പ്രത്യാക്രമണം ഭയന്ന് വ്യോമാതിര്‍ത്തി അടച്ച് പാക്കിസ്താന്‍; സിന്ധുനദീജല കരാര്‍ മരവിപ്പിക്കുന്നത് ജലയുദ്ധമെന്ന് വിലയിരുത്തല്‍

പ്രത്യാക്രമണം ഭയന്ന് വ്യോമാതിര്‍ത്തി അടച്ച് പാക്കിസ്താന്‍; സിന്ധുനദീജല കരാര്‍ മരവിപ്പിക്കുന്നത് ജലയുദ്ധമെന്ന് വിലയിരുത്തല്‍


ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്താനെതിരെ ഇന്ത്യ കര്‍ശന നടപടികള്‍ കൈക്കൊണ്ടതിനുപിന്നാലെ ഇന്ത്യയെ നേരിടാനുള്ള തന്ത്രം മെനയാന്‍  ദേശീയ സുരക്ഷ സമിതി യോഗം ചേര്‍ന്ന് പാകിസ്താന്‍. പാക് വ്യോമാതിര്‍ത്തി അടയ്ക്കുന്നതിനും ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് അനുമതി നിഷേധിക്കുന്നതിനും പാകിസ്താന്‍ ഭരണകൂടം സുരക്ഷാസമിതി യോഗത്തില്‍ തീരുമാനമെടുത്തതായാണ് വിവരം. 2019 ല്‍ പുല്‍വാമ ആക്രമണത്തിന് ശേഷവും പാകിസ്താന്‍ പാക് വ്യോമപാതയിലൂടെ പറക്കുന്നതിന് ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.

ഇന്ത്യയില്‍ നിന്നുള്ള സൈനികനടപടി ഭയന്നാണ് പാകിസ്താന്റെ നീക്കമെന്നാണ് വിവരം. പുല്‍വാമ ആക്രമണത്തിന് പിന്നാലെ ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ അതിര്‍ത്തി കടന്ന് പാകിസ്താനില്‍ ബോംബിട്ടിരുന്നു. പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ പാകിസ്താനെതിരെ നയതന്ത്ര തലത്തില്‍ കടുത്ത നടപടികളിലേക്കാണ് ഇന്ത്യ നീങ്ങുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷ സംബന്ധിച്ച കാബിനറ്റ് കമ്മിറ്റിയുടെ യോഗത്തിലാണ് സിന്ധു നദീജല കരാര്‍ മരവിപ്പിക്കാന്‍ തീരുമാനിച്ചത്.

സിന്ധുനദീജല കരാര്‍ മരവിപ്പിക്കാനുള്ള തീരുമാനത്തിനെ ജലയുദ്ധമെന്നാണ് പാകിസ്താന്‍ വിശേഷിപ്പിച്ചത്. പാകിസ്താനിലെ കാര്‍ഷിക മേഖലയെ സാരമായി ബാധിക്കുന്ന തീരുമാനമാണ് സിന്ധുനദീജല കരാര്‍ മരവിപ്പിക്കല്‍. ഉറിയിലും പുല്‍വാമയിലും ഭീകരാക്രമണം നടന്നപ്പോള്‍ പോലും ഇന്ത്യ നദീജലക്കരാര്‍ മരവിപ്പിക്കാനുള്ള തീരുമാനമെടുത്തിരുന്നില്ല. ഇന്ത്യ പരോക്ഷമായ ഉപരോധമാണ് പാകിസ്താന് മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പാകിസ്താനുമായുള്ള വ്യാപരവും ഇന്ത്യ നിര്‍ത്തിവെച്ചിരുന്നു. മാത്രമല്ല വാഗ അതിര്‍ത്തി അടയ്ക്കുകയും ചെയ്തു.
നയതന്ത്ര ഇടപെടലുകളിലൂടെ പാക്കിസ്താനെ ലോകത്തിനുമുന്നില്‍ ഒറ്റപ്പെടുത്തുന്നതിനു പുറമെ ഏതെങ്കിലും തരത്തിലുള്ള സൈനിക നീക്കം ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടായേക്കുമെന്ന ഭീതി പാക്കിസ്താനുണ്ട്.
പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താന്‍ സൈന്യം അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്ന് ആളുകളോട് ഒഴിഞ്ഞുപോകാന്‍ പാക് സൈന്യം നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് പുറമെ ഇന്ത്യയില്‍ നിന്നുള്ള വ്യോമാക്രമണം പ്രതീക്ഷിച്ച് തയ്യാറെടുപ്പുകളും നടത്തി. എന്നാല്‍ ഇന്ത്യയുടെ പ്രതികരണം ഏത് രീതിയിലാകുമെന്ന കാര്യത്തില്‍ നിലനില്‍ക്കുന്ന അവ്യക്തത പാക് പ്രതികരണങ്ങളെയും ആശയക്കുഴപ്പത്തിലാക്കുന്നു.

ചൊവ്വാഴ്ച പഹല്‍ഗാമിലെ വിനോദ സഞ്ചാരികള്‍ക്കുനേരെ നടന്ന ഭീകരാക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. ഇരുപതിലധികം പേര്‍ക്ക് ഗുരുതമായിപരിക്കേറ്റു. പാക് ഭീകര സംഘടനയായ ലഷ്‌കര്‍ ഇ ത്വയ്ബയുടെ നിഴല്‍ സംഘടനയായ ദി റെസിസ്റ്റന്‍സ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു.