മൂന്നാം ക്ലാസുകാരനെ എട്ടാം ക്ലാസുകാരിയായ സഹോദരിയെക്കൊണ്ട് ചൂരലിന് തല്ലിച്ച് പ്രധാനാധ്യാപിക

മൂന്നാം ക്ലാസുകാരനെ എട്ടാം ക്ലാസുകാരിയായ സഹോദരിയെക്കൊണ്ട് ചൂരലിന് തല്ലിച്ച് പ്രധാനാധ്യാപിക


കോയമ്പത്തൂര്‍: കളിക്കുന്നതിനിടെ സഹപാഠിയുമായി വഴക്കുണ്ടാക്കിയ മൂന്നാം ക്ലാസുകാരനെ ഇതേ സ്‌കൂളിലെ എട്ടാം ക്ലാസുകാരിയായ സഹോദരിയെക്കൊണ്ട് ചൂരലിന് തല്ലിച്ച് പ്രധാനാധ്യാപിക. കോയമ്പത്തൂര്‍ ജില്ലയിലെ പൊള്ളാച്ചിക്കടുത്തുള്ള സമീന്‍ മുത്തൂര്‍ ഗവണ്‍മെന്റ് മിഡില്‍ സ്‌കൂളിലാണ് സംഭവം. മാര്‍ച്ച് 14ാണ് മൂന്നാം ക്ലാസുകാരനെ പ്രധാനാധ്യാപിക സഹോദരിയെക്കൊണ്ട് തല്ലിച്ചത്.

എട്ട് വയസുകാരനായ കുട്ടി വഴക്കുണ്ടാക്കിയതായി ക്ലാസ് ടീച്ചര്‍ പ്രധാനാധ്യപികയോട് പരാതിപ്പെടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കുട്ടിയെ തന്റെ മുറിയില്‍ മുട്ടുകുത്തി ഇരുത്തിച്ച പ്രധാനാധ്യാപിക എട്ടാം ക്ലാസുകാരിയായ സഹോദരിയെ വിളിച്ചുവരുത്തി ഒരു ചൂരല്‍ നല്‍കിക്കൊണ്ട് അടിക്കാന്‍ പറയുകയായിരുന്നു. ഇതനുസരിച്ച പെണ്‍കുട്ടി സഹോദരനെ ചൂരലിന് നിരവധി തവണ അടിക്കുകയും ചെയ്തു.

വിദ്യാര്‍ഥിയുടെ കൈകള്‍ക്കും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും പരിക്കേറ്റിരുന്നു. സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയപ്പോള്‍ തന്റെ കൈകള്‍ക്കും കാലുകള്‍ക്കും വേദനയുണ്ടെന്ന് മൂന്നാം ക്ലാസുകാരന്‍ അമ്മയോട് പരാതി പറയുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സ തേടിയതിന് ശേഷം പരിക്കിന്റെ കാരണം ചോദിച്ചപ്പോഴാണ് സ്‌കൂളില്‍ നടന്ന കാര്യങ്ങള്‍ പെണ്‍കുട്ടി അമ്മയോട് പറയുന്നത്.

വിവരമറിഞ്ഞ അമ്മയും ബന്ധുക്കളും ഉടന്‍ തന്നെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീമിന് പരാതി നല്‍കി. ഇതേത്തുടര്‍ന്ന് സ്‌കൂളിലെത്തിയ ഉദ്യോഗസ്ഥരും താലൂക്ക് പൊലീസും വിദ്യാര്‍ഥികളെയും മാതാപിതാക്കളെയും അധ്യാപകരെയും ചോദ്യം ചെയ്തു. വിഷയം ശ്രദ്ധയില്‍പ്പെട്ട പൊള്ളാച്ചി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഷര്‍മ്മിള പ്രധാനാധ്യാപിക തിലഗവതിയുമായി സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി.
കുട്ടിയെ സഹോദരിയെക്കൊണ്ട് തല്ലിച്ചതായി സമ്മതിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇവരെ ബോഡിപാളയം സര്‍ക്കാര്‍ സ്‌കൂളിലേക്ക് മാറ്റിയതായി ഷര്‍മ്മിള അറിയിച്ചു. സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ മോശമായി പെരുമാറിയാല്‍ അവരെ ഉപദേശിക്കണം. പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കുട്ടികളോട് നിര്‍ദേശിക്കണം. ഇത്തരത്തിലുള്ള നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.