ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തെതുടര്‍ന്ന് കശ്മീര്‍ താഴ്‌വരയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു. കശ്മീരിലെ 87 ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ 48 കേന്ദ്രങ്ങളാണ് അടച്ചത്. സുരക്ഷാ ക്രമീകരണങ്ങളെ മുന്‍നിര്‍ത്തിയാണ് തീരുമാനം. സുരക്ഷാനടപടികള്‍ പുരോഗമിച്ച് വരികയാണെന്നും ചിലപ്പോള്‍ കൂടുതല്‍ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ കൂടി അടച്ചേക്കുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
കശ്മീരിലെ വിദൂരപ്രദേശങ്ങളിലുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളാണ് അടച്ചിരിക്കുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ തുറന്ന പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ചിലതും ഇതില്‍ ഉള്‍പ്പെടും.
ദൂഷ്പത്രി, കൊക്കര്‍നാഗ്, ദുക്‌സം, സിന്താന്‍ ടോപ്പ്, അച്ചബാല്‍, ബംഗസ് വാലി, മാര്‍ഗന്‍ ടോപ്പ്, തോസമൈദാന്‍ എന്നീ കേന്ദ്രങ്ങളിലാണ് സഞ്ചാരികള്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടയ്ക്കുന്നതുമായി സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക അറിയിപ്പൊന്നും ഉണ്ടായിട്ടില്ലെങ്കിലും അവിടങ്ങളിലേക്കുള്ള പ്രവേശനം തടഞ്ഞിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ദക്ഷിണ കശ്മീരിലെ മുഗള്‍ ഗാര്‍ഡനുകളിലേക്കുള്ള പ്രവേശനവും തടഞ്ഞിരിക്കുകയാണ്. പഹല്‍ഗാമിലെ പുല്‍മേടുകളില്‍ ഭീകരവാദികള്‍ 26 പേരെ വെടിവച്ചു കൊന്നതിന് ഒരാഴ്ചയ്ക്ക് ശേഷമാണ് വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാനുള്ള തീരുമാനം.
സുരക്ഷ കണക്കിലെടുത്ത് കശ്മീര്‍ താഴ്‌വരയിലെ 48 വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു
