ന്യൂയോര്‍ക്ക്: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് രാജ്യം വിട്ട വജ്രവ്യാപാരി നീരവ് മോഡിയുടെ സഹോദരന് നേഹല്‍ മോഡി അമേരിക്കയില്‍ അറസ്റ്റിലായി. ഇന്ത്യയ്ക്ക് കൈമാറണമെന്ന ആവശ്യം തത്വത്തില്‍ അംഗീകരിക്കപ്പെട്ടതിനാല്‍ ഇന്ത്യയ്ക്ക് വലിയ നയതന്ത്ര വിജയം ലഭിച്ചിരിക്കുകയാണ്.
യുഎസ് നീതിന്യായ വകുപ്പിന്റെ വിവരമനുസരിച്ച്, ബെല്‍ജിയന്‍ പൗരനായ നേഹല്‍ മോഡിയെ ജൂലൈ 4 ന് കസ്റ്റഡിയിലെടുത്തു. യുഎസ് പ്രോസിക്യൂഷന് പരാതി പ്രകാരം, നേഹലിനെതിരെ പിഎംഎല്‍എ സെക്ഷന്‍ 3 പ്രകാരം കള്ളപ്പണം വെളുപ്പിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നിങ്ങനെ രണ്ട് കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
വ്യാജ ലെറ്റര്‍ ഓഫ് അണ്ടര്‍ടേക്കിംഗ് ഉപയോഗിച്ച് പിഎന്‍ബിയില്‍ നിന്ന് ഏകദേശം 13,500 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തിയതിന് നീരവ് മോഡി, അമ്മാവന് മെഹുല്‍ ചോക്സി , നേഹല്‍ എന്നിവരെ സിബിഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) അന്വേഷിക്കുന്നുണ്ട്.
നീരവ് മോഡിയെ ഇന്ത്യയിലേക്ക് കൈമാറുന്നത് യുകെ ഹൈക്കോടതി ഇതിനകം അംഗീകരിച്ചിട്ടുണ്ടെങ്കിലും, നിരവധി അപ്പീലുകള്‍ ഫയല്‍ ചെയ്യുന്നതിനാല്‍ അദ്ദേഹത്തെ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള നടപടിക്രമങ്ങള്‍ വൈകുകയാണ്. ലണ്ടന്‍ ജയിലിലുള്ള നീരവിനെ 2019 ല്‍ പിടികിട്ടാപ്പുള്ളിയായ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ചിരുന്നു.
ഈ വര്‍ഷം ആദ്യം, ഇന്ത്യയുടെ കൈമാറ്റ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് ആന്റ്വെര്പ്പില് വെച്ച് 65 കാരനായ ചോക്സിയെ അറസ്റ്റ് ചെയ്തതായി ബെല്‍ജിയന്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നു. 2018 ല്‍ ഇന്ത്യയില്‍ നിന്ന് പലായനം ചെയ്ത ചോക്സി അന്നുമുതല്‍ ആന്റിഗ്വയിലും ബാര്‍ബുഡയിലും പൗരത്വം നേടി താമസിക്കുകയാണ്.
നേഹല്‍ മോഡിക്കെതിരെയുള്ള കേസുകള്‍
യുകെയില്‍ നിന്ന് നാടുകടത്തല്‍ ഭീഷണി നേരിടുന്ന നീരവ് മോഡിക്കുവേണ്ടി കുറ്റകൃത്യങ്ങളില്‍ നിന്നുള്ള വരുമാനം വെളുപ്പിക്കുന്നതില്‍ നേഹല്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് ഇഡിയും സിബിഐയും നടത്തിയ അന്വേഷണങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്.
കുറ്റകൃത്യത്തിന്റെ വരുമാനം മറച്ചുവെക്കുന്നതിനായി ഷെല്‍ കമ്പനികളുടെ ഒരു ശൃംഖലയിലൂടെയും സങ്കീര്‍ണ്ണമായ വിദേശ ഇടപാടുകളിലൂടെയും വലിയ അളവില്‍ നിയമവിരുദ്ധ ഫണ്ടുകള്‍ മറച്ചുവെക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും അയാള്‍ സഹായിച്ചതായി ആരോപിക്കപ്പെടുന്നു.
കൈമാറല്‍ നടപടികളുടെ അടുത്ത വാദം ജൂലൈ 17 നാണ്. ഈ വാദം കേള്‍ക്കുമ്പോള്‍ നേഹല്‍ ജാമ്യത്തിനായി അപേക്ഷിക്കാന്‍ സാധ്യതയുണ്ട്. അദ്ദേഹത്തിന്റെ അപേക്ഷയെ എതിര്‍ക്കുമെന്ന് യുഎസ് പ്രോസിക്യൂഷന് അറിയിച്ചു.
സാമ്പത്തിക തട്ടിപ്പ് കേസില്‍ രാജ്യം വിട്ട നീരവ് മോഡിയുടെ സഹോദരന് നേഹല്‍ മോഡി അമേരിക്കയില്‍ അറസ്റ്റിലായി
