ന്യൂഡല്‍ഹി: ഏഴ് രാജ്യസഭാ എം പിമാര്‍ ബി ജെ പിയിലേക്ക് കൂറുമാറിയതിനെതിരെ നടപടിയെടുക്കണമെന്ന ആം ആദ്മി പാര്‍ട്ടിയുടെ ആവശ്യം രാജ്യസഭാ ചെയര്‍മാന്‍ സി പി രാധാകൃഷ്ണന്‍ പരിഗണിച്ചില്ല. പകരം രാജ്യസഭയിലെ ആം ആദ്മി പാര്‍ട്ടിയുടെ മൂന്നില്‍ രണ്ട് ഭാഗവും ബി ജെ പിയില്‍ ലയിക്കാനുള്ള അനുവാദം നല്‍കി. ഇതോടെ ആവശ്യമെങ്കില്‍ നിയമപോരാട്ടം നടത്തുമെന്ന് എ എ പി അറിയിച്ചു.
എം പിമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ടുള്ള തങ്ങളുടെ കത്ത് ചെയര്‍മാന്‍ പരിഗണിച്ചിട്ടില്ലെന്നും ആ കത്ത് അദ്ദേഹം പരിഗണിച്ചുകഴിഞ്ഞാല്‍ നീതി നടപ്പാക്കുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നതായും സിംഗ് പറഞ്ഞു.
ഏഴ് എം പിമാര്‍ സമര്‍പ്പിച്ച കത്ത് ചെയര്‍മാന്‍ പരിഗണിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ അവരുടെ ലയനം അദ്ദേഹം അംഗീകരിക്കുകയും ചെയ്തു. തങ്ങള്‍ ഉന്നയിച്ച എതിര്‍പ്പും ഭരണഘടനയുടെ പത്താം ഷെഡ്യൂള്‍ അടിസ്ഥാനമാക്കി തങ്ങള്‍ ആവശ്യപ്പെടുന്ന അയോഗ്യതയും പരിഗണിക്കപ്പെട്ടിട്ടില്ലെന്നും തങ്ങളുടെ കത്ത് പരിഗണിക്കുമ്പോള്‍ ചെയര്‍മാന്‍ ഭരണഘടനയ്ക്കും ജനാധിപത്യത്തിനും അനുകൂലമായി വിധി പറയുകയും ഏഴ് എം പിമാരുടെ അംഗത്വം അയോഗ്യമാക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
രാജ്യസഭാ ചെയര്‍മാന്റെ തീരുമാനം പ്രതികൂലമാണെങ്കില്‍ എ എ പി കോടതിയെ സമീപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
എ എ പിക്കു വേണ്ടി മുതിര്‍ന്ന സുപ്രിം കോടതി അഭിഭാഷകന്‍ കപില്‍ സിബലാണ് രംഗത്തുള്ളത്. ഇത്തരം കാര്യങ്ങള്‍ തീര്‍പ്പാകാന്‍ അഞ്ച് വര്‍ഷം വരെ എടുത്തേക്കാമെന്നും അപ്പോഴേക്കും എന്ത് സംഭവിക്കുമെന്ന് ആര്‍ക്കറിയാമെന്നും സിബല്‍ പറഞ്ഞു.
രാഷ്ട്രീയ പാര്‍ട്ടി മറ്റൊന്നുമായി ലയിക്കുകയും പിന്നീട് അതിന്റെ നിയമസഭാ കക്ഷി പുതിയ പാര്‍ട്ടിയുമായി ലയിക്കുകയും ചെയ്യുക എന്നതാണ് ഭരണഘടനാ വ്യവസ്ഥയെന്ന് സിബല്‍ കൂട്ടിച്ചേര്‍ത്തു.
ഇവിടെ വിപരീതമായാണ് സംഭവിച്ചത്. പാര്‍ട്ടികള്‍ ലയിച്ചിട്ടില്ല, പക്ഷേ രാജ്യസഭയിലെ നിയമസഭാ കക്ഷി ലയിച്ചു. ഇത് സാധ്യമല്ലെന്നും ഭരണഘടനയുടെ പത്താം ഷെഡ്യൂളിനും കൂറുമാറ്റ നിരോധന നിയമത്തിനും എതിരാണെന്നും പറഞ്ഞ കപില്‍ സിബല്‍ പക്ഷേ പ്രശ്‌നം ഇത് നിയമത്തെക്കുറിച്ചല്ലെന്നും രാഷ്ട്രീയത്തെക്കുറിച്ചാണെന്നും വ്യക്തമാക്കി.
