ബെറെയ്ലി: വിയറ്റ്‌നാം സ്ഥാനപതിയുടെ സെക്രട്ടറി ദീപക്കിന്റെ ഭാര്യയെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ബെറെയ്ലി ജില്ലയിലാണ് സംഭവം. അഞ്ച് ദിവസം മുമ്പായിരുന്നു ഇവരുടെ വിവാഹം. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് യുവതിയുടെ ബന്ധുക്കള്‍ പറയുന്നത്.
ശുചിമുറിയിലുള്ള ഗീസറില്‍ നിന്ന് വിഷവാതകം ശ്വാസിച്ചാകാം പെണ്‍കുട്ടി മരിച്ചതെന്നാണ് ഭര്‍തൃവീട്ടുകാരുടെ വിശദീകരണം. അതേസമയം ശ്വാസം മുട്ടിയല്ല ഇവര്‍ മരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. യഥാര്‍ത്ഥ മരണകാരണം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ വ്യക്തമാകൂ എന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
ബെറെയ്ലിയിലെ ഭോജിപ്പുര പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പിപാല്‍സന ഗ്രാമത്തിലാണ് സംഭവം. മരിച്ച ദാമിനി ബുലന്ദേശ്വര്‍ സ്വദേശിയാണ്. ഈ മാസം 22നായിരുന്നു ദീപക്കുമായുള്ള വിവാഹം. വിരമിച്ച സൈനികന്‍ ജസ്വന്ത് സിങ്ങിന്റെ മകനായ ദീപക് ബെറയ്ലി സ്വദേശിയാണ്. വിയറ്റ്നാം സ്ഥാനപതിയുടെ സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയാണ്. വിവാഹ ശേഷം ദമ്പതിമാര്‍ വധൂഗൃഹം സന്ദര്‍ശിച്ചിട്ടില്ല.
ബുധനാഴ്ച രാവിലെ ദാമിനി കുളിക്കാനായി ശുചിമുറിയിലേക്ക് പോകുകയും ഗീസര്‍ ഓണ്‍ ചെയ്യുകയുമായിരുന്നുവെന്ന് ദീപക്കിന്റെ മാതാപിതാക്കള്‍ പറയുന്നു. വാതകചോര്‍ച്ചയെ തുടര്‍ന്ന് ശ്വാസം മുട്ടി ദാമിനി മരിച്ചതാകാമെന്നും അവര്‍ വിശദീകരിക്കുന്നു.
ദാമിനി കുളിക്കാന്‍ കയറി ഏറെ സമയം കഴിഞ്ഞിട്ടും പുറത്ത് വരാഞ്ഞതിനെ തുടര്‍ന്ന് ദീപക്കും അമ്മയും പുറത്ത് നിന്ന് ഏറെ നേരം വിളിച്ചു. പ്രതികരണം ഉണ്ടായില്ല. അയല്‍ക്കാരുടെ സഹായത്തോടെ ശുചിമുറിയുടെ വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് ദാമിനിയെ നിലത്ത് അബോധാവസ്ഥയില്‍ കണ്ടെത്തിയത്.
ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഇവര്‍ വിയറ്റ്നാമിലേക്ക് പോകാനിരിക്കുകയായിരുന്നു. ദാമിനിയുടെ വിസയടക്കം യാത്രാരേഖകളെല്ലാം ദീപക് ശരിയാക്കിയിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മേല്‍നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് ഇന്‍സ്പെക്ടര്‍ പ്രവീണ്‍ സൊളങ്കി പറഞ്ഞു.
വിയറ്റ്നാം സ്ഥാനപതിയുടെ സെക്രട്ടറി ദീപക്കിന്റെ നവവധു ശുചിമുറിയില്‍ മരിച്ച നിലയില്‍;ദുരൂഹത