ന്യൂയോര്‍ക്ക്: ഫ്രാന്‍സിസ് മാര്‍പാപ്പയോടുള്ള ആദരസൂചകമായി വിവിധ സഭാപിതാക്കന്മാരെയും രാഷ്ട്രീയ നേതാക്കളെയും ഒരേ വേദിയിലെത്തിച്ച് ഫൊക്കാന സംഘടിപ്പിച്ച സര്‍വ്വമത പ്രാര്‍ഥനയും അനുശോചനവും വേറിട്ടതായി. വെര്‍ച്യുല്‍ പ്ലാറ്റ്‌ഫോമില്‍ നടന്ന പ്രാര്‍ഥനാ യോഗത്തില്‍ വിവിധ മതമേലധ്യക്ഷന്‍മാരും രാഷ്ട്രീയ സാമൂഹിക നേതാക്കന്മാരും വിടപറഞ്ഞ പാപ്പയ്ക്ക് നിത്യശാന്തി നേര്‍ന്നു. കേരളത്തിലെയും ഡല്‍ഹിയിലെയും റോമിലെയും നോര്‍ത്ത് അമേരിക്കയിലെയും രാഷ്ട്രീയ- മതമേലധ്യക്ഷന്‍മാരെ ഒരേ സമയം പങ്കെടുപ്പിക്കുക എന്ന ശ്രമകരമായ ദൗത്യം സംഘാടനമികവുകൊണ്ട് ഫൊക്കാന ഭാരവാഹികള്‍ ഭംഗിയായി നടപ്പാക്കിയത് ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
മലങ്കര സഭയുടെ പരിശുദ്ധ ബസേലിയോസ് മാത്യുസ് തൃതീയന്‍ കാതോലിക്കാ ബാവ, സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍, കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, അമേരിക്കയിലെ മലങ്കര യാക്കോബായ ആര്‍ച്ച് ബിഷപ്പ് എല്‍ദോ മോര്‍ തീത്തോസ്, ഷിക്കാഗോ രൂപതാ ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ട്, മാര്‍ത്തോമ സഭയുടെ റവ. ഡോ. എബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പ, കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, സ്വാമി ഗുരുരത്‌നം ജ്ഞാനതപസി, മുസ്ലിം ലീഗ് കേരളാ സ്റ്റേറ്റ് പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, ബി ജെ പി ദേശീയ വക്താവ് ഡോ. ബി എസ് ശാസ്ത്രി, റവ. ഫാ. മാത്യു കോയിക്കല്‍ (ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഓഫ് സിബിസിഐ) തുടങ്ങി ഒട്ടേറെ വിശിഷ്ട വ്യക്തികള്‍ പങ്കെടുത്തു.
റോക്ലാന്‍ഡ് കൗണ്ടി ലെജിസ്ലറ്റര്‍ ഡോ. ആനി പോള്‍, ജോര്‍ജ് കള്ളിവയല്‍ (എഡിറ്റര്‍ ദീപിക), മധു കൊട്ടാരക്കര (ഹെഡ്, 24 യു എസ് എ), ഇമലയാളി ചീഫ് എഡിറ്റര്‍ ജോര്‍ജ്ജ് ജോസഫ്, ടോം കുര്യാക്കോസ് (അസോസിയേറ്റ് എഡിറ്റര്‍, ന്യൂസ് 18). യു എ നസീര്‍ തുടങ്ങിയവരും അനുശോചനം അറിയിച്ചു സംസാരിച്ചു.
ഫൊക്കാന പ്രസിഡന്റ് സജിമോന്‍ ആന്റണി, സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍, ട്രഷര്‍ ജോയി ചക്കപ്പന്‍, എക്‌സി. വൈസ് പ്രസിഡന്റ് പ്രവീണ്‍ തോമസ്, വൈസ് പ്രസിഡന്റ് വിപിന്‍ രാജ്, ജോയന്റ് സെക്രട്ടറി മനോജ് ഇടമന, വിമെന്‍സ് ഫോറം ചെയര്‍ രേവതി പിള്ള, ട്രസ്റ്റി ബോര്‍ഡ് ചെയര്‍ ജോജി തോമസ്, പോള്‍ കറുകപ്പള്ളില്‍, ജോര്‍ജി വര്‍ഗീസ് ഫിലിപ്പോസ് ഫിലിപ്പ്, ആല്‍ബര്‍ട്ട് ആന്റണി, മാമ്മന്‍ സി ജേക്കബ് തുടങ്ങിയവരും ഫ്രാന്‍സിസ് മാര്‍പാപ്പയെ അനുസ്മരിച്ചു സംസാരിച്ചു.
പരിശുദ്ധ പിതാവിനുവേണ്ടി പ്രത്യേകമായി പ്രാര്‍ഥിച്ചുകൊണ്ടാണ് ചടങ്ങ് ആരംഭിച്ചത്. സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍ ആമുഖ പ്രസംഗം നടത്തി.
പ്രസിഡന്റ് സജിമോന്‍ ആന്റണി സ്വാഗതം ആശംസിച്ചു. മാര്‍പാപ്പയുടെ സന്ദേശം ഉള്‍ക്കൊണ്ട് വിവിധ മത, രാഷ്ട്രീയ, സാമുഹിക പ്രവര്‍ത്തകരെ ഏകോപിപ്പിക്കാന്‍ കഴിഞ്ഞതില്‍ ഉള്ള സംതൃപ്തി അദ്ദേഹം രേഖപ്പെടുത്തി.
'ഫ്രാന്‍സിസ് മാര്‍പാപ്പ ആടുകളോട് ചേര്‍ന്നുനിന്ന നല്ല ഇടയനായിരുന്നു. ഹൃദയംകൊണ്ട് ജനങ്ങളോട് സംസാരിച്ചതാണ് പരിശുദ്ധ പിതാവില്‍ കണ്ട ഏറ്റവും വലിയ സവിശേഷത,' മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ അനുസ്മരിച്ചു.
'മനുഷ്യര്‍ നേരിടുന്ന എല്ലാ പ്രതിസന്ധികള്‍ക്കും ക്രിസ്തീയമായ പരിഹാരങ്ങള്‍ നല്‍കുന്ന അദ്ദേഹത്തിന്റെ പ്രബോധനം എക്കാലത്തും വഴികാട്ടും. എല്ലാവരെയും ഒരുകുടുംബം പോലെ ചേര്‍ത്തുനിര്‍ത്തി മുറിവേറ്റവരുടെ മുറിവുണക്കുകയും എല്ലാ മതങ്ങളോടും സംസ്‌കാരങ്ങളോടും അദ്ദേഹം ആഭിമുഖ്യം പുലര്‍ത്തുകയും സ്‌നേഹിക്കുകയും ചെയ്തു. ആ വിയോഗത്തില്‍ ജനങ്ങള്‍ കരയുന്നതു കാണുമ്പോള്‍ അദ്ദേഹത്തിന്റെ വലിപ്പവും ആളുകളില്‍ ചെലുത്തിയ സ്വാധീനവും വെളിപ്പെടും. മാര്‍പാപ്പ സ്വര്‍ഗത്തില്‍ നമ്മുടെ മധ്യസ്ഥനാകാന്‍ ദൈവം ഇടവരുത്തട്ടെ,' മാര്‍ റാഫേല്‍ തട്ടില്‍ അനുസ്മരിച്ചു.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിനയമാണ് തന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ച സ്വഭാവ വൈശിഷ്ട്യം എന്ന് പ. ബസേലിയോസ് മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ അനുസ്മരിച്ചു. 2016ലും 2023ലും അദ്ദേഹത്തിന്റെ ആസ്ഥാനം സന്ദര്‍ശിക്കാനും നേരില്‍ കാണാനും ലഭിച്ച അവസരത്തെക്കുറിച്ചും ബാവാ ഓര്‍മ്മിച്ചു. മുന്‍പില്‍ നിന്ന തന്നെ അദ്ദേഹത്തേക്കാള്‍ വലിയവന്‍ എന്നമട്ടില്‍ പരിഗണിച്ചതാണ് മാര്‍പാപ്പയുടെ മഹത്വമെന്നും കൂട്ടിച്ചേര്‍ത്തു. തങ്ങള്‍ മടങ്ങുമ്പോള്‍ വീല്‍ ചെയറിലായിരുന്നിട്ടും മാര്‍പാപ്പ വാതില്‍ക്കല്‍ വരെ വന്ന് യാത്രയാക്കിയത് മറക്കാനാവില്ല.
ബസിലും ട്രെയിനിലും യാത്ര ചെയ്യുകയും സാധാരണക്കാര്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ചും അദ്ദേഹം വേറിട്ട സന്ദേശം നല്‍കി. സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ വക്താവും ശബ്ദവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ നിലകൊണ്ടു. ആ ശബ്ദം എല്ലാ ലോകനേതാക്കളും ശ്രദ്ധിച്ചിട്ടുണ്ടെന്നതിന് സംശയമില്ല. പാലസ്തിനിലെയും യുക്രെയ്നിലെയും യുദ്ധത്തിനെതിരെ അദ്ദേഹം ശക്തമായി പ്രതികരിച്ചിരുന്നു. ഇഹലോകത്തെ ബഹുമതികളെക്കാള്‍ പാപ്പ വിലകല്പിച്ചത് സ്വര്‍ഗ്ഗത്തിലെ ബഹുമതികള്‍ക്കാണ്. അപ്രകാരം അദ്ദേഹം പ്രവര്‍ത്തിച്ചു- പ. ബാവ ചൂണ്ടിക്കാട്ടി.
തങ്ങളുടെ വിശ്വാസം മാത്രമാണ് ശരിയെന്നുള്ള പല മതമേലധ്യക്ഷരുടെയും രീതിയില്‍ നിന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ വ്യത്യസ്തത പുലര്‍ത്തിയതായി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ അനുസ്മരിച്ചു. തിന്മയില്‍ നിന്ന് ആളുകളെ പിന്തിരിപ്പിക്കാന്‍ അദ്ദേഹം നിരന്തരം ശ്രമിച്ചിരുന്നതായും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു. ഇന്ത്യയോടുള്ള സ്‌നേഹത്തിന്റെ സൂചകമായി തനിക്ക് മാര്‍പാപ്പ നല്‍കിയ ജപമാല എന്നും സൂക്ഷിച്ചുവയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യന്‍ പ്രസിഡന്റിനൊപ്പം മാര്‍പാപ്പയുടെ ഭൗതിക ശരീരത്തെ വണങ്ങാന്‍ പോയ സംഘത്തില്‍ ഭാഗമാകാന്‍ കഴിഞ്ഞത് ജീവിതത്തിലെ ധന്യനിമിഷമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 140 രാഷ്ട്രത്തലവന്മാര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. എല്ലാ വിശ്വാസങ്ങളില്‍ നിന്നുള്ളവരും അവിടേക്ക് ഒഴുകിയെത്തിയിരുന്നു.
കാലത്തിന്റെ മാറ്റത്തിനനുസരിച്ച് എത്രത്തോളം പുരോഗമനപരമായ ചിന്തിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രസംഗങ്ങളില്‍ നിന്ന് പഠിക്കാമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ചൂണ്ടിക്കാട്ടി. യുദ്ധങ്ങള്‍ കാണാതെയും മനുഷ്യര്‍ അനുഭവിക്കുന്ന കെടുതികള്‍ കാണാതെയും തിടുക്കപ്പെടുന്ന മനുഷ്യര്‍ക്കിടയില്‍ അവയൊക്കെ കാണുകയും തിരിഞ്ഞുനോക്കുകയും ചെയ്ത മാര്‍പാപ്പ വലിയ മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈസ്റ്റര്‍ ദിനത്തില്‍ അദ്ദേഹത്തെ ഗാസയിലെ കണ്ണുനീര്‍ ദു:ഖിപ്പിച്ചതും അനുസ്മരിച്ചു.
ദു:ഖിതരും രോഗികളും പീഡിതരും നിരാലംബരുമായ മനുഷ്യസമൂഹത്തിനുവേണ്ടി ജീവിച്ച വ്യക്തിയാണ് മാര്‍പാപ്പയെന്ന് ഗുരുരത്‌നം ജ്ഞാനതപസ്വി വ്യക്തമാക്കി. 'ഒരു സന്യാസി എങ്ങനെയാണെന്ന് അദ്ദേഹം ജീവിച്ചുകാട്ടി. സന്യാസത്തിന് മതമില്ലെന്ന് പഠിപ്പിച്ചതോടൊപ്പം അത് ദൈവത്തിനുവേണ്ടിയുള്ള തപസാണെന്നും ബോധ്യപ്പെടുത്തി. 1999ല്‍ ആര്‍ച്ച് ബിഷപ്പായ സമയത്തുതന്നെ ആഡംബര വാഹനങ്ങള്‍ ഉപേക്ഷിച്ച് ചെറിയ വീട്ടിലായിരുന്നു അദ്ദേഹത്തിന്റെ താമസം. 2001ല്‍ കര്‍ദിനാളായ അവസരത്തില്‍ ആദരവര്‍പ്പിക്കാന്‍ അര്‍ജന്റീനയില്‍ നിന്ന് എത്താനിരുന്ന സംഘത്തോട് വിമാനടിക്കറ്റിനും മറ്റും അവര്‍ വിനിയോഗിക്കാനിരുന്ന തുക പാവങ്ങളെ സഹായിക്കാന്‍ ചിലവഴിക്കൂ എന്നാണ് ഉപദേശിച്ചത്. യുദ്ധം നടക്കുമ്പോള്‍ വലിയ രാജ്യമേതെന്നോ ചെറിയ രാജ്യമേതെന്നോ അല്ല മാര്‍പാപ്പ നോക്കിയത്, അടിച്ചമര്‍ത്തപ്പെട്ട രാജ്യത്തിനൊപ്പമാണ് അദ്ദേഹം നിന്നത്. അവരുടെ സങ്കടങ്ങള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും വേണ്ടിയാണ് അദ്ദേഹം സംസാരിച്ചത്. മനുഷ്യരെ മറന്നുകൊണ്ട് ദൈവവുമായുള്ള ബന്ധം നിലനിര്‍ത്താന്‍ സാധിക്കില്ലെന്ന് പറഞ്ഞ ഫ്രാന്‍സിസ് അസീസിയുടെ പേരാണ് സ്വന്തം നാമത്തോടൊപ്പം അദ്ദേഹം ചേര്‍ത്തത്.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മറ്റൊരു മതമേലധ്യക്ഷനും ലഭിക്കാത്ത സ്‌നേഹമാണ് മരണത്തിനുശേഷവും മാര്‍പാപ്പയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നതെന്ന് അമേരിക്കയിലെ മലങ്കര യാക്കോബായ ആര്‍ച്ച് ബിഷപ്പ് എല്‍ദോ മാര്‍ തീത്തോസ് തിരുമേനി ചൂണ്ടിക്കാട്ടി.
സ്‌നേഹത്തില്‍ ചാലിച്ച ജീവിതമാണ് അതിന്റെ കാരണം. ജയിലില്‍ പോയി കുറ്റവാളികളുടെ കാലുകഴുകി ചുംബിച്ച വേറൊരു പോപ്പിനെക്കുറിച്ച് ആരും കേട്ടിട്ടില്ല. കമ്മ്യൂണിസ്റ്റ് രാജ്യം സന്ദര്‍ശിച്ച ആദ്യത്തെ പോപ്പും അദ്ദേഹമായിരുന്നു. പതിവുരീതികളില്‍ നിന്ന് അദ്ദേഹം വഴിമാറി നടന്നു. സ്വര്‍ണ്ണ മുദ്രമോതിരത്തിനു പകരം വെള്ളിമോതിരം അണിഞ്ഞു. കര്‍ദിനാള്‍ ആയിരിക്കെ ധരിച്ചിരുന്ന കുരിശുരൂപം തന്നെയാണ് പോപ്പായപ്പോഴും ധരിച്ചത്,' എല്‍ദോ മാര്‍ തീത്തോസ് തിരുമേനി അനുസ്മരിച്ചു. ഗ്രിഗറി പോപ്പിനുശേഷം യൂറോപ്പിന് പുറത്തുനിന്നുവന്ന ആദ്യത്തെ മാര്‍പാപ്പയാണ് ഫ്രാന്‍സിസ് പാപ്പയെന്നും അദ്ദേഹം പറഞ്ഞു.
ആത്മീയതയിലും ലാളിത്യത്തിലും ഊന്നിനിന്നുകൊണ്ടുള്ള ആ ജീവിതം ഏവര്‍ക്കും മാതൃക തന്നെ. കാലാവസ്ഥാ വ്യതിയാനമുള്‍പ്പെടെ ജനങ്ങളെ ബാധിക്കുന്ന എല്ലാ വിഷയത്തിലും അദ്ദേഹം ഇടപെട്ടിരുന്നു. എല്ലാ ക്രൈസ്തവ സഭകളെയും ഒരുപോലെ കാണുന്നതോടൊപ്പം മറ്റു മതങ്ങളെയും അദ്ദേഹം അതേരീതിയില്‍ കണ്ടു. ഏത് ഉന്നതസ്ഥാനി ആയിരുന്നാലും ലാളിത്യം പരിപാലിക്കാനാകുമെന്നതിന്റെ ഉത്തമ ഉദാഹരണം ആയിരുന്നു അദ്ദേഹം-. എല്‍ദോ മാര്‍ തീത്തോസ് തിരുമേനി പറഞ്ഞു.
വാക്കും പ്രവര്‍ത്തിയും രണ്ടല്ല ഒന്നാണെന്ന് തെളിയിച്ച സഭാ തലവനാണ് മാര്‍പാപ്പ എന്ന് മാര്‍ത്തോമ സഭയുടെ റവ. ഡോ. എബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പ അനുസ്മരിച്ചു. ഇക്കഴിഞ്ഞ ജനുവരിയില്‍ വത്തിക്കാനില്‍ മാര്‍പാപ്പയെ സന്ദര്‍ശിക്കാനും സംസാരിക്കാനും സാധിച്ച ധന്യനിമിഷങ്ങള്‍ അദ്ദേഹം ഓര്‍ത്തെടുത്തു. തുറന്ന പുസ്തകം പോലെ ദൈവസന്നിധിയിലേക്ക് ചേര്‍ക്കപ്പെട്ട മാര്‍പ്പാപ്പയ്ക്ക് നിത്യശാന്തി ലഭിക്കട്ടെ എന്ന് തിരുമേനി പ്രാര്‍ഥിച്ചു.
വത്തിക്കാന്‍ സന്ദര്‍ശിച്ചപ്പോള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ കാണാന്‍ സാധിച്ചതിനെക്കുറിച്ച് ബി ജെ പി ദേശീയ വക്താവ് ബി എസ് ശാസ്ത്രി വാചാലനായി. ലോക സമാധാനത്തെക്കുറിച്ചും പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ചുമാണ് അന്നദ്ദേഹം സംസാരിച്ചത്. ഇന്ത്യയിലെ ഭീകരാക്രമണം പോലുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ പോലൊരാളുടെ വിടവ് വല്ലാതെ വേദനിപ്പിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മനസ്സില്‍ മാര്‍പാപ്പയ്ക്കുള്ള സ്വാധീനവും അദ്ദേഹം പരാമര്‍ശിച്ചു.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗം ലോകജനതയ്ക്ക് തീരാനഷ്ടമെന്ന് പാറ്റേഴ്സന്‍ സെന്റ് ജോര്‍ജ് സീറോ മലബാര്‍ ചര്‍ച്ച് വികാരി ഫാ. സിമ്മി തോമസ് ചൂണ്ടിക്കാട്ടി.
ദൈവത്തിന്റെ കണ്ണുകളിലൂടെയാണ് മാര്‍പാപ്പ മനുഷ്യരെ കണ്ടതെന്ന് ജോജി തോമസ് അനുസ്മരിച്ചു.
ഒന്നിച്ച് നടക്കുന്നതും പരസ്പരം മനസിലാക്കുന്നതുമാണ് ഐക്യം എന്ന പദംകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് മാര്‍പാപ്പ പഠിപ്പിച്ചതായി റോക്ലാന്‍ഡ് കൗണ്ടി ലെജിസ്‌ളേറ്റര്‍ ഡോ. ആനി പോള്‍ അഭിപ്രായപ്പെട്ടു. 2015ല്‍ മാര്‍പാപ്പ ന്യൂയോര്‍ക്ക് സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തെ നേരില്‍ കണ്ടതും ആനി പോള്‍ ഓര്‍മ്മിച്ചു.
യേശുവിന്റെ യഥാര്‍ഥ അനുയായി ആയി ഭൂമിയിലെത്തിയ വിശുദ്ധന്‍ എന്നാണ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ജോര്‍ജ് കള്ളിവയല്‍ (എഡിറ്റര്‍, ദീപിക) ഫ്രാന്‍സിസ് മാര്‍പാപ്പയെ വിശേഷിപ്പിച്ചത്. അദ്ദേഹത്തോടൊപ്പം മ്യാന്മറിലും ബംഗ്ലാദേശിലും യാത്ര ചെയ്തതും ആശ്ലേഷം ഏറ്റുവാങ്ങിയതുമായ നിമിഷങ്ങള്‍ അദ്ദേഹം ഓര്‍മ്മിച്ചു. മ്യാന്‍മറിലെ അഭയാര്‍ഥി പ്രശ്‌നം രൂക്ഷമായ സാഹചര്യത്തില്‍ അവിടം സന്ദര്‍ശിക്കുന്നതിലെ സൈനികവൃത്തങ്ങളുടെ എതിര്‍പ്പ് അവഗണിച്ചുകൊണ്ട് അവിടെ ചെന്ന് അഭയാര്‍ഥികള്‍ക്കുവേണ്ടി മാര്‍പാപ്പ സംസാരിച്ചതും അദ്ദേഹം പരാമര്‍ശിച്ചു. ക്രിസ്ത്യന്‍ സമൂഹം കുറവായിരുന്നിട്ടും ലക്ഷക്കണക്കിനാളുകള്‍ മാര്‍പാപ്പയുടെ വാക്കുകള്‍ കേള്‍ക്കാന്‍ ബംഗ്ലാദേശിലും മ്യാന്മറിലും എത്തിയത് മതാതീതമായ അദ്ദേഹത്തിന്റെ കരുതലാണ് വിളിച്ചോതുന്നത്.
ലോകസമാധാനത്തിനായി പോരാടിയ വ്യക്തി എന്നാണ് ഫാ. മാത്യു കോയിക്കല്‍ മാര്‍പാപ്പയെ അനുസ്മരിച്ചത്.
ഫ്രാന്‍സിസ് മാര്‍പാപ്പ എന്ന ചരിത്രത്തോടൊപ്പം ജീവിക്കാന്‍ കഴിഞ്ഞതാണ് സാധാരണക്കാരായ നമ്മളുടെ ഭാഗ്യമെന്ന് ടോം കുര്യാക്കോസ് (അസോസിയേറ്റ് എഡിറ്റര്‍, ന്യൂസ് 18) പരാമര്‍ശിച്ചു. വത്തിക്കാനിലെ റെസ്റ്റോറന്റില്‍ ആളുകള്‍ക്ക് ഭക്ഷണം വിളമ്പുന്ന പോപ്പിന്റെ ചിത്രം അദ്ദേഹത്തിന്റെ വിനയം വിളിച്ചോതുന്നുവെന്നും ടോം കുര്യാക്കോസ് പറഞ്ഞു.
വത്തിക്കാനില്‍ പോയി മാര്‍പാപ്പയെ കണ്ടതിന്റെ ഓര്‍മ്മകള്‍ യു എ നസീര്‍ പങ്കുവച്ചു. കേരളജനതയോട് പ്രത്യേക സ്‌നേഹം മാര്‍പാപ്പ പ്രകടിപ്പിച്ചിരുന്നതായും അദ്ദേഹം അനുസ്മരിച്ചു.
യേശു ക്രിസ്തുവുമായി ജീവിതത്തിലും മരണത്തിലും മാര്‍പാപ്പയ്ക്ക് സാമ്യമുണ്ടായിരുന്നെന്ന് മധു കൊട്ടാരക്കര (ഹെഡ്, 24 യു എസ് എ) അഭിപ്രായപ്പെട്ടു. ഉയിര്‍പ്പുപെരുന്നാള്‍ വരെയും തന്റെ വിശ്വാസികള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചിട്ടാണ് മാര്‍പാപ്പ ലോകത്തോട് വിടപറഞ്ഞത്. ട്രഷര്‍ ജോയി ചാക്കപ്പന്‍ ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി.