ന്യൂഡല്‍ഹി: സിന്ധു നിദിയില്‍ വെള്ളമൊഴുകിയില്ലെങ്കില്‍ ഇന്ത്യക്കാരുടെ രക്തമൊഴുകും എന്ന പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവ് ബിലാവല്‍ ഭൂട്ടോ സര്‍ദാരിയുടെ ഭീഷണിക്ക് പ്രതികരണവുമായി എഐഎംഐഎം നേതാവും എം പിയുമായ അസദുദ്ദീന്‍ ഉവൈസി.
ബിലാവലിന്റെ അമ്മയും പാക്കിസ്ഥാന്റെ മുന്‍ പ്രധാനമന്ത്രിയുമായ ബേനസീര്‍ ഭൂട്ടോയെ കൊലപ്പെടുത്തിയത് ആരാണെന്ന് ഓര്‍ക്കണമെന്നും ബിലാവലിന്റെ മുത്തച്ഛനും പാക്കിസ്ഥാന്റെ മുന്‍ പ്രസിഡന്റുമായ സുല്‍ഫിക്കര്‍ അലി ഭൂട്ടോയെ കൊന്നതാരാണെന്ന് ഓര്‍ക്കണമെന്നും ഉവൈസി പറഞ്ഞു.
2023 വരെ പാക്കിസ്ഥാന്റെ വിദേശകാര്യ മന്ത്രിയായിരുന്ന ബിലാവല്‍ ഭൂട്ടോ ഇപ്പോഴും ഭരണ മുന്നണിയുടെ ഭാഗമാണ്. പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ സിന്ധു നദീജല കരാര്‍ മരവിപ്പിക്കാന്‍ ഇന്ത്യ തീരുമാനിച്ചതോടെയാണ് ബിലാവല്‍ വിവാദ പ്രസ്താവന നടത്തിയത്.
ബാലിശമായ വാക്കുകളാണ് ബിലാവല്‍ പറഞ്ഞതെന്നും ഭീകരരാണ് ബിലാവലിന്റെ അമ്മയെ കൊലപ്പെടുത്തിയതെന്നും ഉവൈസി പറഞ്ഞു. അയാള്‍ ഇത്തരത്തിലൊന്നും സംസാരിക്കരുതെന്നും എന്തിനെക്കുറിച്ചാണ് സംസാരിക്കുന്നതെങ്കിലും അമേരിക്കയില്‍നിന്നു വല്ലതും കിട്ടിയില്ലെങ്കില്‍ മുന്നോട്ടു ചലിക്കാത്ത രാജ്യമാണ് ഇന്ത്യയെ നോക്കി പേടിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നും ഉവൈസി കൂട്ടിച്ചേര്‍ത്തു.
പാക്കിസ്ഥാന്‍ നേതാക്കള്‍ ഉയര്‍ത്തിയ ആണവായുധ ഭീഷണിയെക്കുറിച്ചും ഉവൈസി പ്രതികരിച്ചു. ഒരു രാജ്യത്ത് അതിക്രമിച്ചു കയറി നിഷ്‌കളങ്കരായ സിവിലിയന്‍മാരെ കൂട്ടക്കൊല ചെയ്താല്‍ ലോകത്തൊരു രാജ്യവും വെറുതേയിരിക്കില്ലെന്നും അധികാരത്തിലിരിക്കുന്നത് ആരായാലും അതിനു മറുപടിയുണ്ടാകുമെന്നും വിശദമാക്കി. ഇന്ത്യയെ ആക്രമിച്ച രീതി, ആളുകളോട് മതം ചോദിച്ച ശേഷം വെടിവച്ച രീതി എന്നിവ ചൂണ്ടിക്കാട്ടിയ ഉവൈസി ഏതു മതത്തെ കുറിച്ചാണ് നിങ്ങള്‍ സംസാരിക്കുന്നതെന്നും ഐഎസ് അനുകൂലികളാണ് പാകിസ്താനെന്നും ഉവൈസി പറഞ്ഞു.