ബംഗ്ലാദേശ് തെരഞ്ഞെടുപ്പ്; 32 മണ്ഡലങ്ങളിലെ ഫലം ചോദ്യം ചെയ്ത് ജമാഅത്തെ ഇസ്ലാമി സഖ്യത്തിന്റെ പരാതി

ബംഗ്ലാദേശ് തെരഞ്ഞെടുപ്പ്; 32 മണ്ഡലങ്ങളിലെ ഫലം ചോദ്യം ചെയ്ത് ജമാഅത്തെ ഇസ്ലാമി സഖ്യത്തിന്റെ പരാതി


ധാക്ക: ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമി നയിക്കുന്ന 11 കക്ഷി സഖ്യം തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ഔദ്യോഗികമായി പരാതി സമര്‍പ്പിച്ചു. 13-ാമത് പൊതുതെരഞ്ഞെടുപ്പില്‍ 32 മണ്ഡലങ്ങളിലെ ഫലങ്ങള്‍ ചോദ്യം ചെയ്ത സഖ്യം വ്യാപകമായ വോട്ടു ക്രമക്കേടുകളും അന്തിമ കണക്കെടുപ്പ് ഷീറ്റുകളില്‍ തിരുത്തലുകളും നടന്നതായും ആരോപണം ഉന്നയിച്ചു.

ഫെബ്രുവരി 16ന് വൈകിട്ട് നാലരയ്ക്ക് ധാക്കയിലെ ബൈത്തുല്‍ മുഖറം നാഷണല്‍ മോസ്‌കിന്റെ വടക്കന്‍ ഗേറ്റില്‍ പ്രതിഷേധ റാലി സംഘടിപ്പിക്കുമെന്ന് സഖ്യം പ്രഖ്യാപിച്ചു.

തരീഖ് റഹ്മാന്‍ നയിക്കുന്ന ബി എന്‍ പി സഖ്യം 300 അംഗ ജാതിയ സങ്സദില്‍ 212 സീറ്റുകളും  ജമാഅത്ത് നേതൃത്വത്തിലുള്ള സഖ്യം 77 സീറ്റുകളുമാണ് നേടിയത്. 

ബി എന്‍ പി നേതാവായിരുന്ന ഖാലിദ സിയയുടെ മകനായ തരീഖ് റഹ്മാന്‍ 17 വര്‍ഷത്തെ ബ്രിട്ടന്‍ പ്രവാസത്തിന് ശേഷം കഴിഞ്ഞ ഡിസംബറിലാണ് ബംഗ്ലാദേശിലേക്ക് മടങ്ങിയെത്തിയത്. 

ജാഗ്രതയുള്ള, സിദ്ധാന്തപരവും സമാധാനപരവുമായ പ്രതിപക്ഷമായി പ്രവര്‍ത്തിക്കുമെന്ന് ശനിയാഴ്ച ജമാഅത്ത് തലവന്‍ ഷഫീഖുര്‍ റഹ്മാന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഞായറാഴ്ച ജമാഅത്ത് നേതാക്കള്‍ ഔദ്യോഗികമായി പരാതി സമര്‍പ്പിക്കുകയായിരുന്നു. 32 മണ്ഡലങ്ങളില്‍ തങ്ങളുടെ സ്ഥാനാര്‍ഥികള്‍ അന്യായമായി തോല്‍പ്പിക്കപ്പെട്ടു എന്ന് കണ്ടെത്തിയതായി മുതിര്‍ന്ന ജമാഅത്ത് നേതാവ് ഹമീദുര്‍ റഹ്മാന്‍ അസാദ് പറഞ്ഞു.

തെരഞ്ഞെടുപ്പ് ദിവസം തുടക്കം സമാധാനപരമായിരുന്നുവെങ്കിലും അവസാനഘട്ടം പ്രതീക്ഷിച്ചതു പോലെ ആയിരുന്നില്ലെന്നും കൃത്രിമ വോട്ടുകള്‍, കള്ളപ്പണം വിതരണം, ഭീഷണി, ആക്രമണം എന്നിവ അന്തരീക്ഷം മലിനമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൊലീസിന്റെ കണക്കുകള്‍ പ്രകാരം പ്രചാരണകാല രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ അഞ്ച് പേര്‍ കൊല്ലപ്പെടുകയും 600-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. വോട്ടെടുപ്പ് ദിവസത്തില്‍ വലിയ അക്രമം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ഫലപ്രഖ്യാപനത്തിനു ശേഷമുള്ള സംഘര്‍ഷങ്ങളില്‍ കുറഞ്ഞത് രണ്ട് പേര്‍ മരിച്ചു.

ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമിയും വിദ്യാര്‍ഥി നേതാക്കള്‍ രൂപീകരിച്ച നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടിയും (എന്‍ സിപ ി) തങ്ങളുടെ അനുയായികള്‍ക്കെതിരെ ആക്രമണങ്ങള്‍ നടന്നതായി ആരോപിച്ചു.