ഭീകരര്‍ കൊലപ്പെടുത്തിയ എന്‍. രാമചന്ദ്രന്റെ സംസ്‌കാരം ഇന്ന്; ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ പൊതുദര്‍ശനം

ഭീകരര്‍ കൊലപ്പെടുത്തിയ എന്‍. രാമചന്ദ്രന്റെ സംസ്‌കാരം ഇന്ന്; ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ പൊതുദര്‍ശനം


കൊച്ചി: പഹല്‍ഗാമില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി എന്‍. രാമചന്ദ്രന്റെ സംസ്‌കാരം ഇന്ന്. ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കിലാണ് പൊതുദര്‍ശനം. തുടര്‍ന്ന് 11 ന് ഇടപ്പള്ളി പൊതുശ്മശാനത്തില്‍ സംസ്‌കാര ചടങ്ങ്. ബുധനാഴ്ച രാത്രിയാണ് രാമചന്ദ്രന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചത്.

ഭാര്യ ഷീലയ്ക്കും മകള്‍ ആരതിക്കും മകളുടെ ഇരട്ടക്കുട്ടികള്‍ക്കും ഒപ്പമായിരുന്നു രാമചന്ദ്രന്റെ കാശ്മീര്‍ യാത്ര. ദുബായില്‍ ജോലി ചെയ്തിരുന്ന മകള്‍ നാട്ടിലെത്തിയത് കഴിഞ്ഞ ദിവസമാണ്. ഹൈദരാബാദ് വഴിയാണ് രാമചന്ദ്രനും കുടുംബവും കാശ്മീരില്‍ എത്തിയത്. ചൊവ്വാഴ്ച വൈകീട്ടോടെയാണ് രാമചന്ദ്രന്‍ കൊല്ലപ്പെട്ട വിവരം ബന്ധുക്കള്‍ അറിയുന്നത്. മകള്‍ അമ്മുവാണ് നാട്ടിലേക്ക് വിളിച്ച് ദുരന്തവാര്‍ത്ത അറിയിച്ചത്.

ചൊവ്വാഴ്ച പഹല്‍ഗാവിലെ കാഴ്ചകള്‍ കണ്ട് നടക്കവെ മകള്‍ക്കും ചെറുമക്കള്‍ക്കും മുന്നില്‍ വെച്ച് തന്നെ 67കാരന് നേരെ ഭീകരര്‍ നിറയൊഴിക്കുകയായിരുന്നു. ഹൃദയസംബന്ധമായ അസുഖം ഉള്ളതിനാല്‍ ഭാര്യ ഇവരോടൊപ്പം പോകാതെ ഹോട്ടല്‍ മുറിയില്‍ തന്നെ തുടരുകയായിരുന്നു. പ്രവാസിയായിരുന്ന രാമചന്ദ്രന്‍ ജോലി നിര്‍ത്തി നാട്ടില്‍ സ്ഥിരമായത് രണ്ട് വര്‍ഷം മുന്‍പാണ്. സാമൂഹിക രാഷ്ട്രീയ മേഖലകളിലെ നിറസാന്നിധ്യമായിരുന്ന അദ്ദേഹം എല്ലാവരോടും അടുത്ത സൗഹൃദമാണ് പുലര്‍ത്തിയിരുന്നത്.

28 പേരാണ് പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ലഷ്‌കര്‍ ഇ തൊയ്ബയുടെ പ്രാദേശിക വിഭാഗമായ ദി റസിസ്റ്റന്‍സ് ഫ്രണ്ട് എന്ന സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. ഭീകരാക്രമണത്തിന് പിന്നിലെ മുഖ്യസൂത്രധാരന്‍ സൈഫുള്ള കസൂരിയെന്ന റിപ്പോര്‍ട്ടും പുറത്ത് വരുന്നുണ്ട്. രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തെ തുടര്‍ന്ന് രാജ്യത്തൊട്ടാകെ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ആക്രമണത്തിന് പിന്നിലെ ഭീകരെ കണ്ടെത്തുന്നതിനായി സൈന്യം തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്‌