37 പേരുടെ വധശിക്ഷയില്‍ ബൈഡന്‍ ഇളവ് നല്‍കി

37 പേരുടെ വധശിക്ഷയില്‍ ബൈഡന്‍ ഇളവ് നല്‍കി


വാഷിംഗ്ടണ്‍: ട്രംപ് അധികാരമേല്‍ക്കാന്‍ ഒരു മാസം ബാക്കിനില്‍ക്കെ 37 പേരുടെ വധശിക്ഷ പ്രസിഡന്റ് ജോ ബൈഡന്‍ ഇളവു ചെയ്തു. ഫെഡറല്‍ വധശിക്ഷ പുന:രാരംഭിക്കുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചിരുന്നത്. 

ഫെഡറല്‍ വധശിക്ഷയ്ക്ക് വിധേയരായ മിക്കവാറും എല്ലാ തടവുകാരുടെയും ശിക്ഷയില്‍ ബൈഡന്‍ ഇളവ് നല്‍കിയിട്ടുണ്ട്. 

വധശിക്ഷയില്‍ ഇളവ് ലഭിച്ച് ജീവപര്യന്തമായവര്‍ക്ക് പരോള്‍ ലഭിക്കില്ല. കുപ്രസിദ്ധമായ കൂട്ടക്കൊലകള്‍ നടത്തിയ മൂന്ന് പേര്‍ക്ക് മാത്രമാണ് ഇനി ഫെഡറല്‍ വധശിക്ഷ നിലവിലുള്ളത്. നാല്‍പത് പേര്‍ക്കായിരുന്നു ഫെഡറല്‍ ഗവണ്‍മെന്റ് വധശിക്ഷ വിധിച്ചത്. 

ഫെഡറല്‍ വധശിക്ഷ അവസാനിപ്പിക്കുന്നതിനെക്കുറിച്ച് 2020ല്‍ ബൈഡന്‍ പ്രചാരണം നടത്തിയിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ഭരണകാലത്ത് കോണ്‍ഗ്രസില്‍ നിര്‍ദ്ദേശിച്ച നിയമനിര്‍മ്മാണം പരാജയപ്പെടുകയായിരുന്നു. എങ്കിലും ഫെഡറല്‍ വധശിക്ഷകള്‍ക്ക് മൊറട്ടോറിയം പുറപ്പെടുവിക്കാന്‍ ബൈഡന്‍ നീതിന്യായ വകുപ്പിനോട് നിര്‍ദ്ദേശിച്ചു. ഫെഡറല്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 13 തടവുകാരെയാണ് ട്രംപിന്റെ ആദ്യ ടേമില്‍ വധിച്ചത്.

മതപരവും സിവില്‍- റൈറ്റ് ഗ്രൂപ്പുകളുടെയും വിശാലസഖ്യം വധശിക്ഷയ്‌ക്കെതിരെ നടപടി സ്വീകരിക്കാന്‍ ബൈഡനെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. ഈ മാസം ആദ്യം ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ പ്രതിവാര പ്രസംഗത്തില്‍ അമേരിക്കയിലെ കുറ്റാരോപിതരായ അന്തേവാസികളുടെ ശിക്ഷാ ഇളവുകള്‍ക്കായി പ്രാര്‍ഥിക്കുകയും ചെയ്തിരുന്നു. അതോടെയാണ് ബൈഡന്റെ ശ്രമങ്ങള്‍ക്ക് ആക്കം കൂടിയത്. 

ക്രിസ്തുമസിനായിരിക്കും പ്രസിഡന്റില്‍ നിന്നും ശിക്ഷാ ഇളവ് പ്രഖ്യാപനമുണ്ടാവുകയെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും അതിനു മുമ്പേ പ്രഖ്യാപനം പുറത്തുവന്നു. 

ഫെഡറല്‍ ജയിലുകളുടെ മേല്‍നോട്ടം വഹിക്കുന്ന അറ്റോര്‍ണി ജനറല്‍ മെറിക്ക് ഗാര്‍ലന്‍ഡ് തീവ്രാദ, വിദ്വേഷ കുറ്റകൃത്യങ്ങളുടെ ശിക്ഷ ഒഴികെ മറ്റെല്ലാ ശിക്ഷകളും ഇളവ് ചെയ്യാന്‍ ബൈഡന് ശുപാര്‍ശ ചെയ്തിരുന്നു.