ഒട്ടാവ: കാനഡയുടെ ഫെഡറല്‍ തെരഞ്ഞെടുപ്പില്‍ ഈ വര്‍ഷം ജയിച്ചു കയറിയത് 24 ഇന്തോ- കനേഡിയന്‍ സ്ഥാനാര്‍ഥികള്‍. മത്സരിച്ചവരില്‍ മൂന്നിലൊന്നു പേരും വിജയം നേടി. അപ്രതീക്ഷിതമായി കനത്ത തോല്‍വി ഏറ്റുവാങ്ങിയവരും ഇന്തോ- കനേഡിയന്‍ പട്ടികയിലുണ്ട്.
കഴിഞ്ഞ ദിവസം നടന്ന കാനഡ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇന്തോ- കനേഡിയന്‍ വംശജരായ 75 പേരാണ് മത്സരിച്ചത്. ഇവരില്‍ 24 പേരാണ് വിജയിച്ചത്. തോറ്റ പ്രമുഖരില്‍ ന്യൂ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ ജഗ്മീത് സിംഗും ഉള്‍പ്പെടും.
ജയിച്ച ഇന്ത്യക്കാരില്‍ ശ്രദ്ധേയമായ സാന്നിധ്യമാവുക പഞ്ചാബില്‍ നിന്നുള്ള ഇന്തോ- കനേഡിയക്കാരാണ്. 2021ലെ ഫെഡറല്‍ തെരഞ്ഞെടുപ്പില്‍ 21 പേരാണ് ഇന്തോ- കനേഡിയന്‍ വംശജരായി പാര്‍ലമെന്റില്‍ ഉണ്ടായിരുന്നത്.
ആറാം തവണം വിജയം നേടിയ സുഖ് ധാലിവാളാണ് ഇന്തോ- കനേഡിയന്‍മാരില്‍ പ്രമുഖന്‍. സറെ- ന്യൂട്ടണില്‍ നിന്നുള്ള പരിചയസമ്പന്നനായ ലിബറല്‍ എം പിയാണ് സുഖ് ധാലിവാള്‍. 2006ല്‍ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട സുഖ് ധാലിവാള്‍ 2011 മുതല്‍ സറെ- ന്യൂട്ടണെയാണ് പ്രതിനിധീകരിക്കുന്നത്. പഞ്ചാബില്‍ നിന്നുള്ള 65 വയസ്സുള്ള എഞ്ചിനീയറും ലാന്‍ഡ് സര്‍വേയറുമാണ് സുധ് ധാലിവാള്‍.
ലിബറല്‍ പാര്‍ട്ടിയിലെ അനിറ്റ ആനന്ദ് ഓക്ക്വില്ലെ ഈസ്റ്റ് സീറ്റ് നിലനിര്‍ത്തിയാണ് തുടര്‍ച്ചായയി മൂന്നാം തവണയും പാര്‍ലമെന്റിലേക്കെത്തുന്നത്. അനിറ്റ ആനന്ദ് 50.7 ശതമാനം വോട്ട് നേടിയപ്പോള്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ റോണ്‍ ചിന്‍സറിന് 45.1 ശതമാനം വോട്ടാണ് നേടാനായത്.
ലിബറല്‍ ആധിപത്യത്തിനിടെ വന്‍ ഭൂരിപക്ഷത്തോടെയാണ് കാല്‍ഗറി ഹെറിറ്റേജില്‍ നിന്നും കണ്‍സര്‍വേറ്റീവ് ഷുവ് മജുംദാര്‍ വിജയിച്ചു കയറിയത്. അദ്ദേഹം 61.7 ശതമാനം വോട്ടുകള്‍ നേടിയപ്പോള്‍ ലിബറല്‍ എതിരാളി സ്‌കോട്ട് അര്‍നോട്ട് 34.4 ശതമാനം വോട്ടുകള്‍ കൊണ്ട് തൃപ്തിയടയേണ്ടി വന്നു.
സറേ സെന്ററില്‍ അഭിഭാഷകനും സംരംഭകനുമായ രണ്‍ദീപ് സരായ് തന്റെ സീറ്റ് നിലനിര്‍ത്തി. 2015 മുതല്‍ സാരായ് എം പിയായി സേവനമനുഷ്ഠിക്കുന്നുണ്ട്. ദക്ഷിണേഷ്യന്‍ ജനസംഖ്യയുള്ള വലിയ മണ്ഡലമാണ് സറേ സെന്റര്‍.
ലിബറല്‍ പാര്‍ട്ടിയുടെ പാം ബെയിന്‍സ് സ്റ്റീവ്സ്റ്റണ്‍റിച്ച്മണ്ട് ഈസ്റ്റില്‍ വീണ്ടും വിജയിച്ചു. മുന്‍ മാധ്യമ പ്രൊഫഷണലും ലക്ചററുമായ ബെയിന്‍സിന്റെ രണ്ടാം ജയമാണിത്.
ഫ്‌ളീറ്റ്വുഡ്‌പോര്‍ട്ട് കെല്‍സിനെ പ്രതിനിധീകരിച്ച് ആദ്യമായി എം പിയായ ഗുര്‍ബക്‌സ് സൈനിക്ക് പറയാനുള്ളത് മികവിന്റേയും നേട്ടത്തിന്റേയും കഥയാണ്. 1970-ല്‍ പഞ്ചാബില്‍ നിന്ന് വെറും എട്ട് ഡോളറുമായി കുടിയേറിയ സൈനി ഒരു തടി മില്ലില്‍ ജോലി ചെയ്തിരുന്ന സ്ഥാനത്ത് നിന്നാണ് പ്ലാന്റ് മാനേജരും സിറ്റി കൗണ്‍സിലറും ആയി ഉയര്‍ന്നത്.
കണ്‍സര്‍വേറ്റീവ് സുഖ്മാന്‍ സിംഗ് ഗില്ലിന് കേവലം 25 വയസ്സു മാത്രമാണ് പ്രായം. ഒരുപക്ഷേ, ഇദ്ദേഹമായിരിക്കും പാര്‍ലമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം. അബോട്ട്‌സ്‌ഫോര്‍ഡിനടുത്തുള്ള ഒരു ഫാമില്‍ വളര്‍ന്ന ഗില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി മൈക്ക് ഡി ജോങ്ങിനെയാണ് പരാജയപ്പെടുത്തിയത്. പഞ്ചാബിലെ ബുക്കന്‍വാല ഗ്രാമത്തില്‍ നിന്നുള്ളവരാണ് അദ്ദേഹത്തിന്റെ കുടുംബം.
ആല്‍ബര്‍ട്ടയില്‍ ഇന്ത്യന്‍ വംശജരായ സ്ഥാനാര്‍ഥികള്‍ മികച്ച പ്രകടനം കാഴ്ചവച്ചപ്പോള്‍ കണ്‍ ജസ്രാജ് സിംഗ് ഹല്ലന്‍ കണ്‍സര്‍വേറ്റീവുകള്‍ക്ക് വേണ്ടി കാല്‍ഗറി ഈസ്റ്റ് സീറ്റാണ് നിലനിര്‍ത്തിയത്. ഇന്ത്യന്‍ മാതാപിതാക്കള്‍ക്ക് ദുബായില്‍ ജനിച്ച ഹല്ലന്‍ 2019 മുതല്‍ പാര്‍ലമെന്റിലുണ്ട്.
ലിബറല്‍ സ്ഥാനാര്‍ഥി ജോര്‍ജ്ജ് ചാഹലിനെ പരാജയപ്പെടുത്തി ദല്‍വീന്ദര്‍ ഗില്‍ കാല്‍ഗറി മക്‌നൈറ്റ് നേടി. 21 വര്‍ഷമായി റിയല്‍ എസ്റ്റേറ്റ് ഏജന്റായ ഗില്‍ വിജയത്തിന് തന്റെ സോഷ്യല്‍ മീഡിയ പ്രവര്‍ത്തനത്തിന് നന്ദി പറഞ്ഞു.
കാല്‍ഗറി സ്‌കൈവ്യൂവിലെ അമന്‍പ്രീത് സിംഗ് ഗില്ലാണ് കണ്‍സര്‍വേറ്റീവുകള്‍ക്ക് മറ്റൊരു വിജയം സമ്മാനിച്ചത്. ബിസിനസുകാരനും ഗുരുദ്വാര മാനേജരുമാണ് അദ്ദേഹം.
മുതിര്‍ന്ന എം പി ടിം ഉപ്പല്‍ എഡ്മണ്ടണ്‍ മില്‍ വുഡ്സിലെ തന്റെ സീറ്റ് നിലനിര്‍ത്തി. 2008ല്‍ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട ഉപ്പല്‍, ജനാധിപത്യ പരിഷ്‌കരണ സഹമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
ക്യൂബെക്കില്‍ ലിബറല്‍ പാര്‍ട്ടിയിലെ അഞ്ജു ധില്ലണ്‍ തന്റെ വിജയ പരമ്പര തുടര്‍ന്നു. 2015ല്‍ തെരഞ്ഞെടുക്കപ്പെട്ട അവര്‍ പ്രവിശ്യയില്‍ നിന്നുള്ള ആദ്യത്തെ ദക്ഷിണേഷ്യന്‍ വനിതാ എം പിയായിരുന്നു. കൂടാതെ സ്ത്രീകളുടെ സ്റ്റാറ്റസിനായി പാര്‍ലമെന്ററി സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഇന്ത്യന്‍ വംശജരായ സ്ഥാനാര്‍ഥികളില്‍ നിരവധി പേര്‍ ഒന്റാറിയോയിലും വിജയിച്ചു. മുന്‍ മന്ത്രിയും അഭിഭാഷകയുമായ റൂബി സഹോട്ട (ലിബറല്‍, ബ്രാംപ്ടണ്‍ നോര്‍ത്ത്) മറ്റൊരു ടേം കൂടി നേടി. ഹാര്‍വാര്‍ഡ് വിദ്യാഭ്യാസം നേടിയ അഭിഭാഷകയും 2021ല്‍ ഏറ്റവും പ്രായം കുറഞ്ഞ എം പിമാരില്‍ ഒരാളുമായ ഇഖ്വീന്ദര്‍ ഗഹീര്‍ തന്റെ മിസിസാഗ-മാള്‍ട്ടണ്‍ സീറ്റ് നിലനിര്‍ത്തി.
2019ല്‍ ആദ്യമായി പാര്‍ലമെന്റില്‍ പ്രവേശിച്ച സംരംഭക മനീന്ദര്‍ സിദ്ധു ബ്രാംപ്ടണ്‍ ഈസ്റ്റില്‍ വീണ്ടും തെരഞ്ഞെടുപ്പില്‍ വിജയിച്ചു. ബ്രാംപ്ടണ്‍ സൗത്തിനെ പ്രതിനിധീകരിക്കുന്ന സോണിയ സിദ്ധുവും തന്റെ സ്ഥാനം നിലനിര്‍ത്തി. മുന്‍ പ്രമേഹ വിദ്യാഭ്യാസ പ്രവര്‍ത്തകയായിരുന്ന അവര്‍ സ്ത്രീകളുടെ ആരോഗ്യത്തിലും അവകാശങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
മുന്‍ പ്രവിശ്യാ മന്ത്രി പര്‍മ് ഗില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ മില്‍ട്ടണ്‍ ഈസ്റ്റ്ഹാള്‍ട്ടണ്‍ ഹില്‍സ് സൗത്ത് സീറ്റില്‍ വിജയിച്ചു. മുന്‍ ഫെഡറല്‍ കാബിനറ്റ് മന്ത്രിയായ ബാര്‍ഡിഷ് ചാഗര്‍ വാട്ടര്‍ലൂവില്‍ തന്റെ സ്ഥാനം നിലനിര്‍ത്തി.
ഈ വര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ 10 പുതിയ ഇന്തോ- കനേഡിയന്‍ എം പിമാരാണ് ഇടം നേടിയത്.
