അമേരിക്കയിലെ കുടിയേറ്റ ശതകോടീശ്വര പട്ടികയില്‍ ഇന്ത്യന്‍ വംശജര്‍ മുന്നില്‍

അമേരിക്കയിലെ കുടിയേറ്റ ശതകോടീശ്വര പട്ടികയില്‍ ഇന്ത്യന്‍ വംശജര്‍ മുന്നില്‍


വാഷിംഗ്ടണ്‍: അമേരിക്കയില്‍ താമസിക്കുന്ന കുടിയേറ്റ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഇന്ത്യ മുന്നില്‍. അമേരിക്കയ്ക്ക് പുറത്താണ് ജനിച്ചതെങ്കിലും നിലവില്‍ യു എസില്‍ താമസിക്കുന്ന രാജ്യത്തെ സമ്പന്നരായ വ്യക്തികളുടെ 2026ലെ ഫോര്‍ബ്‌സ് പട്ടികയില്‍ ഇന്ത്യന്‍ വംശജരായ 19 വ്യവസായ പ്രമുഖരാണ് ഇടം നേടിയത്.

കഴിഞ്ഞ വര്‍ഷത്തെ പട്ടികയില്‍ 12 ഇന്ത്യന്‍ വംശജര്‍ ഉണ്ടായിരുന്ന സ്ഥാനത്താണ് പുതുതായി ഏഴുപേര്‍ കൂടി ഇടം പിടിച്ചത്. ജനറല്‍ കാറ്റലിസ്റ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഹെമന്ത് തനേജ, പാലന്റിര്‍ ചീഫ് ടെക്‌നോളജി ഓഫീസര്‍ ശ്യാം ശങ്കര്‍, ആസ്റ്ററ ലാബ്‌സ് സഹസ്ഥാപകരായ സഞ്ജയ് ഗജേന്ദ്ര, ജിതേന്ദ്ര മോഹന്‍ എന്നിവരാണ് പുതുതായി പട്ടികയിലെത്തിയ പ്രമുഖര്‍.

11 വീതം കുടിയേറ്റ ശതകോടീശ്വരന്മാരുള്ള ഇസ്രയേലും തായ്വാനുമാണ് ഇന്ത്യയ്ക്ക് പിന്നിലുള്ളത്. 

ഇന്ത്യന്‍ വംശജരില്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനത്തുള്ളത് സണ്‍ മൈക്രോസിസ്റ്റംസ് സഹസ്ഥാപകന്‍ വിനോദ് ഖോസ്ലയാണ്. ഏകദേശം 13.9 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. മൊത്തം കുടിയേറ്റ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഖോസ്ല 13-ാം സ്ഥാനത്താണ്. ടെസ്ല ചീഫ് എക്‌സിക്യൂട്ടീവ് ഇലോണ്‍ മസ്‌കാണ് പട്ടികയില്‍ ഒന്നാമത്. ഗൂഗിള്‍ സഹസ്ഥാപകന്‍ സെര്‍ജി ബ്രിന്നും ഖോസ്ലയ്ക്ക് മുന്നിലുണ്ട്.

സിസ്‌കലര്‍ ചീഫ് എക്‌സിക്യൂട്ടീവ് ജയ് ചൗധരി, ഇന്‍ഡിഗോ സഹസ്ഥാപകന്‍ രാകേഷ് ഗാംഗ്വാള്‍, സോഫ്റ്റ്വെയര്‍ സംരംഭകന്‍ രോമേഷ് വാധ്വാനി എന്നിവരും പട്ടികയിലെ പ്രമുഖ ഇന്ത്യന്‍ വംശജരാണ്.

മൈക്രോസോഫ്റ്റ് ചീഫ് എക്‌സിക്യൂട്ടീവ് സത്യ നാദെല്ലയും ആല്‍ഫബെറ്റ് ചീഫ് എക്‌സിക്യൂട്ടീവ് സുന്ദര്‍ പിച്ചൈയും യു എസില്‍ താമസിക്കുന്ന സമ്പന്നരായ വിദേശജന്മക്കാരുടെ പട്ടികയില്‍ ഇത്തവണയും സ്ഥാനം നിലനിര്‍ത്തി.

പുതുതായി പട്ടികയിലെത്തിയ ഇന്ത്യന്‍ വംശജരില്‍ സാങ്കേതിക മേഖലയാണ് സമ്പത്തിന്റെ പ്രധാന ഉറവിടം. ജനറല്‍ കാറ്റലിസ്റ്റിന്റെ മേധാവിയായ ഹെമന്ത് തനേജയുടെ ആസ്തി 3.6 ബില്യണ്‍ ഡോളറായാണ് കണക്കാക്കുന്നത്. ആന്ത്രോപിക് ഉള്‍പ്പെടെയുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനികളിലെ ജനറല്‍ കാറ്റലിസ്റ്റിന്റെ നിക്ഷേപങ്ങളാണ് അദ്ദേഹത്തിന്റെ സമ്പത്ത് വര്‍ധിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത്.

പാലന്റിറിന്റെ ചീഫ് ടെക്‌നോളജി ഓഫീസറായി നേതൃത്വനിരയിലെത്തിയ ശ്യാം ശങ്കറും കമ്പനിയുടെ മൂല്യവും സ്വാധീനവും വര്‍ധിച്ചതോടെ ശതകോടീശ്വര പട്ടികയില്‍ ഇടം നേടി.

2026ലെ ഫോര്‍ബ്‌സ് പട്ടികയില്‍ അമേരിക്കയില്‍ താമസിക്കുന്ന 144 കുടിയേറ്റ ശതകോടീശ്വരന്മാരാണ് ഇടം നേടിയിരിക്കുന്നത്. ഇവരുടെ ആകെ സമ്പത്ത് 2.2 ട്രില്യണ്‍ ഡോളറാണ്. കഴിഞ്ഞ വര്‍ഷം പട്ടികയില്‍ ഉള്‍പ്പെട്ട 125 വിദേശജന്മ ശതകോടീശ്വരന്മാരുടെ സംയുക്ത സമ്പത്ത് 1.3 ട്രില്യണ്‍ ഡോളറായിരുന്നു.

ഒറ്റ വര്‍ഷത്തിനിടെ കുടിയേറ്റ ശതകോടീശ്വരന്മാരുടെ എണ്ണത്തിലും അവരുടെ സംയുക്ത സമ്പത്തിലും ഉണ്ടായ ഈ വര്‍ധനയില്‍ സാങ്കേതികവിദ്യ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സോഫ്റ്റ്വെയര്‍ മേഖലകളുടെ നിര്‍ണായക പങ്കാണ് വ്യക്തമാകുന്നത്.