യു എസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍ ഇന്ത്യയുടെ രാഷ്ട്രപതിക്ക് അധികാരപത്രങ്ങള്‍ സമര്‍പ്പിച്ചു

യു എസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍ ഇന്ത്യയുടെ രാഷ്ട്രപതിക്ക് അധികാരപത്രങ്ങള്‍ സമര്‍പ്പിച്ചു


ന്യൂഡല്‍ഹി: ഇന്ത്യയിലെ യു എസ് അംബാസഡറായി നിയമിതനായ സെര്‍ജിയോ ഗോര്‍ രാഷ്ട്രപതി ഭവനില്‍ നടന്ന ഔദ്യോഗിക ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് അധികാരപത്രങ്ങള്‍ സമര്‍പ്പിച്ചു. ഇതോടെ റിപ്പബ്ലിക് ഓഫ് ഇന്ത്യയിലെ 27-ാമത് യു എസ് അംബാസഡറായി അദ്ദേഹം  ഔദ്യോഗിക ചുമതലയേറ്റു.

അധികാരപത്രങ്ങള്‍ സമര്‍പ്പിച്ച ശേഷം പ്രതികരിച്ച അംബാസഡര്‍ ഗോര്‍ ഇന്ത്യയും യു എസും തമ്മിലുള്ള സഹകരണം കൂടുതല്‍ വ്യാപിക്കുന്ന ഈ ഘട്ടത്തില്‍ ഇന്ത്യയില്‍ സേവനം അനുഷ്ഠിക്കാന്‍ കഴിയുന്നത് വലിയ ബഹുമതിയാണെന്ന് പറഞ്ഞു.

പ്രതിരോധം, വ്യാപാരം, സാങ്കേതികവിദ്യ, നിര്‍ണായക ഖനിജങ്ങള്‍ എന്നീ മേഖലകളില്‍ മുന്‍ഗണനകള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനും ലോകത്തിലെ രണ്ട് വലിയ ജനാധിപത്യ രാജ്യങ്ങളായ ഇന്ത്യയും യു എസും തമ്മിലുള്ള പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുമായി ഇന്ത്യന്‍ സര്‍ക്കാരുമായും ഇന്ത്യന്‍ ജനതയുമായും അടുത്ത് പ്രവര്‍ത്തിക്കാന്‍ താന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാഷിംഗ്ടണും ന്യൂഡല്‍ഹിയും തമ്മില്‍ തന്ത്രപര, സാമ്പത്തിക, സാങ്കേതിക മേഖലകളിലുടനീളം സഹകരണം കൂടുതല്‍ ആഴത്തിലാക്കാന്‍ ശ്രമിക്കുന്ന സമയത്താണ് ഗോര്‍ ഈ ചുമതല ഏറ്റെടുക്കുന്നത്. പ്രതിരോധം, നിര്‍ണായക സാങ്കേതികവിദ്യകള്‍, വിതരണ ശൃംഖലകള്‍ തുടങ്ങിയ മേഖലകളില്‍ ഇരുരാജ്യങ്ങളും സഹകരണം ശക്തിപ്പെടുത്തുന്നുണ്ട്.

ന്യൂഡല്‍ഹിയിലെ ചുമതല ഏറ്റെടുക്കുന്നതിന് മുമ്പ്, വൈറ്റ് ഹൗസില്‍ പ്രസിഡന്റ് അസിസ്റ്റന്റായും പ്രസിഡന്‍ഷ്യല്‍ പെര്‍സണല്‍ ഡയറക്ടറായും സെര്‍ജിയോ ഗോര്‍ സേവനമനുഷ്ഠിച്ചിരുന്നു.

സാമ്പത്തികവും വ്യാപാരവുമായി ബന്ധപ്പെട്ട ചില ഭിന്നതകള്‍ നിലനില്‍ക്കുന്നതിനിടയിലും പ്രതിരോധം, വ്യാപാരം, നിര്‍ണായക ഖനിജങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള മേഖലകളില്‍ ഇരുരാജ്യ ബന്ധങ്ങള്‍ വിപുലീകരിക്കാന്‍ ഇന്ത്യയും യു എസും തുടരുന്ന ശ്രമങ്ങളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ നിയമനം.