കാനഡയും പനാമ കനാലും കഴിഞ്ഞു; ഇനി ട്രംപിന് വേണ്ടത് ഗ്രീന്‍ലാന്റ്

കാനഡയും പനാമ കനാലും കഴിഞ്ഞു; ഇനി ട്രംപിന് വേണ്ടത് ഗ്രീന്‍ലാന്റ്


വാഷിംഗ്ടണ്‍: ദേശീയ സുരക്ഷയുടെ സമ്പൂര്‍ണ ആവശ്യകത എന്ന് വിശേഷിപ്പിച്ച് ഗ്രീന്‍ലാന്റിനെ അമേരിക്ക വാങ്ങി നിയന്ത്രണം ഏറ്റെടുക്കണമെന്ന ഡൊണള്‍ഡ് ട്രംപിന്റെ നിര്‍ദ്ദേശം വിവാദത്തില്‍. ട്രൂത്ത് സോഷ്യലിലെ പോസ്റ്റിലാണ് ട്രംപിന്റെ പുതിയ നിര്‍ദ്ദേശം വന്നത്. 

'ലോകമെമ്പാടുമുള്ള ദേശീയ സുരക്ഷയ്ക്കും സ്വാതന്ത്ര്യത്തിനും വേണ്ടി, ഗ്രീന്‍ലാന്‍ഡിന്റെ ഉടമസ്ഥതയും നിയന്ത്രണവും ഒരു സമ്പൂര്‍ണ്ണ ആവശ്യമാണെന്ന് അമേരിക്ക കരുതുന്നു' എന്നാണ് അദ്ദേഹം ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്. ഭൂമിശാസ്ത്രപരമായി വടക്കേ അമേരിക്കയുടെ ഭാഗമാണ് ഗ്രീന്‍ലാന്റ് എങ്കിലും ഡെന്മാര്‍ക്കിന് കീഴിലുള്ള സ്വയംഭരണ പ്രദേശമാണത്. ഗ്രീന്‍ലാന്‍ഡ് വാങ്ങാന്‍ ട്രംപ് താല്‍പര്യം കാണിക്കുന്നത് ഇതാദ്യമല്ല. 

പ്രസിഡന്റായ തന്റെ ആദ്യ ടേമില്‍ ദ്വീപ് വാങ്ങാനുള്ള ആശയം അദ്ദേഹം മുന്നോട്ടുവെച്ചിരുന്നു. ഡാനിഷ് ഉദ്യോഗസ്ഥര്‍ ഈ നിര്‍ദ്ദേശം നിരസിച്ചതിനെത്തുടര്‍ന്ന് ഡെന്‍മാര്‍ക്കിലേക്കുള്ള സന്ദര്‍ശനം പോലും അദ്ദേഹം റദ്ദാക്കി.

ഗ്രീന്‍ലാന്‍ഡ് വില്‍പ്പനയ്ക്കുള്ളതല്ലെന്നും ഗ്രീന്‍ലാന്‍ഡ് ഡാനിഷ് അല്ലെന്നും ഗ്രീന്‍ലാന്‍ഡ് ഗ്രീന്‍ലാന്‍ഡിന്റെതാണെന്നും ഡെന്മാര്‍ക്കിന്റെ പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സെന്‍ ആ സമയത്ത് പറഞ്ഞിരുന്നു. 

ദ്വീപിന്റെ വടക്കുപടിഞ്ഞാറന്‍ തീരത്തുള്ള പിറ്റൂഫിക് സ്പേസ് ബേസ് (മുമ്പ് തുലെ എയര്‍ ബേസ്) വഴി യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഇതിനകം ഗ്രീന്‍ലാന്‍ഡില്‍ സാന്നിധ്യം നിലനിര്‍ത്തുന്നുണ്ട്. 1867 മുതല്‍ ഒന്നിലധികം തവണ ഗ്രീന്‍ലാന്‍ഡ് ഏറ്റെടുക്കുന്ന കാര്യം യു എസ് പരിഗണിച്ചിട്ടുണ്ട്.

പനാമ കനാല്‍ ഉപയോഗിക്കുന്ന യു എസ് കപ്പലുകളുടെ ട്രാന്‍സിറ്റ് ഫീസ് കുറക്കുന്നില്ലെങ്കില്‍  കനാലിന്റെ നിയന്ത്രണം അമേരിക്കയ്ക്ക് തിരികെ നല്‍കണമെന്ന് അദ്ദേഹം കഴിഞ്ഞ ദിവസമാണ് ആവശ്യപ്പെട്ടത്. പനാമ കനാലിന്റെ ഓരോ ചതുരശ്ര മീറ്ററും അതിനോട് ചേര്‍ന്നുള്ള പ്രദേശവും പനാമയുടേതാണെന്നും അത് തുടരുമെന്നും താന്‍ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നുവെന്നാണ് ട്രംപിന്റെ പ്രസ്താവനയ്ക്ക് മറുപടിയായി പനാമയുടെ പ്രസിഡന്റ് ജോസ് റൗള്‍ മുലിനോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സില്‍ പോസ്റ്റ് ചെയ്തത്. 

നമ്മുടെ രാജ്യത്തിന്റെ പരമാധികാരവും സ്വാതന്ത്ര്യവും ചര്‍ച്ച ചെയ്യാവുന്നതല്ലെന്നും മുലിനോ കൂട്ടിച്ചേര്‍ത്തു. ഓരോ പനമാനിയക്കാരും ലോകത്തെവിടെയാണെങ്കിലും അത് അവരുടെ ഹൃദയത്തില്‍ വഹിക്കുന്നുവെന്നും അത് പോരാട്ടത്തിന്റെയും മാറ്റാനാകാത്ത കീഴടക്കലിന്റെയും ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. 

നേരത്തെ കാനഡയെ യു എസിന്റെ 51-ാമത്തെ പ്രവിശ്യയാക്കാമെന്ന നിര്‍ദ്ദേശം പകുതി കളിയായും പകുതി കാര്യമായും കാനഡ പ്രധാനമന്ത്രി ട്രൂഡോയോട് ട്രംപ് പറഞ്ഞിരുന്നു.