ടൊറന്റോ: ഒരുകാലത്ത് കാനഡ രാഷ്ട്രീയത്തിലെ കിംഗ് മേക്കറായിരുന്ന ജഗ്മീത് സിംഗിന് തെരഞ്ഞെടുപ്പിലേറ്റ കടുത്ത തിരിച്ചടി അപ്രതീക്ഷിതം. 2022ലെ കനേഡിയന്‍ തെരഞ്ഞെടുപ്പിലെ കിംഗ് മേക്കറായിരുന്നു ജഗ്മീത് സിംഗ്. ജസ്റ്റിന്‍ ട്രൂഡോ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രധാന സഹായിയായി നിന്ന ജഗ്മീത് സിംഗും ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിയും ഈ ഫെഡറല്‍ തെരഞ്ഞെടുപ്പിലും പ്രധാന പങ്ക് വഹിക്കുമെന്നാണ് പലരും കരുതിയിരുന്നത്.
എന്നാല്‍ ഫലം വന്നപ്പോള്‍ സംഭവിച്ചത് അങ്ങനെയൊന്നുമായിരുന്നില്ല. ബര്‍ണബി സെന്‍ട്രലിലെ സ്വന്തം സീറ്റുപോലും ജഗ്മീത് സിംഗിന് നഷ്ടപ്പെട്ടു. എന്‍ ഡി പി നേതൃസ്ഥാനം രാജിവെക്കുകയാണെന്ന് ജഗ്മീത് സിംഗ് ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. അതോടൊപ്പം ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ദേശീയ പദവിയും നഷ്ടമാകും. കാനഡയിലെ പാര്‍ട്ടികള്‍ക്ക് ഹൗസ് ഓഫ് കോമണ്‍സില്‍ പാര്‍ട്ടി പദവിക്ക് ഔദ്യോഗികമായി യോഗ്യത നേടുന്നതിന് 12 സീറ്റുകളാണ് ആവശ്യം. ജഗ്മീത് സിംഗിന്റെ എന്‍ ഡി പി 343 സീറ്റുകളില്‍ മത്സരിച്ചെങ്കിലും എട്ട് സീറ്റുകള്‍ മാത്രമാണ് സ്വന്തമാക്കിയത്.
'കാനഡയിലെ ഏറ്റവും സ്‌റ്റൈലിഷ് രാഷ്ട്രീയക്കാരന്‍' എന്നാണ് ജഗ്മീത് സിംഗ് അറിയപ്പെട്ടിരുന്നത്. ഗ്രേറ്റര്‍ ടൊറന്റോ ഏരിയയിലെ ഒന്റാറിയോയിലെ സ്‌കാര്‍ബറോയില്‍ പഞ്ചാബില്‍ നിന്നുള്ള ഇന്ത്യന്‍ കുടിയേറ്റക്കാരുടെ കുടുംബത്തില്‍ ജനിച്ച സിംഗ് വെസ്റ്റേണ്‍ ഒന്റാറിയോ സര്‍വകലാശാലയില്‍ നിന്ന് ബയോളജിയില്‍ ബിരുദവും യോര്‍ക്ക് സര്‍വകലാശാലയിലെ ഓസ്ഗൂഡ് ഹാള്‍ ലോ സ്‌കൂളില്‍ നിന്ന് നിയമത്തില്‍ ബിരുദവും നേടിയാണ് രാഷ്ട്രീയത്തിലെത്തിയത്.
46കാരനായ ജഗ്മീത് സിംഗ് പ്രവിശ്യാ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് വര്‍ഷങ്ങളോളം ക്രിമിനല്‍ ഡിഫന്‍സ് അറ്റോര്‍ണിയായി ജോലി ചെയ്തിരുന്നു. 2011ലാണ് ഒന്റാറിയോ നിയമസഭയിലേക്ക് പ്രവിശ്യാ സീറ്റിലേക്ക് മത്സരിച്ചത്. 2019ല്‍, വാന്‍കൂവറിന് കിഴക്കുള്ള ബ്രിട്ടീഷ് കൊളംബിയയിലെ ബര്‍ണബിയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കാനഡ പാര്‍ലമെന്റിലേക്കുള്ള ആദ്യ സീറ്റ് നേടിയപ്പോള്‍ അദ്ദേഹം രാഷ്ട്രീയ വിജയമാണ് സ്വന്തമാക്കിയത്.
2022ല്‍ അന്നത്തെ പ്രധാനമന്ത്രി ട്രൂഡോയുടെ പാര്‍ട്ടിയുമായി അദ്ദേഹം തന്റെ പാര്‍ട്ടിയെ കരാറിലേക്ക് നയിക്കുകയായിരുന്നു.
അറിയപ്പെടുന്ന ഖലിസ്ഥാന്‍ പിന്തുണക്കാരനായ സിംഗ് 1984ലെ സിഖ് കലാപത്തെ 'വംശഹത്യ' എന്ന് വിശേഷിപ്പിക്കണമെന്ന് പ്രസ്താവിച്ചതിനെ തുടര്‍ന്ന് 2013ല്‍ അദ്ദേഹത്തിന് ഇന്ത്യന്‍ വിസ നിരസിക്കപ്പെടുകയും ചെയ്തു.
രണ്ട് വര്‍ഷത്തിന് ശേഷം അദ്ദേഹം ഒരു ഖാലിസ്ഥാനി റാലിയില്‍ പോലും പങ്കെടുത്തു.
ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഇന്ത്യയുമായുള്ള കാനഡയുടെ ബന്ധം തകര്‍ന്നപ്പോള്‍ ഇന്ത്യന്‍ നയതന്ത്രജ്ഞരെ പുറത്താക്കാനുള്ള ട്രൂഡോ സര്‍ക്കാരിന്റെ തീരുമാനത്തിന് സിംഗ് പിന്തുണ പ്രകടിപ്പിച്ചിരുന്നു. ഇന്ത്യയ്ക്കെതിരെ നയതന്ത്ര ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താനും കാനഡയില്‍ ആര്‍ എസ് എസ് നിരോധിക്കാനും കനേഡിയന്‍ മണ്ണില്‍ സംഘടിത കുറ്റകൃത്യങ്ങളില്‍ പങ്കെടുത്തുന്നുവെന്ന കണ്ടെത്തുന്നവര്‍ക്ക് ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരണമെന്ന് ആവശ്യവും അദ്ദേഹം കാനഡ സര്‍ക്കാരിന് മുന്നില്‍വെച്ചിരുന്നു.
2024 സെപ്റ്റംബറില്‍ ട്രൂഡോ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി ഏപ്രില്‍ 28ന് നടന്ന ഫെഡറല്‍ തെരഞ്ഞെടുപ്പില്‍ വളരെ മോശം പ്രകടനമാണ് കാഴ്ചവെച്ചത്. തെരഞ്ഞെടുപ്പില്‍ എല്ലാ കണ്ണുകളും സിംഗിലേക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിയിലേക്കും തിരിഞ്ഞിരുന്നു.
തന്റെ മൂന്നാമത്തെ വിജയം ലക്ഷ്യമിട്ടിരുന്ന സിംഗ് ബ്രിട്ടീഷ് കൊളംബിയയിലെ ബര്‍ണബി സെന്‍ട്രല്‍ സീറ്റില്‍ ലിബറല്‍ സ്ഥാനാര്‍ഥി വേഡ് ചാങ്ങിനോടാണ് പരാജയപ്പെട്ടത്. സിംഗിന് 27 ശതമാനം വോട്ടുകള്‍ ലഭിച്ചപ്പോള്‍ ചാങ്ങിന് 40 ശതമാനത്തിലധികമാണ് വോട്ടുകള്‍ ലഭിച്ചത്.
എക്സിലെ പരമ്പര പോസ്റ്റുകളില്‍ ന്യൂ ഡെമോക്രാറ്റുകള്‍ക്ക് ഈ രാത്രി നിരാശാജനകമാണെന്ന് തനിക്കറിയാമെന്നും മികച്ച കാനഡയെക്കുറിച്ച് നമുക്ക് ഒരിക്കലും സ്വപ്‌നം കാണാന്‍ കഴിയില്ലെന്ന് പറയുന്നവരെ വിശ്വസിക്കുമ്പോള്‍ മാത്രമേ നമ്മള്‍ പരാജയപ്പെടുകയുള്ളുവെന്നും ജഗ്മിത് സിംഗ് എഴുതി.
ഭയത്തിനുപകരം എപ്പോഴും പ്രതീക്ഷ തെരഞ്ഞെടുക്കുമെന്ന് തനിക്കറിയാമെന്നും ന്യൂ ഡെമോക്രാറ്റുകള്‍ കാനഡയ്ക്കായി ഏറ്റവും മികച്ചത് നിര്‍മ്മിച്ചുവെന്നും അതുകൊണ്ട് നമ്മള്‍ എവിടേക്കും പോകുന്നില്ലെന്നും അദ്ദേഹം കുറിച്ചു.
തന്റെ അമ്മ തന്നോട് പങ്കുവെച്ച ഒരു പാഠം 'ചാര്‍ഡി കാല' എന്ന സിഖ് പഠിപ്പിക്കലിനെക്കുറിച്ച് താന്‍ പലപ്പോഴും സംസാരിച്ചിട്ടുണ്ടെന്നും 'പോരാട്ടത്തിനു മുകളില്‍ ശുഭാപ്തിവിശ്വാസം. ഇതാണ് ഇന്ന് രാത്രി ഞാന്‍ വഹിക്കുന്ന മനോഭാവം' എന്നും പറഞ്ഞു.
എന്‍ ഡി പി നേതാവായി സേവനമനുഷ്ഠിക്കാന്‍ കഴിഞ്ഞത് തന്റെ ജീവിതത്തിലെ ബഹുമതിയാണെന്ന് സിംഗ് കൂട്ടിച്ചേര്‍ത്തു. പുതിയ നേതാവിനെ കണ്ടെത്തുന്നതുവരെ താന്‍ താല്‍ക്കാലികമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.
കാനഡ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ എന്‍ ഡി പിക്ക് വിനാശകരമായതോടെ തോല്‍വിയെ കുറിച്ച് ആന്തരിക അവലോകനം നടത്തുമെന്ന് പാര്‍ട്ടിയുടെ ദേശീയ ഡയറക്ടര്‍ ആനി മക്ഗ്രാത്ത് പറഞ്ഞു. ജഗ്മീത് സിംഗ് പ്രചോദനാത്മകമായ പ്രചാരണം നടത്തിയെന്നും എന്നാല്‍ പ്രസ്തുത പ്രചാരണത്തിന്റെ ചലനാത്മകത രണ്ട് പാര്‍ട്ടികള്‍ക്ക് ചുറ്റും ധ്രുവീകരിക്കപ്പെട്ട വോട്ടര്‍മാരെ സൃഷ്ടിച്ചതാണ് വെല്ലുവിളിയായതെന്നും കൂട്ടിച്ചേര്‍ത്തു.
