ഉപരോധം കടുത്തപ്പോള്‍ എണ്ണ കയറ്റുമതിക്ക് പുതിയ മാര്‍ഗ്ഗങ്ങള്‍ തേടി ഇറാന്‍

ഉപരോധം കടുത്തപ്പോള്‍ എണ്ണ കയറ്റുമതിക്ക് പുതിയ മാര്‍ഗ്ഗങ്ങള്‍ തേടി ഇറാന്‍


തെഹ്‌റാന്‍: അമേരിക്കയുടെ ഉപരോധ നടപടികളെ തുടര്‍ന്ന് ഇറാന്റെ എണ്ണ കയറ്റുമതി ഗുരുതര പ്രതിസന്ധിയിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. തുറമുഖങ്ങളില്‍ നിന്നുള്ള കപ്പല്‍ ഗതാഗതം തടസ്സപ്പെടുകയും ഒഴിഞ്ഞ ടാങ്കറുകള്‍ക്ക് ചരക്ക് കയറ്റാന്‍ കഴിയാതാകുകയും ചെയ്തതോടെ രാജ്യത്തെ എണ്ണ സംഭരണ ടാങ്കുകള്‍ നിറഞ്ഞുവരികയാണ്.

ഉത്പാദനം നിര്‍ത്തിവയ്ക്കുന്നത് ഒഴിവാക്കാന്‍ ഇറാന്‍ ഇതിനകം തന്നെ കടലില്‍ നില്‍ക്കുന്ന ടാങ്കറുകളില്‍ എണ്ണ സംഭരിച്ച് വരുന്നുണ്ട്. എന്നാല്‍ രാജ്യത്തിന്റെ പ്രധാന വരുമാനമായ എണ്ണ കയറ്റുമതി നിലനിര്‍ത്തുന്നതിന് ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത മാര്‍ഗങ്ങള്‍ ഇപ്പോള്‍ സ്വീകരിക്കേണ്ടിവരുന്നുണ്ടെന്ന് നിലവിലെയും മുന്‍കാലത്തെയും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

ദക്ഷിണ ഇറാനിലെ പ്രധാന എണ്ണ കേന്ദ്രങ്ങളായ അഹ്‌വാസ്, അസാലുയെ എന്നിവിടങ്ങളില്‍ പഴകിയ ടാങ്കുകളും ഉപേക്ഷിക്കപ്പെട്ട സംഭരണ സൗകര്യങ്ങളും (ജങ്ക് സ്റ്റോറേജ്) ഉപയോഗപ്പെടുത്തുന്നതായാണ് വിവരം. കൂടാതെ, റെയില്‍ മാര്‍ഗം ചൈനയിലേക്ക് അയയ്ക്കാനുള്ള ശ്രമവും തുടരുന്നതായി ഇറാന്റെ എണ്ണ കയറ്റുമതി യൂണിയന്‍ വക്താവ് ഹാമിദ് ഹുസൈനി വ്യക്തമാക്കി.

സാധാരണയായി കടല്‍ മാര്‍ഗമാണ് കൂടുതല്‍ ലാഭകരവും കാര്യക്ഷമവുമെന്നതിനാല്‍ റെയില്‍ മാര്‍ഗത്തിലുള്ള കയറ്റുമതി പല രാജ്യങ്ങളും ഒഴിവാക്കാറുണ്ട്. എന്നാല്‍ നിലവിലെ പ്രതിസന്ധി മറികടക്കാന്‍ ഇറാന്‍ ഇതുപോലുള്ള വ്യത്യസ്ത മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടിവരുന്ന സാഹചര്യമാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.