ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തിനിടെ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് എം പി പ്രിയങ്ക ഗാന്ധി എന്നിവരെയും ഇന്ത്യ സഖ്യത്തിലെ മറ്റ് നേതാക്കളെയും ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തു.
തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിഷേധിച്ചിരുന്ന പ്രതിപക്ഷ എം പിമാരെ ആകാശവാണി ഭവന്‍ പരിസരത്തുനിന്ന് നീക്കുന്നതിനിടെയാണ് പൊലീസ് നടപടി. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, എം പി ദീപേന്ദര്‍ സിങ് ഹൂഡ എന്നിവരും കസ്റ്റഡിയിലായവരില്‍ ഉള്‍പ്പെടുന്നു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെടുന്നതിനൊപ്പം വോട്ടര്‍പട്ടികകളുടെ പുനഃപരിശോധനയുമായി ബന്ധപ്പെട്ട നടപടികളെയും പ്രതിപക്ഷ നേതാക്കള്‍ ചോദ്യം ചെയ്തു.
ആകാശവാണി ഭവന്‍ പരിസരത്ത് പ്രതിഷേധം തുടരുമെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു. പ്രതിഷേധത്തിന് ഡല്‍ഹി പൊലീസിന് എതിര്‍പ്പുണ്ടെങ്കില്‍ മറ്റൊരു വേദി അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ത്യ സഖ്യത്തിലെ എം പിമാര്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ച് തടഞ്ഞതിനെ തുടര്‍ന്ന് ഏകദേശം 100 മീറ്റര്‍ അകലെയുള്ള ആകാശവാണി സമുച്ചയത്തിലേക്ക് നീങ്ങുകയായിരുന്നു.
ഇന്ത്യ സഖ്യത്തിലെ വിവിധ പാര്‍ട്ടികളുടെ നേതാക്കള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. പ്രതിപക്ഷം നടത്തിവരുന്ന 'സേവ് ഡെമോക്രസി' പ്രചാരണത്തിന്റെ ഭാഗമായാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
