കൊളംബോ: ത്രിരാഷ്ട്ര വനിതാ ഏകദിന ക്രിക്കറ്റ് പരമ്പരയില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഇന്ത്യക്ക് ജയം. ആദ്യ മത്സരത്തില്‍ ആതിഥേയരായ ശ്രീലങ്കയെ ഒമ്പത് വിക്കറ്റിന് കീഴടക്കിയ ഇന്ത്യ രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 15 റണ്‍സിനും മറികടന്നു. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് ബാറ്റിങ്ങാണ് തെരഞ്ഞെടുത്തത്. നിശ്ചിത 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 276 റണ്‍സും നേടി. ദക്ഷിണാഫ്രിക്ക 49.2 ഓവറില്‍ 261 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു.
ഓപ്പണര്‍ പ്രതീക റാവല്‍ ഒരിക്കല്‍ക്കൂടി ഇന്ത്യക്ക് ഉറച്ച തുടക്കം നല്‍കി. എട്ട് അന്താരാഷ്ട്ര മത്സരം മാത്രം കളിച്ച പ്രതീക കരിയറിലെ ആറാം അര്‍ധ സെഞ്ചുറിയാണ് ഈ മത്സരത്തില്‍ സ്വന്തമാക്കിയത്. 91 പന്ത് നേരിട്ട പ്രതീക ഒരു സിക്‌സും ഏഴ് ഫോറും സഹിതം 76 റണ്‍സെടുത്തു. വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ഥനയുമൊത്ത് (54 പന്തില്‍ 36) പ്രതീക 83 റണ്‍സിന്റെ ഓപ്പണിങ് സഖ്യത്തിലും പങ്കാളിയായി. തുടര്‍ന്നെത്തിയ ഹര്‍ലീന്‍ ഡിയോള്‍ (29), ഹര്‍മന്‍പ്രീത് കൗര്‍ (41 നോട്ടൗട്ട്), ജമീമ റോഡ്രിഗ്‌സ് (41), റിച്ച ഘോഷ് (24) എന്നിവരും മോശമല്ലാത്ത പ്രകടനം പുറത്തെടുത്തു.
മറുപടി ബാറ്റിങ്ങില്‍ തകര്‍പ്പന്‍ തുടക്കമാണ് ദക്ഷിണാഫ്രിക്കയ്ക്ക് ലഭിച്ചത്. ഓപ്പണര്‍ തസ്മിന്‍ ബ്രിറ്റ്‌സും ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ട്ടും ചേര്‍ന്ന് 140 റണ്‍സ് ഒന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍, 43 റണ്‍സെടുത്ത ലോറയെ ദീപ്തി ശര്‍മ വിക്കറ്റിനു മുന്നില്‍ കുടുക്കിയതോടെ കൂട്ടത്തകര്‍ച്ചയായി.
തസ്മിന്‍ 107 പന്തില്‍ 109 റണ്‍സെടുത്തെങ്കിലും തുടര്‍ന്നങ്ങോട്ട് സ്‌നേഹ് റാണയുടെ ഓഫ് സ്പിന്നിനു മുന്നില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു.
പത്തോവറില്‍ 43 റണ്‍സ് വഴങ്ങ് അഞ്ച് ദക്ഷിണാഫ്രിക്കന്‍ വിക്കറ്റുകള്‍ പിഴുത സ്‌നേഹ് തന്നെയാണ് പ്ലെയര്‍ ഒഫ് ദ മാച്ച്. ദീപ്തിയെ കൂടാതെ ശ്രീചരണിയും അരുന്ധതി റെഡ്ഡിയും ഓരോ വിക്കറ്റ് സ്വന്തമാക്കി.