ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് (വെള്ളി) ജമ്മുകശ്മീർ സന്ദർശിക്കും. അനന്ത്‌നാഗിലെ ഗവൺമെന്റ് മെഡിക്കൽ കോളജിലെത്തുന്ന അദ്ദേഹം ഭീകരാക്രമണത്തിൽ പരിക്കേറ്റവരെ സന്ദർശിക്കും. അമേരിക്കൻ സന്ദർശനം വെട്ടിച്ചുരുക്കി ഇന്ത്യയിൽ തിരിച്ചെത്തിയ രാഹുൽ ഗാന്ധി വ്യാഴാഴ്ച കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ പങ്കെടുത്തിരുന്നു. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ വിളിച്ച സർവകക്ഷി യോഗത്തിലും അദ്ദേഹം പങ്കെടുത്തു.
തെക്കൻ കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ പഹൽഗാം പട്ടണത്തിനടുത്തുള്ള പുൽമേട്ടിൽ തീവ്രവാദികൾ വെടിയുതിർത്തതിൽ വിനോദസഞ്ചാരികളടക്കം 26 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഭീകരാക്രമണത്തെ തുടർന്ന് പാകിസ്താനെതിരെ കർശന നടപടിയുമായി ഇന്ത്യ രംഗത്തെത്തിയിരുന്നു. പാകിസ്താനുമായി പതിറ്റാണ്ടുകളായി തുടരുന്ന സിന്ധു നദീജല കരാർ അനിശ്ചിത കാലത്തേക്ക് റദ്ദാക്കുന്നതടക്കമുള്ളവ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് സുരക്ഷ സമിതി യോഗത്തിലാണ് തീരുമാനമായത്.
പാകിസ്താൻ പൗരന്മാരുടെ സാർക്ക് വിസ റദ്ദാക്കുകയും 48 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ ആവശ്യപ്പെടുകയും ചെയ്തു. അട്ടാരിയിലെ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് അടച്ചു. ന്യൂഡൽഹിയിലെ പാകിസ്താൻ ഹൈകമ്മീഷനിലെ പ്രതിരോധ, സൈനിക, നാവിക, വ്യോമ ഉപദേഷ്ടാക്കൾക്ക് ഇന്ത്യ വിടാൻ ഒരാഴ്ച സമയമനുവദിച്ചു. ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമീഷനിൽനിന്ന് ഇന്ത്യ ഉപദേഷ്ടാക്കളെ പിൻവലിക്കും.
പഹൽഗാം ഭീകരാക്രമണം: രാഹുൽ ഗാന്ധി ഇന്ന് ജമ്മുകശ്മീർ സന്ദർശിക്കും
