ഇസ്ലാമാബാദ്: പാകിസ്ഥാന്‍, ബംഗ്ലാദേശ് ഉള്‍പ്പെടെ 70-ലധികം രാജ്യങ്ങള്‍ക്കുള്ള ഇമിഗ്രന്റ് വിസ നടപടികള്‍ താത്ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ യു എസ് തീരുമാനിച്ചതിനെ തുടര്‍ന്ന് വിലക്ക് ഉടന്‍ പിന്‍വലിക്കപ്പെടുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച് പാകിസ്ഥാന്‍ രംഗത്തെത്തി.
ഇത് യു എസിലെ കുടിയേറ്റ നയങ്ങളെക്കുറിച്ചുള്ള വ്യാപകമായ ആഭ്യന്തര അവലോകനത്തിന്റെ ഭാഗമാണെന്ന് പാകിസ്ഥാന്‍ അധികൃതര്‍ വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിന് യു എസ് അധികൃതരുമായി പാകിസ്ഥാന്‍ നിരന്തരം ബന്ധത്തിലാണെന്നും സാഹചര്യം ഇപ്പോഴും മാറിക്കൊണ്ടിരിക്കുന്നതാണെന്നും പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് താഹിര്‍ അന്ദ്രാബി പറഞ്ഞു.
ഈ തീരുമാനം നടപടിക്രമപരമായ അവലോകനമാണെന്നാണ് പാകിസ്ഥാന്‍ വിലയിരുത്തുന്നതെന്നും സമയക്രമത്തില്‍ സാധാരണ വിസ നടപടികള്‍ പുന:രാരംഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇമിഗ്രന്റ് വിസകള്‍ താത്ക്കാലികമായി നിര്‍ത്തിവച്ചത് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കാനുള്ള പുതുക്കിയ നീക്കത്തിന്റെ ഭാഗമാണെന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കി. യു എസിലെ പൊതു ക്ഷേമ സംവിധാനങ്ങളില്‍ അമിതമായി ആശ്രയിക്കുമെന്ന് കരുതുന്ന രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരെയാണ് ഈ നടപടി പ്രധാനമായും ലക്ഷ്യമിടുന്നതെന്നും ഭരണകൂടം അറിയിച്ചു.
എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവച്ച ഔദ്യോഗിക പ്രസ്താവന പ്രകാരം പാകിസ്ഥാന്‍, ബംഗ്ലാദേശ്, ഇറാന്‍, റഷ്യ, നേപ്പാള്‍, അഫ്ഗാനിസ്ഥാന്‍, ഈജിപ്ത്, ഇറാഖ്, കുവൈത്ത്, ലെബനന്‍, മൊറോക്കോ, സുഡാന്‍, തായ്ലന്‍ഡ്, യെമന്‍ എന്നിവ ഉള്‍പ്പെടെ 75 രാജ്യങ്ങളിലേക്കുള്ള ഇമിഗ്രന്റ് വിസ നടപടികളാണ് നിര്‍ത്തിവച്ചിരിക്കുന്നത്. പുതിയ കുടിയേറ്റക്കാര്‍ അമേരിക്കന്‍ നികുതിദായകര്‍ക്ക് സാമ്പത്തിക ഭാരമാകില്ലെന്ന് ഉറപ്പാക്കുന്നതുവരെ ഈ വിലക്ക് തുടരുമെന്നും അമേരിക്ക ഫസ്റ്റ് നയം ഭരണകൂടം വീണ്ടും ആവര്‍ത്തിച്ചു.
ജനുവരി 21 മുതല്‍ ഈ വിലക്ക് പ്രാബല്യത്തില്‍ വരുമെന്നും ഇത് ഇമിഗ്രന്റ് വിസകള്‍ക്ക് മാത്രമാണെന്നും യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി. ടൂറിസ്റ്റ്, ബിസിനസ് വിസകള്‍ പോലുള്ള നോണ്‍-ഇമിഗ്രന്റ് വിസ വിഭാഗങ്ങളെ ഇത് ബാധിക്കില്ല. ചരിത്രപരമായി യു എസിലെത്തിയ ശേഷം പൊതു ധനസഹായങ്ങളില്‍ ആശ്രയിക്കുന്നതായി കണ്ടെത്തിയ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരെയാണ് ഈ നടപടി ബാധിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.
