ഒന്നര വര്‍ഷത്തിനിടെ പത്ത് ലക്ഷത്തോളം യുവാക്കള്‍ക്ക് എന്‍ഡിഎ സര്‍ക്കാര്‍ ജോലിനല്‍കിയെന്ന് മോഡി

ഒന്നര വര്‍ഷത്തിനിടെ പത്ത് ലക്ഷത്തോളം യുവാക്കള്‍ക്ക് എന്‍ഡിഎ സര്‍ക്കാര്‍ ജോലിനല്‍കിയെന്ന് മോഡി


ന്യൂഡല്‍ഹി : രാജ്യത്ത് പത്ത് ലക്ഷത്തോളം യുവാക്കള്‍ക്കാണ് എന്‍ഡിഎ ഗവണ്‍മെന്റ് കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ സ്ഥിരമായുള്ള സര്‍ക്കാര്‍ ജോലി നല്‍കിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കേന്ദ്രസര്‍ക്കാരിന്റെ തൊഴില്‍ദാന മേളയായ റോസ്ഗര്‍ മേളയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട 71,000ത്തിലധികം പേര്‍ക്ക് നിയമന കത്ത് ഓണ്‍ലൈനായി കൈമാറിയ ശേഷം സംസാരിക്കവെയാണ് മോദിയുടെ പ്രതികരണം. ഇതിന് മുന്‍പ് ഒരിക്കലും രാജ്യത്ത് ഒരു ഭരണകൂടവും ഇത്തരത്തില്‍ ആര്‍ക്കും തൊഴില്‍ നല്‍കാന്‍ തയ്യാറായില്ലെന്നും ഇതൊരു റെക്കോഡാണെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.

യുവജനങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നയങ്ങളുടെയും പരിപാടികളുടെയും കേന്ദ്രബിന്ദു. സത്യസന്ധതയും സുതാര്യതയും ഉറപ്പുവരുത്തിയാണ് തൊഴില്‍മേളയിലൂടെ അര്‍ഹരായവരെ തെരഞ്ഞെടുത്തത്. വനിതകളാണ് തൊഴില്‍ നേടിയവരില്‍ ഭൂരിഭാഗം പേരും. സ്ത്രീകളെ സ്വയം പര്യാപ്തരാക്കുക എന്നതാണ് തന്റെ സര്‍ക്കാരിന്റെ ശ്രമമെന്നും മോഡി പറഞ്ഞു.

സ്ത്രീകള്‍ക്ക് 26 ആഴ്ചത്തെ പ്രസവാവധി അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം അവരുടെ കരിയറില്‍ വളരെയധികം ഗുണം ചെയ്തു. 'പിഎം ആവാസ് യോജന' പദ്ധതി പ്രകാരം നിര്‍മിച്ച വീടുകളുടെ ഭൂരിഭാഗം ഉടമസ്ഥരും സ്ത്രീകളാണ്. സ്ത്രീകളുടെ നേതൃത്വത്തിലാണ് രാജ്യത്ത് വികസനവും നടക്കുന്നത്.

സ്റ്റാര്‍ട്ടപ്പ് ഇന്ത്യയോ ഡിജിറ്റല്‍ ഇന്ത്യയോ ബഹിരാകാശ, പ്രതിരോധ മേഖലകളിലെ പരിഷ്‌കാരങ്ങളോ ആകട്ടെ അങ്ങനെ എല്ലാ മേഖലയിലും ഇന്ത്യന്‍ യുവാക്കളുടെ അറിവും കഴിവുകളും പരമാവധി പ്രയോജനപ്പെടുത്തുക എന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. ദേശീയ വിദ്യാഭ്യാസ നയം പോലും യുവാക്കളുടെ വികസനത്തിനും മാതൃഭാഷകളുടെ ഉപയോഗത്തിനും ഊന്നല്‍ നല്‍കുന്നു. 13 ഭാഷയിലൂടെ പ്രവേശനപരീക്ഷ എഴുതാന്‍ കഴിയുമെന്ന് ഉറപ്പാക്കുന്നതിലൂടെ ഭാഷ തടസമല്ലെന്ന് സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം, റോസ്ഗര്‍ മേളയിലൂടെ തെരഞ്ഞെടുക്കപ്പെട്ട 71,000 പേരില്‍ 29 ശതമാനവും ഒബിസി വിഭാഗത്തില്‍ നിന്നുള്ളവരാണെന്ന് ചടങ്ങില്‍ സംസാരിച്ച കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. യുപിഎ സര്‍ക്കാരിനെ അപേക്ഷിച്ച് പിന്നാക്ക വിഭാഗങ്ങളുടെ റിക്രൂട്ട്മെന്റില്‍ 27 ശതമാനം വര്‍ധനവാണ് മോദി സര്‍ക്കാരിനു കീഴിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. 71,000 പേരുടെ പട്ടികയില്‍ പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗങ്ങളില്‍ നിന്നും യഥാക്രമം 15.8, 9.6 ശതമാനം പേരുമാണ് ഇടം പിടിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.