ഒട്ടാവ: കാനഡ പാര്‍ലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി മാര്‍ക് കാര്‍ണിയുടെ നേതൃത്വത്തിലുള്ള ലിബറല്‍ പാര്‍ട്ടി മൂന്നാം തവണയും അധികാരത്തില്‍. 343 സീറ്റുകളില്‍ 167 സീറ്റുകളില്‍ ജയം തേടിയാണ് ഭരണം ഉറപ്പിച്ചത്. ട്രംപിന്റെ ചതിക്ക് ജനം നല്‍കിയ മറുപടിയാണ് വിജയമെന്ന് മാര്‍ക് കാര്‍ണി ഫലം പുറത്തുവന്നതിന് പിന്നാലെ പറഞ്ഞു.
കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് പിയറി പോളിവെര്‍ പരാജയം അംഗീകരിക്കുകയും പ്രധാനമന്ത്രി മാര്‍ക് കാര്‍ണിയെ അഭിനന്ദിക്കുകയും ചെയ്തു. 147 സീറ്റുകളാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ലഭിച്ചത്. ബ്ലോക്ക് ക്യൂബെക്കോയിസ് 23 സീറ്റുകളില്‍ മുന്നേറുമ്പോള്‍ ജഗ്മീത് സിങിന്റെ ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് കാര്യമായ മുന്നേറ്റം ഉണ്ടാക്കാനായില്ല. ബേര്‍ണബേ സെന്‍ട്രല്‍ സീറ്റില്‍ ലിബറല്‍ സ്ഥാനാര്‍ഥി വേഡ് ചാങ്ങിനോട് ജഗ്മീത് സിങ് പരാജയപ്പെട്ടു. സിങ്ങിന് 27.3 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ ചാങ് 40 ശതമാനത്തില്‍ അധികം വോട്ട് നേടി. പ്രധാനമന്ത്രി കാര്‍ണിയെ ജഗ്മീത് സിങ് അഭിനന്ദിച്ചു.
തെരഞ്ഞെടുപ്പ് പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഖലിസ്ഥാന്‍ അനുകൂല നേതാവായി അറിയപ്പെടുന്ന ജഗ്മീത് സിങ് എന്‍ഡിപി നേതൃപദവിയില്‍ നിന്ന് രാജിവച്ചു. എട്ടു വര്‍ഷത്തെ നേതൃത്വത്തിനു ശേഷമാണ് സിങ് പാര്‍ട്ടി മേധാവി സ്ഥാനം ഒഴിയുന്നത്.എന്‍ഡിപിക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും കനേഡിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്‍ഡിപിക്ക് കൂടുതല്‍ സീറ്റ് നേടാന്‍ കഴിയാത്തതില്‍ എനിക്ക് നിരാശയുണ്ടെന്ന് ജഗ്മീത് സിങ് പറഞ്ഞു.
'ന്യൂ ഡെമോക്രാറ്റിക്കിന് ഇന്ന് നിരാശയുടെ ദിവസമാണ്. എന്നാല്‍ നല്ലൊരു കാനഡയെക്കുറിച്ച് സ്വപ്‌നം കാണാനാവില്ലെന്നു പറയുന്നതു വിശ്വസിക്കുമ്പോള്‍ മാത്രമാണു നമ്മള്‍ പരാജയപ്പെടുന്നത്. കൂടുതല്‍ സീറ്റുകളില്‍ എന്‍ഡിപിക്ക് വിജയിക്കാന്‍ കഴിയാത്തതില്‍ നിരാശയുണ്ട്. പക്ഷേ പാര്‍ട്ടിയെ കുറിച്ച് നിരാശയില്ല. ഈ പാര്‍ട്ടിയില്‍ എനിക്ക് പ്രതീക്ഷയുണ്ട്. ഭയത്തിനു മുകളില്‍ പ്രതീക്ഷയെ നാം തെരഞ്ഞെടുക്കും. ഈ രാജ്യത്തെ നിര്‍മിച്ചത് ന്യൂ ഡെമോക്രാറ്റുകളാണ്. ഞങ്ങള്‍ എവിടെയും പോകുന്നില്ല' ജഗ്മീത് സിങ് എക്‌സില്‍ കുറിച്ചു.
