മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ സെഷന്‍സ് കോടതി പരിഗണിച്ചില്ല

മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ സെഷന്‍സ് കോടതി പരിഗണിച്ചില്ല


ദുര്‍ഗ്: ഛത്തീസ്ഗഢില്‍ മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ സെഷന്‍സ് കോടതി പരിഗണിച്ചില്ല. ജാമ്യാപേക്ഷ സെഷന്‍സ് കോടതിയിലല്ല നല്‍കേണ്ടതെന്ന് വ്യക്തമാക്കിയാണ് പരിഗണിക്കാതിരുന്നത്. 

കന്യാസ്ത്രീകള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത് ഗുരുതര വകുപ്പുകളാണ്. ഇത് പരിഗണിക്കാന്‍ സെഷന്‍സ് കോടതിക്ക് അധികാരമില്ല. അതിനാല്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നില്ലെന്നും കോടതി അറിയിക്കുകയായിരുന്നു. 

കോടതി ജമ്യാപേക്ഷ പരിഗണിക്കുന്നില്ലെന്ന് അറിയിച്ചതോടെ കോടതിക്ക് പുറത്ത് ബജ്രംഗ്ദള്‍ നേതാക്കള്‍ ആഘോഷ പ്രകടനം നടത്തി. റായ്പൂര്‍ അതിരൂപതയാണ് അപേക്ഷ സമര്‍പ്പിച്ചിരുന്നത്. തുടര്‍ന്ന് ജാമ്യഹര്‍ജിയുമായി ബിലാസ്പുരിലെ എന്‍ഐഎ കോടതിയെ സമീപിക്കാനാണ് നീക്കം. ചൊവ്വാഴ്ച വിചാരണ കോടതിയും ജാമ്യാപേക്ഷ തള്ളിയിരുന്നു.

ഛത്തീസ്ഗഢിലെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍വച്ചാണ് സിസ്റ്റര്‍ പ്രീതി മേരി, സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ് എന്നിവരെ ഞായറാഴ്ച അറസ്റ്റ് ചെയ്തത്. ഇരുവരുമിപ്പോള്‍ ദുര്‍ഗിലെ ജയിലിലാണ്. ജോലി വാഗ്ദാനം ചെയ്ത് മൂന്നു പെണ്‍കുട്ടികളെ മതപരിവര്‍ത്തനം നടത്തി കടത്താന്‍ ശ്രമിക്കുകയായിരുന്നെന്നാണ് ആരോപണം.