ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഭൂരിഭാഗവും വ്യവസായ ആവശ്യം നിറവേറ്റുന്നവയല്ലെന്ന് റിപ്പോര്‍ട്ട്

ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഭൂരിഭാഗവും വ്യവസായ ആവശ്യം നിറവേറ്റുന്നവയല്ലെന്ന് റിപ്പോര്‍ട്ട്


ന്യൂഡല്‍ഹി: ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഭൂരിഭാഗവും ഇപ്പോഴും വ്യവസായ ആവശ്യങ്ങള്‍ക്ക് അനുയോജ്യമല്ലെന്ന് ടീംലീസ് എഡ്ടെക്കിന്റെ ഫ്രം ഡിഗ്രി ഫാക്ടറീസ് ടു എംപ്ലോയബിലിറ്റി ഹബ്‌സ് എന്ന റിപ്പോര്‍ട്ട്. രാജ്യത്ത് തൊഴിലിന് തയ്യാറെടുക്കുന്ന വിദ്യാഭ്യാസത്തിന് വലിച്ച പ്രാധാന്യം നല്‍കുന്നുണ്ടെങ്കിലും 75 ശതമാനം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വ്യവസായത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ട് കണ്ടെത്തുന്നത്. ബിരുദം പൂര്‍ത്തിയാക്കി ആറുമാസത്തിനുള്ളില്‍ 76 മുതല്‍ 100 ശതമാനം വരെ പ്ലേസ്മെന്റ് നേടാന്‍ കഴിയുന്നത് വെറും 16.67 ശതമാനം സ്ഥാപനങ്ങള്‍ക്കു മാത്രമാണ്.

ഈ അവസ്ഥ സമ്പൂര്‍ണമായും സംവിധാനതലത്തില്‍ രൂപകല്‍പ്പനയുടെ വെല്ലുവിളിയിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ടീംലീസ് എഡ്ടെക്കിന്റെ സ്ഥാപകനും സി ഇ ഒയുമായ ശാന്തനു റൂജ് റിപ്പോര്‍ട്ടിനെ ആഗ്രഹങ്ങളുടെയും നടപ്പിലാക്കലിന്റെയും ഇടയിലെ വ്യക്തമായ വിടവ് പുറത്തുകൊണ്ടുവരുന്നതായി അഭിപ്രായപ്പെട്ടു. ലക്ഷ്യമിടുന്ന ഫലങ്ങള്‍ കൈവരിക്കാന്‍ നിലവിലെ വിദ്യാഭ്യാസ സംവിധാനം ഘടനാപരമായി തയ്യാറായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍  നേരിടുന്ന ഏറ്റവും വലിയ ഘടനാപരമായ തടസ്സമായി പാഠ്യപദ്ധതികളുടെ പ്രസക്തിയെയാണ് റിപ്പോര്‍ട്ട് തിരിച്ചറിഞ്ഞിരിക്കുന്നത്. ഡേറ്റ പ്രകാരം വെറും 8.6 ശതമാനം സ്ഥാപനങ്ങള്‍ക്കാണ് അവരുടെ എല്ലാ കോഴ്സുകളിലും വ്യവസായവുമായി പൂര്‍ണ പൊരുത്തം ഉണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയുന്നത്. അതേസമയം, 51.01 ശതമാനം സ്ഥാപനങ്ങള്‍ക്ക് വ്യവസായവുമായി യാതൊരു പൊരുത്തവുമില്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ക്ലാസ് മുറികളിലെ വ്യവസായ പങ്കാളിത്തം കുറവായതും പ്രശ്‌നം രൂക്ഷമാക്കുന്നു. ഒന്നിലധികം പ്രോഗ്രാമുകളില്‍ 'പ്രൊഫസേഴ്‌സ് ഓഫ് പ്രാക്ടീസ്' സംവിധാനം നടപ്പാക്കിയിട്ടുള്ളത് വെറും 7.56 ശതമാനം സ്ഥാപനങ്ങളിലാണ്. ഇതുമൂലം ഭൂരിഭാഗം വിദ്യാര്‍ഥികള്‍ക്കും ആധുനിക തൊഴില്‍ ആവശ്യകതകളുമായി തുടര്‍ച്ചയായ പരിചയം ലഭിക്കുന്നില്ല.

കൂടാതെ, 60 ശതമാനത്തിലധികം സ്ഥാപനങ്ങള്‍ ഇതുവരെ അംഗീകൃത വ്യവസായ സര്‍ട്ടിഫിക്കേഷനുകള്‍ അക്കാദമിക് കോഴ്സുകളിലേക്ക് ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 'തൊഴില്‍ യോഗ്യത' വെറും പ്രചാരപദമായി മാറാതിരിക്കണമെങ്കില്‍ വ്യവസായ പങ്കാളികളുമായി ചേര്‍ന്നുള്ള പാഠ്യപദ്ധതി രൂപകല്‍പ്പന നിര്‍ബന്ധ ഘടകമാക്കേണ്ടതുണ്ടെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.

തൊഴില്‍ സജ്ജമാവുകയെന്ന പ്രായോഗിക പഠനം അനിവാര്യമാണെന്ന പൊതുവായ വിലയിരുത്തലുണ്ടെങ്കിലും നിലവില്‍ അത് 'ഘടനയും ഏകീകരണവും ഇല്ലാത്ത നിലയിലാണ്' എന്ന് റിപ്പോര്‍ട്ട് പറയുന്നു. നിര്‍ബന്ധിത പ്രായോഗിക പരിശീലനത്തിന്റെ വ്യാപനം വളരെ കുറവാണ്. എല്ലാ കോഴ്സുകളിലും ഇന്റേണ്‍ഷിപ്പുകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് വെറും 9.4 ശതമാനം സ്ഥാപനങ്ങളിലാണ്. 37.8 ശതമാനം സ്ഥാപനങ്ങളില്‍ ഇന്റേണ്‍ഷിപ്പ് സംവിധാനമൊന്നുമില്ല. യഥാര്‍ഥ വ്യവസായ അനുഭവം നല്‍കുന്നതിന് ലൈവ് ഇന്‍ഡസ്ട്രി പ്രൊജക്ടുകള്‍ ഉപയോഗിക്കുന്നത് വെറും 9.68 ശതമാനം സ്ഥാപനങ്ങള്‍ മാത്രമാണ്.

ഈ പ്രായോഗിക പരിചയക്കുറവ് മൂലം വലിയൊരു വിഭാഗം വിദ്യാര്‍ഥികള്‍ തൊഴില്‍ വിപണിയില്‍ മുന്നേറാന്‍ ആവശ്യമായ 'ജോലി സംബന്ധമായ കഴിവുകള്‍' കൈവശമില്ലാതെയാണ് ബിരുദം നേടുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സ്ഥാപനങ്ങള്‍ക്കുള്ള ഏറ്റവും ശക്തമായ സമ്പത്തായ പൂര്‍വ വിദ്യാര്‍ഥി (അലുംനി) ശൃംഖല ഉപയോഗപ്പെടുത്തുന്നതിലും പല സ്ഥാപനങ്ങളും പരാജയപ്പെടുന്നതായി റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നു. വ്യവസായവുമായി ബന്ധം സ്ഥാപിക്കുന്നതിന് അലുംനി നിര്‍ണായക പാലമാണെങ്കിലും 'ഉയര്‍ന്ന രീതിയില്‍ സജീവമായ' അലുംനി സമൂഹം ഉള്ളതായി റിപ്പോര്‍ട്ട് ചെയ്യുന്നത് വെറും 5.44 ശതമാനം സ്ഥാപനങ്ങള്‍ മാത്രമാണ്.

മിക്ക സ്ഥാപനങ്ങളിലും ഈ ബന്ധങ്ങള്‍ വളരെ പരിമിതമോ തീരെ ഇല്ലാത്തതോ ആയതിനാല്‍, വിദ്യാര്‍ഥികള്‍ക്ക് മെന്റര്‍ഷിപ്പ്, വ്യവസായ റഫറലുകള്‍, അനൗപചാരിക നിയമന മാര്‍ഗങ്ങള്‍ എന്നിവയിലേക്കുള്ള പ്രവേശനം ഗണ്യമായി കുറയുന്നു.

'ഡിഗ്രി ഫാക്ടറികളില്‍' നിന്ന് യഥാര്‍ഥ 'എംപ്ലോയബിലിറ്റി ഹബുകളായി' മാറണമെങ്കില്‍ വിദ്യാഭ്യാസ പരിപാടികള്‍ രൂപകല്‍പ്പന ചെയ്യുന്നതിലും നടപ്പിലാക്കുന്നതിലും അടിസ്ഥാനപരമായ മാറ്റം അനിവാര്യമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. വ്യവസായവുമായി പൊരുത്തപ്പെടുന്ന പാഠ്യപദ്ധതികള്‍, നിര്‍ബന്ധിത ഇന്റേണ്‍ഷിപ്പുകള്‍, ഔപചാരിക തൊഴിലുടമ പങ്കാളിത്തങ്ങള്‍ എന്നിവ വിദ്യാഭ്യാസ സംവിധാനത്തിന്റെ ഘടകങ്ങളാക്കണമെന്നതാണ് റിപ്പോര്‍ട്ട് നിര്‍ദേശിച്ച മാര്‍ഗരേഖ.