പഹല്‍ഗഹാമില്‍ സുരക്ഷ വീഴ്ചയുണ്ടായെന്ന് സര്‍വകക്ഷി യോഗത്തില്‍ പ്രതിപക്ഷം; പ്രധാനമന്ത്രി എത്താതിരുന്നതില്‍ രോഷം

പഹല്‍ഗഹാമില്‍ സുരക്ഷ വീഴ്ചയുണ്ടായെന്ന് സര്‍വകക്ഷി യോഗത്തില്‍ പ്രതിപക്ഷം; പ്രധാനമന്ത്രി എത്താതിരുന്നതില്‍ രോഷം


ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണ പശ്ചാത്തലത്തില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ സുരക്ഷ വീഴ്ച ആരോപിച്ച് പ്രതിപക്ഷം. പഹല്‍ഗാമില്‍ എന്തുകൊണ്ടാണ് സിആര്‍പിഎഫ് ഇല്ലാതിരുന്നതെന്ന് എഐഎംഐഎ നേതാവ് അസദുദീന്‍ ഒവൈസി ചോദ്യമുന്നയിച്ചു. വെടിവെപ്പ് ഉണ്ടായി ഒരു മണിക്കൂറിന് ശേഷമാണ് സുരക്ഷാ സേന എത്തിയതെന്നും ഇത് സുരക്ഷാ വീഴ്ചയെയാണ് സൂചിപ്പിക്കുന്നത് എന്നും ഒവൈസി ചൂണ്ടിക്കാട്ടി. ഒവൈസിയെ കൂടാതെ സുരക്ഷാ വീഴ്ച ഉന്നയിച്ചെന്ന് ആം ആദ്മി പാര്‍ട്ടിയും തൃണമൂല്‍ കോണ്‍ഗ്രസും അറിയിച്ചു.

യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കാത്തതില്‍ പ്രതിപക്ഷം രൂക്ഷ വിമര്‍ശനമുന്നയിച്ചു. പ്രധാനമന്ത്രി പങ്കെടുക്കണണമായിരുന്നു എന്നും അവര്‍ ആവശ്യപ്പെട്ടു. ഭീകര പ്രവത്തനങ്ങള്‍ നേരിടാന്‍ രാജ്യം ഒറ്റക്കെട്ടെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു അറിയിച്ചു. ഇതിനായുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്തുണ അറിയിച്ചുവെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു. ഭീകര പ്രവര്‍ത്തനം നേരിടാന്‍ സര്‍ക്കാര്‍ എടുക്കുന്ന എല്ലാ തീരുമാനങ്ങള്‍ക്കും പിന്തുണ അറിയിച്ചതായി പ്രതിപക്ഷ നേതാവ് മല്ലികാജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും വ്യക്തമാക്കി.
പഹല്‍ഗാമിലേത് ഭാരതീയരുടെ ആത്മാവിന് നേരെ ഉണ്ടായ ആക്രമണമെന്ന് എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രതികരണം. എല്ലാ ഭീകരരെയും പിന്തുടര്‍ന്ന് ചെന്ന് ശിക്ഷിക്കുമെന്നും ആ ശിക്ഷ അവര്‍ക്ക് സ്വപ്‌നത്തില്‍ പോലും കാണാന്‍ പറ്റില്ലെന്നും മോഡി പറഞ്ഞിരുന്നു. ലോക നേതാക്കളും സിനിമാ പ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളുമടക്കം നിരവധി പേരാണ് ഭീകരാക്രമണത്തെ അപലപിച്ചു കൊണ്ട് രംഗത്തെത്തിയത്.

ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെതിരെ ഇന്ത്യ നടപടി കടുപ്പിച്ചിരുന്നു. ദശാബ്ദങ്ങള്‍ പഴക്കമുള്ള സിന്ധു നദീജല കരാര്‍ റദ്ദാക്കിയതാണ് അതില്‍ ഏറ്റവും നിര്‍ണായകമായ നീക്കം. കരാര്‍ റദ്ദാക്കിയതോടെ പാക് കിഴക്കന്‍ മേഖലയിലെ ജല ലഭ്യതയെ ഇത് പൂര്‍ണമായി ബാധിക്കും. കരാറില്‍ നിന്നുള്ള ഇന്ത്യയുടെ പിന്മാറ്റം പാകിസ്താന് നല്‍കുക ദൂരവ്യാപക പ്രതിസന്ധിയാണ്. ഭീകരാക്രമണത്തിന് അതിര്‍ത്തി കടന്നുള്ള പിന്തുണ ലഭിച്ചിട്ടുണ്ടെന്ന വിലയിരുത്തലിലും, സമീപകാലത്ത് പാക് പ്രകോപനം കൂടി വരുന്ന പശ്ചാത്തലത്തിലും കൂടിയാണ് ഈ കടുത്ത നീക്കം. കൂടാതെ പാകിസ്താനികള്‍ക്ക് ഇനി വിസ നല്‍കില്ലെന്നും ഇന്ത്യ അറിയിച്ചിരുന്നു.

ഇന്ത്യയുടെ നീക്കത്തിന് പിന്നാലെ വാഗാ ബോര്‍ഡറിലെ ബീറ്റിങ് ദ റിട്രീറ്റ് ചടങ്ങ് നിര്‍ത്താന്‍ ആലോചനയുണ്ടെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. വാഗാ അതിര്‍ത്തിയും വ്യോമപാതയും അടച്ചു കൊണ്ടാണ് പാകിസ്താന്‍ മറുപടി അറിയിച്ചത്. പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് പാകിസ്താന്‍ നടപടിയെടുത്തത്. ഇന്ത്യയുടെ നയതന്ത്ര തിരിച്ചടിയോടുള്ള പ്രതികരണമായിട്ടാണ് ഈ നീക്കം.

28 പേരാണ് പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ലഷ്‌കര്‍ ഇ തൊയ്ബയുടെ പ്രാദേശിക വിഭാഗമായ ദി റസിസ്റ്റന്‍സ് ഫ്രണ്ട് എന്ന സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. ഭീകരാക്രമണത്തിന് പിന്നിലെ മുഖ്യസൂത്രധാരന്‍ സൈഫുള്ള കസൂരിയെന്ന റിപ്പോര്‍ട്ടും പുറത്ത് വരുന്നുണ്ട്. രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തെ തുടര്‍ന്ന് രാജ്യത്തൊട്ടാകെ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ആക്രമണത്തിന് പിന്നിലെ ഭീകരെ കണ്ടെത്തുന്നതിനായി സൈന്യം തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്.