ക്രിസ്തുമതത്തില്‍ ജാതിയില്ല ; മതം മാറുന്നവര്‍ക്ക് എസ്‌സി, എസ്ടി സംരക്ഷണ നിയമത്തിന്റെ ആനുകൂല്യം ലഭിക്കില്ല-ആന്ധ്ര ഹൈക്കോടതി

ക്രിസ്തുമതത്തില്‍ ജാതിയില്ല ; മതം മാറുന്നവര്‍ക്ക് എസ്‌സി, എസ്ടി സംരക്ഷണ നിയമത്തിന്റെ ആനുകൂല്യം ലഭിക്കില്ല-ആന്ധ്ര ഹൈക്കോടതി


ഹൈദരാബാദ്: ക്രിസ്തുമതത്തില്‍ ജാതിവ്യവസ്ഥയില്ലെന്ന് ആന്ധ്ര പ്രദേശ് ഹൈക്കോടതി. മതം മാറുന്നവര്‍ക്ക് എസ്‌സി, എസ്ടി സംരക്ഷണ നിയമത്തിന്റെ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയില്ലെന്നും ആന്ധ്ര ഹൈക്കോടതി വ്യക്തമാക്കി. എന്നാല്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുകയും മതാചാര പ്രകാരം ജീവിക്കുകയും ചെയ്യുന്ന ഒരാള്‍ക്ക് പട്ടികജാതി അംഗമായി തുടരാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.

മതം മാറി പാസ്റ്ററായ ഗുണ്ടൂര്‍ സ്വദേശിയായ ചിന്താട ആനന്ദ്, അക്കാല റാമി റെഡ്ഡി എന്നയാള്‍ക്കെതിരെ എസ്‌സി എസ്ടി നിയമ പ്രകാരം നല്‍കിയ കേസില്‍ വാദം കേള്‍ക്കവേയാണ് കോടതിയുടെ പരാമര്‍ശം. എസ്‌സി എസ്ടി നിയമ പ്രകാരം റാമിറെഡ്ഡിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ ജസ്റ്റിസ് ഹരിനാഥ് എന്‍ റദ്ദാക്കുകയും ചെയ്തു.

റാമി റെഡ്ഡിയടക്കമുള്ളവര്‍ ജാതിയുടെ പേരില്‍ വിവേചനം കാണിക്കുന്നുവെന്നായിരുന്നു പാസ്റ്ററുടെ ആരോപണം. തനിക്ക് പട്ടികജാതി സര്‍ട്ടിഫിക്കറ്റ് ഇപ്പോഴും ഉണ്ടെന്നും പരാതിക്കാരന്‍ വാദിച്ചു. എന്നാല്‍ ഈ കേസില്‍ പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയല്‍ നിയമത്തിലെ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്താനാവില്ലെന്നും ക്രിസ്തുമതം സ്വീകരിച്ച ദിവസം മുതല്‍ പട്ടികജാതി വിഭാഗത്തിലെ അംഗമല്ലാതായി മാറി എന്നും കോടതി വിശദീകരിച്ചു.