ഇസ്ലാമബാദ് : ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയില്‍ ഭീകരാക്രമണം. ആക്രമണത്തില്‍ തെഹ്രിക്-ഇ-താലിബാന്‍ പാകിസ്ഥാന്‍ (ടിടിപി) എന്ന നിരോധിത സംഘടനയുടെ കമാന്‍ഡര്‍ ഉള്‍പ്പെടെ 11 ഭീകരര്‍ കൊല്ലപ്പെട്ടതായി പാകിസ്ഥാന്‍ സുരക്ഷാസേന അറിയിച്ചു. ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയില്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ അടിസ്ഥാനത്തില്‍ രണ്ട് ഓപ്പറേഷനുകളിലായാണ് ഭീകരരെ വധിച്ചത്.
തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഖൈബര്‍ ജില്ലയിലെ തിരഹ് താഴ്വരയിലും ലക്കി മര്‍വാത് ജില്ലയിലുമാണ് ഓപ്പറേഷന്‍ നടത്തിയത്. പിര്‍ മേള വഴി തിരഹ് താഴ്വരയിലൂടെ നീങ്ങിയ ഒരു സംഘം തീവ്രവാദികളെ സുരക്ഷാ സേന തടഞ്ഞിരുന്നു. തുടര്‍ന്നുണ്ടായ വെടിവയ്പ്പില്‍ 10 തീവ്രവാദികള്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൊല്ലപ്പെട്ട തീവ്രവാദികളില്‍ സംഘത്തെ നയിച്ച ഒരു കമാന്‍ഡറും ഉള്‍പ്പെടുന്നുവെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
നിരോധിത തീവ്രവാദ സംഘടനയായ ഹാഫിസ് ഗുല്‍ ബഹാദൂര്‍ ഗ്രൂപ്പില്‍പ്പെട്ടവരാണ് കൊല്ലപ്പെട്ട തീവ്രവാദികള്‍. ലക്കി മര്‍വാട്ട് ജില്ലയിലും ഷാഗായി മേഖലയിലും പൊലീസും തീവ്രവാദ വിരുദ്ധ വകുപ്പും (സിടിഡി) രഹസ്യാന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് സംയുക്ത ഓപ്പറേഷന്‍ നടത്തിയത്.
ലക്കി മര്‍വാത് ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെടുകയും ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുക്കുകയും ചെയ്തു. ഒന്നിലധികം ബോംബ് സ്ഫോടനങ്ങളില്‍ ഉള്‍പ്പെട്ടതായി ആരോപിക്കപ്പെടുന്ന ഉന്നത ഭീകരന്‍ ലാംബ എന്നറിയപ്പെടുന്ന കുപ്രസിദ്ധ കമാന്‍ഡര്‍ ഇനാമുള്ളയുടെ അടുത്ത അനുയായിയായിരുന്ന ആസിഫ് അലിയാണ് കൊല്ലപ്പെട്ട ഭീകരന്‍.
ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയില്‍ ഭീകരാക്രമണം; സുരക്ഷാസേനയുടെ തിരിച്ചടിയില്‍ 11 ഭീകരര്‍ കൊല്ലപ്പെട്ടു