പട്‌ന: പഹല്‍ഗ്രാം ഭീകരാക്രമണത്തില്‍ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി. ഭീകരാക്രമണം രാജ്യത്തിന്റെ ആത്മാവിനേറ്റ മുറിവെന്ന് പറഞ്ഞ മോഡി, പിന്നില്‍ പ്രവര്‍ത്തിച്ചവരെ വെറുതെ വിടില്ലെന്ന് താക്കീത് നല്‍കി. അവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ശിക്ഷ ഗൗരവമേറിയതും കര്‍ശനവുമായിരിക്കും. ഭീകരര്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിലും അപ്പുറമുള്ള ശിക്ഷ നല്‍കുമെന്നും മോഡി മുന്നറിയിപ്പ് നല്‍കി. ബിഹാറിലെ മധുബനിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
'ഏപ്രില്‍ 22 ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ രാജ്യത്തെ നിരപരാധികളെ ഭീകരര്‍ കൊലപ്പെടുത്തി. ഈ സംഭവത്തിന് ശേഷം രാജ്യം ദുഃഖത്തിലും വേദനയിലുമാണ്. മരിച്ചവരുടെ കുടുംബങ്ങള്‍ക്കൊപ്പം ഞങ്ങള്‍ നിലകൊള്ളുന്നു. ഭീകരരെ വെറുതെ വിടില്ല. അവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ശിക്ഷ ഗൗരവമേറിയതും കര്‍ശനവുമായിരിക്കും. ഭീകരര്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിലും അപ്പുറമുള്ള ശിക്ഷ നല്‍കും. ഭീകരര്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും തക്കശിക്ഷ നല്‍കും' മോഡി പറഞ്ഞു.
ഇന്ന്, ബീഹാറിന്റെ മണ്ണില്‍, ഞാന്‍ മുഴുവന്‍ ലോകത്തോടും പറയുന്നു. ഇന്ത്യ എല്ലാ ഭീകരരെയും അവരെ പിന്തുണയ്ക്കുന്നവരെയും തിരിച്ചറിയുകയും കണ്ടെത്തുകയും ശിക്ഷിക്കുകയും ചെയ്യും. ഭൂമിയുടെ അറ്റം വരെ ഞങ്ങള്‍ അവരെ പിന്തുടരും. ഭീകരവാദം ഇന്ത്യയുടെ ആത്മാവിനെ ഒരിക്കലും തകര്‍ക്കില്ല. ഭീകരവാദം ശിക്ഷിക്കപ്പെടാതെ പോകില്ല. നീതി നടപ്പാക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തും. ഈ ദൃഢനിശ്ചയത്തില്‍ മുഴുവന്‍ രാഷ്ട്രവും ഒന്നാണ്. മനുഷ്യത്വത്തില്‍ വിശ്വസിക്കുന്ന എല്ലാവരും നമ്മോടൊപ്പമുണ്ട്. വിവിധ രാജ്യങ്ങളിലെ ജനങ്ങള്‍ക്കും നമ്മോടൊപ്പം നിന്ന അവരുടെ നേതാക്കള്‍ക്കും ഞാന്‍ നന്ദി പറയുന്നു.' പ്രധാനമമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഭീകരാക്രമണം രാജ്യത്തിന്റെ ആത്മാവിനേറ്റ മുറിവ്; പിന്നില്‍ പ്രവര്‍ത്തിച്ചവരെ വെറുതെ വിടില്ല: മോഡി
