സിയാറ്റില്‍ : അനധികൃത മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ പൗരനെ അഞ്ച് മാസം തടവിന് ശിക്ഷിച്ച് സിയാറ്റില്‍ യുഎസ് ഡിസ്ട്രിക്റ്റ് കോടതി. കാനഡയിലെ ബ്രിട്ടിഷ് കൊളംബിയയില്‍ നിന്നും യുഎസിലേക്ക് അനധികൃതമായി എട്ട് ഇന്ത്യന്‍ പൗരന്മാരെ കടത്താന്‍ സഹായിച്ച ഇന്ത്യക്കാരനായ രജത് (27) നെയാണ് ശിക്ഷിച്ചത്. 2023 അവസാനത്തോടെ പീസ് ആര്‍ച്ച് ബോര്‍ഡര്‍ ക്രോസിങ്ങില്‍ നടന്ന രണ്ട് മനുഷ്യക്കടത്ത് കേസുകളുമായി രജത് ബന്ധപ്പെട്ടിരുന്നതായി സിയാറ്റില്‍ യുഎസ് ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫീസില്‍ നിന്നുള്ള പ്രസ്താവനയില്‍ പറയുന്നു.
നവംബര്‍ 27ന് പീസ് ആര്‍ച്ച് ക്രോസിങ്ങില്‍ നിന്ന് ഏകദേശം 400 മീറ്റര്‍ അകലെയുള്ള ബ്ലെയ്‌നിലെ ബൗണ്ടറി വില്ലേജ് അപ്പാര്‍ട്ട്‌മെന്റിന് സമീപം അഞ്ചുപേര്‍ വേലി ചാടുന്നതും തുടര്‍ന്ന് വെളുത്ത മിനിവാനില്‍ കയറുന്നതും നിരീക്ഷണ വിഡിയോയില്‍ കണ്ടെത്തിയതായി അധികൃതര്‍ പറയുന്നു. യുഎസ് അതിര്‍ത്തി ഉദ്യോഗസ്ഥര്‍ വാന്‍ തടഞ്ഞുനിര്‍ത്തി അഞ്ച് ഇന്ത്യന്‍ പൗരന്മാരെയും കാലിഫോര്‍ണിയക്കാരനായ വാന്‍ഡ്രൈവര്‍ ബോബി ജോ ഗ്രീന്‍ (68)യെയും അറസ്റ്റ് ചെയ്തു. അനധികൃതമായി അതിര്‍ത്തി കടക്കാന്‍ രജത് സഹായിച്ചതായി മൂന്ന് ഇന്ത്യന്‍ പൗരന്മാര്‍ മൊഴി നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ഇവരില്‍ നിന്നും രജത് പണം ഈടാക്കുകയും അവരെ അതിര്‍ത്തിയില്‍ നിന്ന് കൊണ്ടുപോകാന്‍ മിനിവാന്‍ ഡ്രൈവര്‍ക്ക് പണം നല്‍കുകയും ചെയ്തതായി അധികൃതര്‍ വെളിപ്പെടുത്തി.
അടുത്ത മാസം മൂന്ന് ഇന്ത്യന്‍ പൗരന്മാരെ കൂടി പീസ് ആര്‍ച്ച് പാര്‍ക്കിലൂടെ അതിര്‍ത്തി കടത്താന്‍ രജത് ശ്രമിച്ചു. ഇവരോടും അതിര്‍ത്തി കടന്ന് അമേരിക്കന്‍ ഭാഗത്ത് കാത്തുനില്‍ക്കുന്ന കാറില്‍ കയറാന്‍ നിര്‍ദ്ദേശിച്ചതായി യുഎസ് അറ്റോര്‍ണി ഓഫീസ് പറയുന്നു. യുഎസ് അതിര്‍ത്തി ഉദ്യോഗസ്ഥര്‍ കാര്‍ തടഞ്ഞുനിര്‍ത്തി തിരച്ചില്‍ നടത്തുകയും അനധികൃത കുടിയേറ്റക്കാരെ പിടികൂടുകയും ചെയ്തു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ അതിര്‍ത്തിക്ക് സമീപത്ത് നിന്നും രജതിനെ അറസ്റ്റ് ചെയ്തു. കാലിഫോര്‍ണിയയില്‍ താമസിച്ചിരുന്ന രജതിനെ നാടുകടത്താന്‍ സാധ്യതയുണ്ടെന്ന് അറ്റോര്‍ണി ഓഫീസ് അറിയിച്ചു.
കള്ളക്കടത്ത് ഓപ്പറേഷനിലെ സഹ ഗൂഢാലോചനക്കാരനായ സുശീല്‍ കുമാറിനെ (36) മാര്‍ച്ചില്‍ ആറ് മാസത്തെ തടവിനും മിനിവാന്‍ ഡ്രൈവറായ ബോബി ജോ ഗ്രീനിനെ നാല് മാസത്തെ തടവിനും ശിക്ഷിച്ചിരുന്നു. നാലാംപ്രതി സ്റ്റുഡന്റ് വിസയില്‍ അമേരിക്കയിലുള്ള 20 വയസ്സുള്ള ഇന്ത്യന്‍ യുവതിയുടെ വിചാരണ അടുത്ത വര്‍ഷം ആദ്യം നടക്കുമെന്ന് പ്രതീക്ഷിക്കുന്നു.
അനധികൃത മനുഷ്യക്കടത്ത് ഇന്ത്യന്‍ പൗരന് യുഎസ് കോടതി അഞ്ച് മാസം തടവ് ശിക്ഷ വിധിച്ചു
