യുഎസ് തീരുവകൾക്കും സംരക്ഷണവാദത്തിനുമെതിരെ ഇന്ത്യ-ഇ.യു വ്യാപാര കരാർ ശക്തമായ സന്ദേശം: യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ആന്റോണിയോ കോസ്റ്റ

യുഎസ് തീരുവകൾക്കും സംരക്ഷണവാദത്തിനുമെതിരെ ഇന്ത്യ-ഇ.യു വ്യാപാര കരാർ ശക്തമായ സന്ദേശം: യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ആന്റോണിയോ കോസ്റ്റ


ന്യൂഡൽഹി:സ്വതന്ത്ര വ്യാപാര കരാർ (FTA) വഴി ഇന്ത്യയും യൂറോപ്യൻ യൂണിയനും ആഗോളതലത്തിൽ സ്ഥിരതയും വിശ്വാസ്യതയും ഉറപ്പാക്കുന്ന ശക്തമായ പങ്കാളികളാകുമെന്ന് യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ആന്റോണിയോ കോസ്റ്റ വ്യക്തമാക്കി. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ മുഖ്യാതിഥിയായി യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉഴ്‌സുല വോൺ ഡെർ ലെയനോടൊപ്പം എത്തിയ കോസ്റ്റ, ചൊവ്വാഴ്ച നടക്കുന്ന ഇന്ത്യ-ഇ.യു ഉച്ചകോടിയിലും പങ്കെടുക്കും.

ആഗോള വ്യാപാര രംഗത്ത് അനിശ്ചിതത്വം വർധിക്കുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യ-ഇ.യു വ്യാപാര കരാർ നിർണായകമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. 'തീരുവകൾക്കുപകരം വ്യാപാര കരാറുകളിലാണ് ഇന്ത്യയും യൂറോപ്യൻ യൂണിയനും വിശ്വസിക്കുന്നതെന്ന ശക്തമായ രാഷ്ട്രീയ സന്ദേശമാണ് ഈ വ്യാപാര കരാർ ലോകത്തിന് നൽകുന്നതെന്ന് ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ കോസ്റ്റ വ്യക്തമാക്കി.

ഉച്ചകോടിയിൽ ഇന്ത്യ-ഇ.യു സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾക്ക് അന്തിമരൂപം നൽകുമെന്നാണ് പ്രതീക്ഷ. ഇതിനൊപ്പം സുരക്ഷ-പ്രതിരോധ പങ്കാളിത്ത കരാറും ഇന്ത്യൻ വിദ്യാർഥികൾക്കും പ്രൊഫഷണലുകൾക്കും ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്ന ഫ്രെയിംവർക്ക് ധാരണയും ഒപ്പുവെക്കും.

ഇന്തോ-പസഫിക് മേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതിനും അറ്റ്‌ലാന്റിക് മുതൽ ഇന്തോ-പസഫിക് വരെ സ്വതന്ത്ര വ്യാപാരം നിലനിർത്തുന്നതിനും ഇന്ത്യ-ഇ.യു പ്രതിരോധ സഹകരണം നിർണായകമാണെന്ന് കോസ്റ്റ പറഞ്ഞു. സൈബർ സുരക്ഷ, ഭീകരവിരുദ്ധ പ്രവർത്തനം, കടൽ സുരക്ഷ എന്നിവയിൽ നിലവിലുള്ള സഹകരണം കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2024ൽ -120 ബില്യൻ യൂറോ മൂല്യമുള്ള ചരക്കുവ്യാപാരത്തോടെ യൂറോപ്യൻ യൂണിയൻ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ്. സേവന വ്യാപാരം 2023ൽ 59.7 ബില്യനിലെത്തി. ഇന്ത്യയിലെ നേരിട്ടുള്ള യൂറോപ്യൻ വിദേശ നിക്ഷേപം 2023ൽ 140.1 ബില്യൻ യൂറോ ആയി ഉയർന്നു.

കരാർ യൂറോപ്യൻ പാർലമെന്റ് അംഗീകരിച്ച ശേഷം പ്രാബല്യത്തിൽ വരാൻ കുറഞ്ഞത് ഒരു വർഷമെങ്കിലും വേണ്ടിവരുമെന്നാണ് വിലയിരുത്തൽ. ഇതോടെ യുഎസ് ഉയർന്ന തീരുവ ചുമത്തിയതിനെ തുടർന്ന് തിരിച്ചടിയേറ്റ ഇന്ത്യൻ വസ്ത്ര-ആഭരണ കയറ്റുമതികൾക്ക് പുതുജീവൻ ലഭിക്കുമെന്നാണ് പ്രതീക്ഷ.

അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ തീരുവ വർധിപ്പിക്കുന്ന സാഹചര്യത്തിൽ ഇന്ത്യ-ഇയു കരാർ ആഗോള വ്യാപാരത്തിനുള്ള 'ജിയോപൊളിറ്റിക്കൽ സ്റ്റാബിലൈസർ' ആകുമെന്നും കോസ്റ്റ പറഞ്ഞു. യുഎസുമായും ഇന്ത്യ ഇരുരാജ്യ വ്യാപാര കരാർ ചർച്ചകൾ തുടരുകയാണ്.