ന്യൂഡല്‍ഹി: സിന്ധു നദീജലക്കരാര്‍ മരവിപ്പിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിനെതിരെ അന്താരാഷ്ട്ര വേദികളില്‍ നിയമപരമായ പോരാട്ടത്തിനു തയ്യാറെടുത്ത് പാകിസ്താന്‍. അന്താരാഷ്ട്ര നീതിന്യായ കോടതി, യു എന്‍, ലോകബാങ്ക് എന്നിവിടങ്ങളില്‍ പരാതിപ്പെടാനാണ് പാകിസ്താന്റെ തീരുമാനം. പാക് അറ്റോര്‍ണി ജനറല്‍ മന്‍സൂര്‍ ഉസ്മാന്‍ അവാന്‍ ഇതിനായി രേഖകള്‍ തയ്യാറാക്കിവരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം നിയമമന്ത്രി അസം നസീര്‍ തരാറുമായി അവാന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
കൃഷിക്കും കുടിവെള്ളത്തിനുമായി പാക്കിസ്ഥാന്‍ ഏറ്റവുമധികം ആശ്രയിക്കുന്ന നദിയാണു സിന്ധു. രാജ്യത്ത് ജലസേചനത്തെ ആശ്രയിച്ചു നടത്തുന്ന കൃഷികളില്‍ 80 ശതമാനത്തിനും സിന്ധു നദിയില്‍ നിന്നാണു വെള്ളം ലഭിക്കുന്നത്. ജലവൈദ്യുത പദ്ധതിയുടെ 30 ശതമാനത്തിനും സിന്ധു നദിയിലെ ജലം വേണം.
സിന്ധു നദീജലത്തിന്റെ ലഭ്യതയിലുണ്ടാകുന്ന ഏതു കുറവും പാക്കിസ്ഥാന്റെ ഭക്ഷ്യസുരക്ഷയെയും ഉപജീവനത്തെയും പ്രാദേശിക സ്ഥിരതയെയും ബാധിക്കും. വിള നാശവും ഭൂഗര്‍ഭ ജലം താഴുന്നതും മാത്രമല്ല, വിവിധ പ്രവിശ്യകള്‍ തമ്മില്‍ വെള്ളത്തിനു വേണ്ടി നടത്തുന്ന വടംവലികള്‍ ആഭ്യന്തരയുദ്ധത്തിലേക്ക് നയിക്കാനും സാധ്യതയുണ്ട്.
ഏകപക്ഷീയമായി മരവിപ്പിക്കാനോ റദ്ദാക്കാനോ കഴിയുന്ന ഒന്നല്ല ഇന്ത്യാ- പാകിസ്താന്‍ സിന്ധു നദീജല ഉടമ്പടിയെന്ന് ഉന്നയിച്ചുള്ള നയതന്ത്ര, നിയമ പോരാട്ടമാണ് പാക്കിസ്ഥാന്‍ ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര നിയമപ്രകാരമുള്ള ഉടമ്പടിയെ ലംഘിക്കുന്നതാണ് ഇന്ത്യയുടെ നടപടിയെന്നും അതിര്‍ത്തി കടന്നൊഴുകുന്ന നദികളിലെ ജലത്തിന്റെ അവകാശം സംബന്ധിച്ച എല്ലാ നിയമങ്ങള്‍ക്കും വിരുദ്ധമാണിതെന്നും പാക്കിസ്ഥാന്‍ വാദിക്കും.
ആവശ്യമെങ്കില്‍ അന്താരാഷ്ട്ര കോടതിയെയും സമീപിക്കും. ചൈന, സൗദി അറേബ്യ, ഒ ഐ സി എന്നിവയെക്കൊണ്ട് ഇന്ത്യയ്ക്കു മേല്‍ സമ്മര്‍ദം ചെലുത്താനുള്ള സാധ്യതയും ഇസ്ലാമാബാദ് തേടുന്നുണ്ട്.