രാജ്യത്തെ വേദനിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് തിരിച്ചടി നല്‍കേണ്ടത് തന്റെ ഉത്തരവാദിത്വമെന്ന് രാജ്‌നാഥ് സിംഗ്

രാജ്യത്തെ വേദനിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് തിരിച്ചടി നല്‍കേണ്ടത് തന്റെ ഉത്തരവാദിത്വമെന്ന് രാജ്‌നാഥ് സിംഗ്


ന്യൂഡല്‍ഹി: രാജ്യത്തെ വേദനിപ്പിക്കാന്‍ തുനിയുന്നവര്‍ക്ക് തിരിച്ചടി നല്‍കേണ്ടത് തന്റെ ഉത്തരവാദിത്വമാണെന്നു പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. സൈനികര്‍ക്കൊപ്പം പ്രവര്‍ത്തിച്ച് രാജ്യാതിര്‍ത്തിയുടെ സംരക്ഷണം ഉറപ്പാക്കേണ്ടത് പ്രതിരോധ മന്ത്രിയെന്ന നിലയില്‍ തന്റെ ഉത്തരവാദിത്വമാണെന്ന് അദ്ദേഹം പറഞ്ഞു. 

ദുഷ്ടലാക്കോടെ നോക്കുന്നവര്‍ക്ക് ഉചിതമായ മറുപടി നല്‍കുമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എ പി സിങ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കണ്ടതിനു പിന്നാലെയാണ് പ്രതിരോധ മന്ത്രിയുടെ പ്രസ്താവന.

നേരത്തേ നാവികസേനാ മേധാവി അഡ്മിറല്‍ ദിനേശ് കെ ത്രിപാഠിയും കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദിയും പ്രധാനമന്ത്രിയെ കണ്ടിരുന്നു. പഹല്‍ഗാം ആക്രമണത്തിനു ശക്തമായ തിരിച്ചടി നല്‍കുമെന്നും ഇതിനു സമയവും സ്ഥലവും തീരുമാനിക്കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയെന്നും പ്രധാനമന്ത്രി നേരത്തേ പ്രഖ്യാപിച്ചിരുന്നു. ശക്തമായ തിരിച്ചടി നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ആവര്‍ത്തിച്ചു. ഇക്കാര്യത്തില്‍ ഒരു പടി കൂടി കടക്കുന്നതാണു രാജ്‌നാഥിന്റെ പ്രസ്താവന. പഹല്‍ഗാം ആക്രമണത്തിനു പകരം വീട്ടുംവരെ താന്‍ സ്വീകരണ പരിപാടികളില്‍ പങ്കെടുക്കില്ലെന്നും ഒരു ചടങ്ങിലും പൂച്ചെണ്ട് സ്വീകരിക്കില്ലെന്നും കേന്ദ്ര മന്ത്രി സി ആര്‍ പാട്ടീല്‍ പ്രഖ്യാപിച്ചു.

ഇതിനിടെ രാജ്യത്തെ പ്രധാന പ്രതിരോധ ഫാക്ടറികളില്‍ അവധിയിലുള്ള ജീവനക്കാരെ തിരിച്ചുവിളിച്ചു. മധ്യപ്രദേശിലെ ജബല്‍പുരിലുള്ള ഓര്‍ഡനന്‍സ് ഫാക്ടറി ഖമാരിയ, മഹാരാഷ്ട്രയിലെ ചന്ദ്രപുര്‍ ജില്ലയിലുള്ള ഓര്‍ഡനന്‍സ് ഫാക്ടറി തുടങ്ങി വിവിധ ഫാക്ടറികളാണ് ജീവനക്കാരുടെ അവധി റദ്ദാക്കിയത്. രണ്ടു ദിവസത്തിലധികം അവധിയെടുത്ത മുതിര്‍ന്ന ഉദ്യോഗസ്ഥരുള്‍പ്പെടെ എല്ലാവരും അടിയന്തരമായി തിരികെയെത്താനാണു നിര്‍ദേശം.