യു എസ് ഫെഡറല്‍ റിസര്‍വിന്റെ നയപരിശോധന സമിതികളില്‍ ഇന്ത്യന്‍ വംശജരായ രഘുറാം രാജന്‍, രാജ് ചെട്ടി, ആശ ശര്‍മ

യു എസ് ഫെഡറല്‍ റിസര്‍വിന്റെ നയപരിശോധന സമിതികളില്‍ ഇന്ത്യന്‍ വംശജരായ രഘുറാം രാജന്‍, രാജ് ചെട്ടി, ആശ ശര്‍മ


വാഷിംഗ്ടണ്‍: അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് (ഫെഡ്) ധനനയ രൂപീകരണവും പ്രവര്‍ത്തന രീതിയും സമഗ്രമായി വിലയിരുത്തുന്നതിനായി രൂപീകരിച്ച അഞ്ച് പ്രത്യേക ടാസ്‌ക് ഫോഴ്സുകളുടെ നേതൃത്വത്തെ പ്രഖ്യാപിച്ചു. ഇന്ത്യന്‍ വംശജരായ സാമ്പത്തിക വിദഗ്ധരായ രഘുറാം രാജന്‍, രാജ് ചെട്ടി, മൈക്രോസോഫ്റ്റ് എക്‌സിക്യൂട്ടീവ് ആശ ശര്‍മ എന്നിവര്‍ മൂന്ന് സുപ്രധാന സമിതികള്‍ക്ക് നേതൃത്വം നല്‍കും.

ഫെഡ് ചെയര്‍മാന്‍ കെവിന്‍ വാര്‍ഷ് ജൂണ്‍ 17-ന് ചുമതലയേറ്റതിന് പിന്നാലെയാണ് ഈ നയപരിശോധന പദ്ധതിക്ക് തുടക്കമിട്ടത്. വിലക്കയറ്റ നിയന്ത്രണവും പരമാവധി തൊഴില്‍സാധ്യത ഉറപ്പാക്കലും ഫെഡിന്റെ അടിസ്ഥാന ലക്ഷ്യങ്ങളാണെന്നും അവ കൂടുതല്‍ ഫലപ്രദമായി നടപ്പാക്കാന്‍ വിവിധ മേഖലകളിലെ വിദഗ്ധരുടെ നിര്‍ദേശങ്ങള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്‍ ഗവര്‍ണറായ രഘുറാം രാജന്‍ 'ബാലന്‍സ് ഷീറ്റ് പോളിസി' ടാസ്‌ക് ഫോഴ്സിന് നേതൃത്വം നല്‍കും. ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ സാമ്പത്തിക വിദഗ്ധ കരെന്‍ ഡൈനനും ഫെഡിന്റെ മുന്‍ ഗവര്‍ണര്‍ ജെറമി സ്‌റ്റൈനും അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കും.

ഫെഡിന്റെ നിലവിലെ 6.7 ട്രില്യണ്‍ ഡോളറിന്റെ ബാലന്‍സ് ഷീറ്റും ആസ്തി കൈവശംവെക്കല്‍ നയവും ധനനയത്തില്‍ അതിന്റെ സ്വാധീനവും ഈ സമിതി വിലയിരുത്തും. 2013 മുതല്‍ 2016 വരെ ആര്‍ ബി ഐ ഗവര്‍ണറായിരുന്ന രാജന്‍, സാമ്പത്തിക പ്രതിസന്ധികളെ അതിജീവിക്കുന്നതിലും ഇന്ത്യയുടെ പണപ്പെരുപ്പ നിയന്ത്രണ ചട്ടക്കൂട് ശക്തിപ്പെടുത്തുന്നതിലും നിര്‍ണായക പങ്കുവഹിച്ചിരുന്നു. നിലവില്‍ അദ്ദേഹം ഷിക്കാഗോ സര്‍വകലാശാലയിലെ ബൂത്ത് സ്‌കൂള്‍ ഓഫ് ബിസിനസില്‍ ധനകാര്യ പ്രൊഫസറാണ്.

ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ സാമ്പത്തിക വിദഗ്ധന്‍ രാജ് ചെട്ടി 'ഡാറ്റാ' ടാസ്‌ക് ഫോഴ്സിന്റെ സഹനേതാവാകും. വാള്‍മാര്‍ട്ടിന്റെ മുന്‍ സി ഇ ഒ ഡഗ് മക്മില്ലണും ഷിക്കാഗോ സര്‍വകലാശാലയിലെ കെവിന്‍ മര്‍ഫിയും അദ്ദേഹത്തോടൊപ്പമുണ്ടാകും.

സാമ്പത്തിക നയനിര്‍ണയത്തിന് ആവശ്യമായ യഥാര്‍ഥ സമയ സാമ്പത്തിക വിവരങ്ങളുടെ ഗുണനിലവാരവും ലഭ്യതയും മെച്ചപ്പെടുത്തുന്നതിലാണ് ഈ സമിതി ശ്രദ്ധ കേന്ദ്രീകരിക്കുക. സാമ്പത്തിക അസമത്വം, തൊഴില്‍ വിപണി, സാമൂഹിക മുന്നേറ്റം തുടങ്ങിയ വിഷയങ്ങളിലെ ഗവേഷണങ്ങള്‍ക്ക് രാജ് ചെട്ടി പ്രശസ്തനാണ്.

മൈക്രോസോഫ്റ്റിന്റെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായ ആശ ശര്‍മ 'പ്രൊഡക്ടിവിറ്റി ആന്‍ഡ് ജോബ്‌സ്' ടാസ്‌ക് ഫോഴ്സില്‍ നേതൃത്വം വഹിക്കും. വെഞ്ചര്‍ ക്യാപിറ്റലിസ്റ്റ് മാര്‍ക്ക് ആന്‍ഡ്രീസനും സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ ചാള്‍സ് ഐ ജോണ്‍സും സമിതിയിലെ മറ്റ് അംഗങ്ങളാണ്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ ഐ) ഉള്‍പ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകള്‍ ഉത്പാദനക്ഷമത, തൊഴില്‍, സാമ്പത്തിക വളര്‍ച്ച എന്നിവയില്‍ ഉണ്ടാക്കുന്ന സ്വാധീനം ഈ സമിതി പഠിക്കും. ഭാവിയിലെ ധനനയ തീരുമാനങ്ങളില്‍ സാങ്കേതികവിദ്യയുടെ സ്വാധീനം മനസ്സിലാക്കാന്‍ ഈ പഠനം സഹായിക്കുമെന്നാണ് ഫെഡിന്റെ വിലയിരുത്തല്‍.

ഫെഡിന്റെ ആശയവിനിമയ രീതി, പണപ്പെരുപ്പത്തെക്കുറിച്ചുള്ള നയരൂപീകരണം എന്നിവ വിലയിരുത്തുന്നതിനായി രണ്ട് പ്രത്യേക ടാസ്‌ക് ഫോഴ്സുകളും രൂപീകരിച്ചിട്ടുണ്ട്. ഈ അഞ്ച് സമിതികളും തയ്യാറാക്കുന്ന റിപ്പോര്‍ട്ടുകള്‍ ഈ വര്‍ഷാവസാനത്തോടെ ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റിക്ക് സമര്‍പ്പിക്കും. അമേരിക്കന്‍ കേന്ദ്രബാങ്കിന്റെ ധനനയ ചട്ടക്കൂട് കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുള്ള വിപുലമായ അവലോകനത്തിന്റെ ഭാഗമായാണ് ഈ നടപടികള്‍.