യമാകാത്ത പക്ഷം ഇറാനെതിരെ സൈനികാക്രമണം നടത്തുമെന്ന മുന്നറിയിപ്പും ട്രംപ് നല്‍കിയിട്ടുണ്ട്. ഇതിനോടനുബന്ധിച്ച് മേഖലയില്‍ യു എസ് സൈനിക സാന്നിധ്യം ശക്തിപ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞ മാസം നടന്ന ഭരണവിരുദ്ധ പ്രതിഷേധങ്ങള്‍ ഇറാന്‍ ശക്തമായി അടിച്ചമര്‍ത്തിയതിന് പിന്നാലെയാണ് സംഘര്‍ഷാവസ്ഥ രൂക്ഷമായത്.

ഫെബ്രുവരി തുടക്കത്തില്‍ ഒമാനില്‍ യു എസ്- ഇറാന്‍ പരോക്ഷ ചര്‍ച്ചകള്‍ നടന്നിരുന്നു. അടുത്ത ഘട്ടം ചൊവ്വാഴ്ച ജനീവയില്‍ നടക്കുമെന്നാണ് തഖ്ത്-റവാഞ്ചി സ്ഥിരീകരിച്ചത്. ഈ ചര്‍ച്ചകള്‍ മൊത്തത്തില്‍ അനുകൂല ദിശയില്‍ പോയതായി അദ്ദേഹം വിലയിരുത്തി. ട്രംപും ചര്‍ച്ചകളെ അനുകൂലമെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.

തങ്ങളുടെ 60 ശതമാനം വരെ സമ്പുഷ്ടീകരിച്ച യൂറേനിയം ദ്രവീകരിക്കാന്‍ തയ്യാറാണെന്ന ടെഹ്‌റാന്റെ ഓഫര്‍ ഇളവിന് ഇറാന്‍ തയ്യാറാണെന്ന തെളിവാണെന്ന് ഉപമന്ത്രി ചൂണ്ടിക്കാട്ടി. ആയുധ നിലവാരത്തിന് അടുത്തുള്ള ഈ സമ്പുഷ്ടീകരണം ആണവായുധ വികസന സംശയം വര്‍ധിപ്പിച്ചിരുന്നുവെങ്കിലും അത്തരം ലക്ഷ്യം ഇല്ലെന്ന് ഇറാന്‍ ആവര്‍ത്തിച്ചു.

400 കിലോഗ്രാമിലധികം ഉയര്‍ന്ന സമ്പുഷ്ടീകരിച്ച യൂറേനിയം വിദേശത്തേക്ക് മാറ്റുമോയെന്ന ചോദ്യത്തിന് ചര്‍ച്ചകളുടെ പുരോഗതി ആശ്രയിച്ചിരിക്കും എന്നാണ് മന്ത്രി മറുപടി നല്‍കിയത്. 2015ലെ ആണവ കരാറിനിടെ കുറഞ്ഞ സമ്പുഷ്ടീകരണത്തിലുള്ള യൂറേനിയം സ്വീകരിച്ചിരുന്ന റഷ്യ വീണ്ടും ഇത് സ്വീകരിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്.

ആണവ ചര്‍ച്ചകള്‍ ആണവ വിഷയത്തിലേക്ക് മാത്രം പരിമിതപ്പെടുത്തണമെന്നതാണ് ഇറാന്റെ പ്രധാന ആവശ്യം. സീറോ എന്റിച്ച്മെന്റ് ഇനി ചര്‍ച്ചയിലുള്ള വിഷയം അല്ലെന്ന് തഖ്ത്-റവാഞ്ചി പറഞ്ഞു. 

ബാലിസ്റ്റിക് മിസൈല്‍ പദ്ധതി ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തില്ലെന്നും ഇറാന്‍ വ്യക്തമാക്കി. ഇത് ഇസ്രായേലിന്റെ പ്രധാന ആവശ്യമാണെങ്കിലും ഇറാന്‍ അതിനെ തങ്ങളുടെ പ്രതിരോധ ശേഷിയുമായി ബന്ധപ്പെട്ട റെഡ് ലൈന്‍ ആയി കണക്കാക്കുന്നു. തങ്ങളെ ആക്രമിച്ചപ്പോള്‍ മിസൈലുകളാണ് രക്ഷയായതെന്നും പ്രതിരോധ ശേഷി ഉപേക്ഷിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒമാന്റെ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് അല്‍-ബുസൈദിയുടെ ഇടപെടലിലൂടെ സന്ദേശങ്ങള്‍ കൈമാറുന്നുവെന്നും ഖത്തര്‍ ഉള്‍പ്പെടെ മറ്റ് പ്രാദേശിക ശക്തികളും മധ്യസ്ഥ ശ്രമങ്ങളില്‍ പങ്കാളികളാണെന്നും ഉപമന്ത്രി പറഞ്ഞു.

മേഖലയില്‍ യു എസ് സൈനിക സാന്നിധ്യം വര്‍ധിപ്പിച്ചതിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം മറ്റൊരു യുദ്ധം എല്ലാവര്‍ക്കും ദാരുണ അനുഭവമായിരിക്കും എന്ന് മുന്നറിയിപ്പ് നല്‍കി. അമേരിക്കന്‍ സൈനിക താവളങ്ങള്‍ ലക്ഷ്യമാക്കുമെന്ന മുന്നറിയിപ്പും ഇറാന്‍ മുന്‍പ് നല്‍കിയിട്ടുണ്ട്.

യുദ്ധത്തിനെതിരെ മേഖലയില്‍ ഏകകണ്ഠമായ അഭിപ്രായമാണുള്ളതെന്ന് തഖ്ത്-റവാഞ്ചി പറഞ്ഞു. നയതന്ത്രത്തിലൂടെ പ്രശ്‌നപരിഹാരം സാധ്യമാകുമെന്ന പ്രതീക്ഷയോടെയാണ് ജനീവ ചര്‍ച്ചകളിലേക്ക് പോകുന്നതെന്നും തങ്ങള്‍ മികച്ച ശ്രമം നടത്തുമെന്നും മറുവശവും സത്യസന്ധമാണെന്ന് തെളിയിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.