രാമനഗര ജില്ല ഇനി 'ബെംഗളൂരു സൗത്ത്'

രാമനഗര ജില്ല ഇനി 'ബെംഗളൂരു സൗത്ത്'


ബെംഗളൂരു: രാമനഗര ജില്ലയെ 'ബെംഗളൂരു സൗത്ത്' എന്ന് പുനര്‍നാമകരണം ചെയ്യാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

ജനങ്ങളുടെ ആവശ്യത്തെ തുടര്‍ന്നാണ് തീരുമാനം നടപ്പിലാക്കുന്നതെന്നും റവന്യൂ വകുപ്പ് നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും നിയമ- പാര്‍ലമെന്ററി കാര്യ മന്ത്രി എച്ച്.കെ പാട്ടീല്‍ പറഞ്ഞു.

ജില്ലയുടെ പേര് മാത്രമേ മാറുന്നുള്ളൂ എന്നും ബാക്കി എല്ലാം പഴയപടി തന്നെ തുടരുമെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

രാമനഗര, മഗഡി, കനകപുര, ചന്നപട്ടണ, ഹരോഹള്ളി താലൂക്കുകള്‍ ഉള്‍പ്പെടുന്ന ജില്ലയായ രാമനഗര ജില്ലയെ 'ബെംഗളൂരു സൗത്ത്' എന്ന് പുനര്‍നാമകരണം ചെയ്യാനുള്ള നിര്‍ദ്ദേശം അടുത്തിടെ ഉയര്‍ന്നുവന്നിരുന്നു. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം മുഖ്യമന്ത്രിയെ കണ്ട് നിവേദനവും സമര്‍പ്പിച്ചിരുന്നു.