ട്രംപിനെ പരിഹസിച്ചതിന് സസ്‌പെന്‍ഷനിലായ ഫോര്‍ഡ് തൊഴിലാളിക്ക് മൂന്നര ലക്ഷം ഡോളര്‍ സഹായം

ട്രംപിനെ പരിഹസിച്ചതിന് സസ്‌പെന്‍ഷനിലായ ഫോര്‍ഡ് തൊഴിലാളിക്ക് മൂന്നര ലക്ഷം ഡോളര്‍ സഹായം


വാഷിങ്ടണ്‍: യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒക്ടോബര്‍ 13-ന് ഫോര്‍ഡ് വര്‍ക്കര്‍ ഫെസിലിറ്റി സന്ദര്‍ശിച്ച സമയത്ത് അദ്ദേഹത്തെ പരിഹസിച്ചതിനെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട തൊഴിലാളിയുടെ പിന്തുണ ഉയരുന്നു. 'പെഡോഫൈല്‍ പ്രൊട്ടക്ടര്‍' അഥവാ ശിശുപീഡകരെ സംരക്ഷിക്കുന്നവന്‍ എന്ന പരാമര്‍ശം നടത്തിയതിനെ തുടര്‍ന്നാണ് ട്രംപിന്റെ അസ്വസ്ഥ പ്രതികരണത്തിനിരയായ ടി ജെ സബുല എന്ന തൊഴിലാളിയെ സസ്‌പെന്‍ഡ് ചെയ്തതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഗോഫണ്ട്മി ഉള്‍പ്പെടെ വിവിധ ക്രൗഡ്ഫണ്ടിംഗ് ക്യാമ്പെയ്നുകള്‍ വഴി അദ്ദേഹത്തിനായി 3.5 ലക്ഷം ഡോളറിലധികം തുക ഇതിനകം സമാഹരിച്ചിട്ടുണ്ട്.

ഡിയാന്‍ഡ്ര ഗോര്‍ലേയ് ആരംഭിച്ച സപ്പോര്‍ട്ട് ഫോര്‍ഡ് വര്‍ക്കര്‍ ടി ജെ സബുല ഡ്യൂറിംഗ് സസ്‌പെന്‍ഷന്‍ എന്ന പേരിലുള്ള ഗോഫണ്ട്മി ക്യാമ്പെയ്ന്‍ ഉള്‍പ്പെടെ നിരവധി ധനശേഖരണ പ്രവര്‍ത്തനങ്ങളാണ് നടന്നത്. ഡൊണേഷന്‍ പ്രൊട്ടക്ടഡ് ആയി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഈ ക്യാമ്പെയ്നുകള്‍ക്ക് വലിയ ജനപിന്തുണയാണ് ലഭിച്ചത്.

40 വയസുകാരനായ ടി ജെ സബുല, ഫോര്‍ഡ് ഓട്ടോമോട്ടീവ് കമ്പനിയിലെ ലൈന്‍ വര്‍ക്കറായും യു എ ഡബ്ല്യു ലോക്കല്‍ 600 യൂണിയന്‍ അംഗമായുമാണ് പ്രവര്‍ത്തിച്ചിരുന്നത്. പ്രസിഡന്റ് ട്രംപിനെ പരിഹസിച്ചതിന് ചെയ്തതിന് പിന്നാലെ ശമ്പളമില്ലാതെ അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. നിലവില്‍ ആഭ്യന്തര അന്വേഷണം പുരോഗമിക്കുകയാണെന്നും ജോലിയില്‍ നിന്ന് പിരിച്ചുവിടല്‍ സംബന്ധിച്ച അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംഭവത്തില്‍ തനിക്ക് യാതൊരു പശ്ചാത്താപവും ഇല്ലെന്ന് സബുല വ്യക്തമാക്കി.

'അദ്ദേഹത്തെ ചോദ്യം ചെയ്തതില്‍ എനിക്ക് യാതൊരു ഖേദവുമില്ല,' സബുല പറഞ്ഞു. രാഷ്ട്രീയമായി സ്വതന്ത്രനാണെന്ന് അവകാശപ്പെടുന്ന അദ്ദേഹം, ട്രംപിന് വോട്ട് ചെയ്തിട്ടില്ലെങ്കിലും മുന്‍കാലങ്ങളില്‍ ചില റിപ്പബ്ലിക്കന്‍ നേതാക്കളെ പിന്തുണച്ചിട്ടുണ്ടെന്നും പറഞ്ഞു. എന്നാല്‍ ജോലി നഷ്ടപ്പെടുമോ എന്ന ആശങ്ക തനിക്കുണ്ടായിരുന്നുവെന്നും അദ്ദേഹം സമ്മതിച്ചു.

ധനശേഖരണ പേജിന്റെ വിവരണത്തില്‍, 'ദേശാഭിമാനിയായ ടി ജെ സബുലയ്ക്ക് സഹായം നല്‍കൂ. പ്രസിഡന്റ് ഡൊണാള്‍ഡ് ജെ ട്രംപിനെ 'പെഡോഫൈല്‍ പ്രൊട്ടക്ടര്‍' എന്ന് ശരിയായ രീതിയില്‍ വിളിച്ചുപറഞ്ഞതിനാണ് ഫോര്‍ഡ് ഓട്ടോമോട്ടീവ് കമ്പനിയില്‍ നിന്ന് അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തത്' എന്ന് രേഖപ്പെടുത്തിയിരുന്നു. ഷോണ്‍ വില്യംസ് എന്നയാളാണ് ഈ പേജ് സൃഷ്ടിച്ചതെന്നും സമാഹരിച്ച തുക വിജയകരമായി സബുലയ്ക്ക് കൈമാറിയെന്നും അദ്ദേഹം അറിയിച്ചു.

സംഭവത്തില്‍ വൈറ്റ് ഹൗസും പ്രതികരിച്ചു. സബുലയെ 'ഭ്രാന്തന്‍' എന്ന് വിശേഷിപ്പിച്ച വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ സ്റ്റീവന്‍ ചെങ്, 'ഒരു വ്യക്തി നിയന്ത്രണം വിട്ട് അസഭ്യവാക്കുകള്‍ വിളിച്ചു കൂവുകയായിരുന്നു. പ്രസിഡന്റിന്റെ പ്രതികരണം വ്യക്തവും ഉചിതവുമായിരുന്നു' എന്നായിരുന്നു പ്രസ്താവന.

സംഭവസമയത്ത് പ്രസിഡന്റ് ട്രംപില്‍ നിന്ന് ഏകദേശം 60 അടി മാത്രം അകലെയായിരുന്നു താനെന്നും തന്റെ ശബ്ദം അദ്ദേഹത്തിന് വ്യക്തമായി കേള്‍ക്കാനായിരുന്നുവെന്നും സബുല പറഞ്ഞു. 'ജീവിതത്തില്‍ അപൂര്‍വമായി ലഭിക്കുന്ന അവസരങ്ങള്‍ പിടിച്ചെടുക്കണം. ഇന്ന് ഞാന്‍ അത് ചെയ്തുവെന്ന് തോന്നുന്നു,' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.