ന്യൂഡല്‍ഹി: പെഹല്‍ഗാം ഭീകരാക്രമണത്തിന്റ പശ്ചാത്തലത്തില്‍ ഐക്യരാഷ്ട്രസഭയില്‍ പാകിസ്താനെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യ. ഭീകരര്‍ക്ക് സഹായം നല്‍കിയെന്ന പാക് പ്രതിരോധമന്ത്രിയുടെ പ്രസ്താവന ചൂണ്ടിക്കാണിച്ചാണ് ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായ യോജ്‌ന പട്ടേലിന്റെ വിമര്‍ശനം.
ഭീകരരെ സഹായിച്ചു എന്ന പാകിസ്താന്റെ കുറ്റസമ്മതത്തില്‍ അതിശയമില്ലെന്നും പാകിസ്താന്‍ 'തെമ്മാടി രാഷ്ട്രം' ആണെന്നും ഇന്ത്യ പറഞ്ഞു. സ്‌കൈ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പാകിസ്താന്‍ തീവ്രവാദികള്‍ക്ക് പരിശീലനം നല്‍കുകയും ധനസഹായം നല്‍കുകയും ചെയ്യുന്നുണ്ടെന്ന് പാകിസ്താന്‍ പ്രതിരോധ മന്ത്രി ഖവാജ ആസിഫ് കുറ്റസമ്മതം നടത്തിയിരുന്നു. ഈ കുറ്റസമ്മതം അതിശയിപ്പിക്കുന്നതല്ലെന്നും ആഗോള ഭീകരതയ്ക്ക് ഇന്ധനം നല്‍കുന്ന ഒരു 'തെമ്മാടി രാഷ്ട്ര'മാണ് പാകിസ്താനെന്ന് തുറന്നുകാട്ടുന്നതാണിതെന്നും ഇന്ത്യ വിമര്‍ശിച്ചു.
'ഒരു പ്രത്യേക പ്രതിനിധി സംഘം ഈ ഫോറത്തെ ദുരുപയോഗം ചെയ്യാനും ദുര്‍ബലപ്പെടുത്താനും ഇന്ത്യയ്‌ക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കാനും തെരഞ്ഞെടുത്തത് നിര്‍ഭാഗ്യകരമാണ്. പാകിസ്താന്‍ പ്രതിരോധ മന്ത്രി ഖവാജ ആസിഫ് അടുത്തിടെ ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ പാകിസ്താന്‍ തീവ്രവാദ സംഘടനകളെ പിന്തുണയ്ക്കുകയും പരിശീലിപ്പിക്കുകയും ധനസഹായം നല്‍കുകയും ചെയ്തതായി കുറ്റസമ്മതം നടത്തിയത് ലോകം മുഴുവന്‍ കേട്ടു. ഈ തുറന്ന കുറ്റസമ്മതം ആരെയും അത്ഭുതപ്പെടുത്തുന്നില്ല, കൂടാതെ ആഗോള ഭീകരതയ്ക്ക് ഇന്ധനം നല്‍കുകയും മേഖലയെ അസ്ഥിരപ്പെടുത്തുകയും ചെയ്യുന്ന ഒരു തെമ്മാടി രാഷ്ട്രമായി ഇത് പാകിസ്താനെ തുറന്നുകാട്ടുന്നു. ലോകത്തിന് ഇനി കണ്ണടയ്ക്കാന്‍ കഴിയില്ല, ''യോജ്‌ന പട്ടേല്‍ പറഞ്ഞു.
പാകിസ്താന്‍ 'തെമ്മാടി രാഷ്ട്രം' , ഐക്യരാഷ്ട്ര സഭയില്‍ ആഞ്ഞടിച്ച് ഇന്ത്യ
