സിഖ് കൂട്ടക്കൊല ഉൾപ്പെടെ കോൺഗ്രസ് ചെയ്ത പല തെറ്റുകൾക്കും മാപ്പുചോദിക്കുന്നു-രാഹുൽഗാന്ധി

സിഖ് കൂട്ടക്കൊല ഉൾപ്പെടെ കോൺഗ്രസ് ചെയ്ത പല തെറ്റുകൾക്കും മാപ്പുചോദിക്കുന്നു-രാഹുൽഗാന്ധി


ന്യൂഡൽഹി : കോൺഗ്രസ് ചെയ്ത പല തെറ്റുകളുടെയും കാലത്ത് താൻ ഉണ്ടായിരുന്നില്ലെങ്കിലും പാർട്ടി ചരിത്രത്തിൽ നടന്ന എല്ലാറ്റിനും ഉത്തരവാദിത്തമേൽക്കുകയാണെന്ന് രാഹുൽ ഗാന്ധി.

എൺപതുകളിൽ നടന്നത് തെറ്റു തന്നെയാണെന്ന് താൻ പരസ്യമായി സമ്മതിച്ചതാണെന്നും യു.എസിലെ ബ്രൗൺ യൂനിവേഴ്‌സിറ്റിയിലെ വാട്‌സൺ ഇൻസ്റ്റിറ്റിയൂട്ടിൽ വിദ്യാർഥികളുമായി നടന്ന സംവാദത്തിൽ അദ്ദേഹം പറഞ്ഞു. 1984ലെ സിഖ് വിരുദ്ധ കലാപത്തിന്റെ പശ്ചാത്തലത്തിൽ ആ സമുദായവുമായി അടുക്കാൻ നടത്തുന്ന ശ്രമങ്ങളെ കുറിച്ച സിഖ് വിദ്യാർഥിയുടെ ചോദ്യത്തിന് മറുപടിയിലായിരുന്നു ഉത്തരവാദിത്തമേൽക്കൽ.

''സുവർണ ക്ഷേത്രത്തിൽ പലവട്ടം ഞാൻ പോയതാണ്. രാജ്യത്തെ സിഖ് സമുദായവുമായി ഹൃദയപൂർവമായ ബന്ധമാണുള്ളത്. മഹാന്മാരായ രാഷ്ട്രീയചിന്തകരും സാമൂഹിക പരിഷ്‌കർത്താക്കളുമൊന്നും മതഭ്രാന്തരായിരുന്നില്ല. ആളുകളെ കൊല്ലണമെന്നോ അകറ്റണമെന്നോ അടിച്ചമർത്തണമെന്നോ അവർ പറഞ്ഞിരുന്നില്ല.

അതിനാൽതന്നെ ബി.ജെ.പി പറയുന്നതൊന്നും ഹിന്ദു ദർശനത്തിന്റെ ഭാഗമേയല്ല. ഞാൻ മനസ്സിലാക്കുന്ന ഹിന്ദുദർശനം ബഹുസ്വരവും എല്ലാവരെയും ഉൾക്കൊള്ളുന്നതും സ്‌നേഹപൂർണവും സഹിഷ്ണുതയുള്ളതുമാണ്'' ലോക്‌സഭ പ്രതിപക്ഷ നേതാവ് പറഞ്ഞു.

സിഖുകാർക്ക് ടർബനും കടയും ധരിക്കാനും ഗുരുദ്വാരകളിൽ പോകാനുമുള്ള അനുമതിക്കായാണ് ഇന്ത്യയിൽ പോരാട്ടം നടക്കുന്നതെന്ന രാഹുൽ ഗാന്ധിയുടെ മുൻ പരാമർശം ഉദ്ധരിച്ചാണ് സിഖ് വിദ്യാർഥി ചോദ്യമുന്നയിച്ചത്. ബിജെപിയെക്കുറിച്ച് രാഹുൽ ഗാന്ധി സിഖുകാർക്കിടയിൽ ഭയം സൃഷ്ടിക്കുന്നെന്ന് വിദ്യാർത്ഥിപറഞ്ഞു.
'രാഷ്ട്രീയം എങ്ങനെ ഭയരഹിതമായിരിക്കണമെന്ന് നിങ്ങൾ സംസാരിച്ചു. കടകൾ ധരിക്കാനും തലപ്പാവ് കെട്ടാനും മാത്രമല്ല ഞങ്ങൾ ആഗ്രഹിക്കുന്നത്.അഭിപ്രായ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നു. ഇത് കോൺഗ്രസ് പാർട്ടിയുടെ കീഴിൽ മുമ്പ് അനുവദിച്ചിട്ടില്ല,' വിദ്യാർത്ഥി രാഹുലിനോട് പറഞ്ഞു. കലാപത്തിനിടെ സരസ്വതി വിഹാർ പ്രദേശത്ത് അച്ഛനെയും മകനെയും കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട  സജ്ജൻ കുമാറിനെ പോലുള്ള കോൺഗ്രസ് നേതാക്കളെ പാർട്ടി എന്തിനാണ് സംരക്ഷിക്കുന്നതെന്നും വിദ്യാർത്ഥി ചോദിച്ചു. സജ്ജൻ കുമാറിനെപ്പോലുള്ള നിരവധി പേർ നിലവിൽ കോൺഗ്രസ് പാർട്ടിയിലുണ്ടെന്നും തെറ്റുകൾ അംഗീകരിക്കാൻ കോൺഗ്രസിന് പക്വതയില്ലെന്നും വിദ്യാർത്ഥി പറഞ്ഞു.

ബിജെപി ഭരണത്തിൽ ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തിന്റെ അവസ്ഥയെയാണ് താൻ ചോദ്യം ചെയ്‌തെന്ന് മറുപടിയായി രാഹുൽ ഗാന്ധിപറഞ്ഞു. ആളുകൾക്ക് അവരുടെ മതം പ്രകടിപ്പിക്കാൻ അസ്വസ്ഥതയുള്ള ഒരു ഇന്ത്യ നമുക്ക് വേണോ എന്നതായിരുന്നു എന്റെ പ്രസ്താവന. കോൺഗ്രസ് പാർട്ടിയുടെ തെറ്റുകൾ സംബന്ധിച്ചിടത്തോളം, അവയിൽ പലതും ഞാൻ അവിടെ ഇല്ലാതിരുന്നപ്പോൾ സംഭവിച്ചതാണ്, പക്ഷേ കോൺഗ്രസ് പാർട്ടി അതിന്റെ ചരിത്രത്തിൽ ഇതുവരെ ചെയ്ത എല്ലാ തെറ്റുകളുടെയും ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. എൺപതുകളിൽ സംഭവിച്ചത് തെറ്റാണെന്ന് ഞാൻ പരസ്യമായി പറഞ്ഞിട്ടുണ്ട്. നിരവധി തവണ സുവർണ്ണ ക്ഷേത്രത്തിൽ പോയിട്ടുണ്ടെന്നും ഇന്ത്യയിലെ സിഖ് സമൂഹവുമായി വളരെ നല്ല ബന്ധമുണ്ടെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

ബ്രൗൺ യൂണിവേഴ്‌സിറ്റിയിലെ സക്‌സേന സെന്റർ ഫോർ കണ്ടംപററി സൗത്ത് ഏഷ്യയുടെ ഡയറക്ടർ അശുതോഷ് വർഷ്‌നി മോഡറേറ്ററായ സെഷന്റെ വീഡിയോ വാട്‌സൺ ഇൻസ്റ്റിറ്റിയൂട്ട് ഫോർ ഇന്റർനാഷണൽ ആൻഡ് പബ്ലിക് അഫയേഴ്‌സ് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്‌തോടെയാണ്  വൈറലായത്.