വഖഫ് നിയമം ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍, ഇടക്കാല വിധി ഉണ്ടായേക്കും

വഖഫ് നിയമം ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍, ഇടക്കാല വിധി ഉണ്ടായേക്കും


ന്യൂഡല്‍ഹി: വഖഫ് (ഭേദഗതി) നിയമത്തിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്യുന്ന ഹര്‍ജികളില്‍ ഇന്ന് ഇടക്കാല വിധിക്ക് സാധ്യത. വഖഫ് നിയമം ചോദ്യം ചെയ്ത് വിവിധ കക്ഷികള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പ്രസ്തുത നിയമത്തിലെ രണ്ട് വ്യവസ്ഥകള്‍ താത്കാലികമായി തടഞ്ഞ് നടപടിക്ക് പിന്നാലെ മൂന്നാഴ്ചകള്‍ക്ക് ശേഷമാണ് വിഷയം വീണ്ടും കോടതി പരിഗണിക്കുന്നത്.

2025 ലെ വഖഫ് ഭേദഗതി നിയമത്തിലെ വ്യവസ്ഥകള്‍ മതപരമായ സ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന ആര്‍ട്ടിക്കിള്‍ 26 ലംഘിക്കുന്നെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് അറിയിക്കാനായിരുന്നു കോടതി സമയം അനുവദിച്ചത്. 2013 ലെ വഖഫ് ഭേദഗതി നിയമത്തിന് ശേഷം രാജ്യത്ത് വഖഫ് ഭൂമി വലിയ തോതില്‍ വര്‍ദ്ധിച്ചുവെന്നായിരുന്നു കേന്ദ്രം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയത്. കഴിഞ്ഞ പതിനൊന്ന് വര്‍ഷത്തിനിടയില്‍ 116 ശതമാനം വര്‍ദ്ധനവ് വഖഫ് ഭൂമിയുടെ കാര്യത്തില്‍ ഉണ്ടായിയെന്നും കേന്ദ്ര സര്‍ക്കാര്‍ ആരോപിക്കുന്നു.

കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ എതിര്‍ത്ത് സമസ്തയും മുസ്ലീം ലീഗും എതിര്‍ സത്യവാങ്ങ്മൂലവും സമര്‍പ്പിച്ചിട്ടുണ്ട്. ഹിന്ദു മതസ്ഥാപനങ്ങളുടെയും സിഖ് മതസ്ഥാപനങ്ങളുടെയും ഭരണത്തിനായി രൂപവത്കരിച്ച നിയമങ്ങളില്‍ നിന്ന് വ്യത്യസ്തമായി വഖഫ് ബോര്‍ഡുകളെ ലക്ഷ്യം വെയ്ക്കുന്നതാണ് പുതിയ വഖഫ് ഭേദഗതി നിയമമെന്ന് മുസ്ലിം ലീഗ ആരോപിച്ചു. കേന്ദ്ര സര്‍ക്കാര്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിന് നല്‍കിയ മറുപടിയില്‍ ആണ് ലീഗ് ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ വഖഫ് ഭേദഗതി നിയമം രാജ്യത്തിന്റെ ഐക്യത്തിനും മതസൗഹാര്‍ദ്ദത്തിനും വലിയ പ്രത്യാഘാതം ഉണ്ടാക്കും എന്നും ലീഗിന്റെ മറുപടി സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പെരുപ്പിച്ച കണക്കാണ് ഫയല്‍ ചെയ്തതെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നിലപാട്.