യു എസിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കില്‍ നേരിയ കുറവ്

യു എസിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കില്‍ നേരിയ കുറവ്


മുംബൈ: മുംബൈയില്‍ നിന്നും യു എസിലേക്കുള്ള വണ്‍വേ വിമാന യാത്രാ നിരക്ക് 37000 ആയി കുറഞ്ഞു. റിട്ടേണ്‍ നിരക്കാവട്ടെ 76000 രൂപയിലാണ് ആരംഭിക്കുന്നത്. ആദ്യമായാണ് ഈ സമയത്ത് ടിക്കറ്റ് നിരക്ക് ഇത്രയും കുറയുന്നത്. 

ആഗോള എയര്‍ലൈന്‍ രംഗത്തെ മാറ്റങ്ങളും ട്രാന്‍സിറ്റ് ഹബ്ബുകള്‍ വഴിയുള്ള മെച്ചപ്പെട്ട കണക്ടിവിറ്റിയും ഉള്‍പ്പെടെയാണ് ടിക്കറ്റ് നിരക്ക് കുറയാന്‍ കാരണമായത്. ടിക്കറ്റ് നിരക്കില്‍ കുറവ് ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്നത് ഈ വര്‍ഷം മെയ് മാസത്തിലായിരിക്കും. 

മുംബൈ, ഡല്‍ഹി തുടങ്ങിയ പ്രധാന ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് യു എസ് ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള വിമാന യാത്രകള്‍ കൂടുതല്‍ താങ്ങാനാവുന്ന നിരക്കുകളിലേക്ക് മാറുന്നുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ സ്ഥിരമായി നിരക്ക് ഉയരുന്നതില്‍ നിന്നുള്ള മാറ്റമാണിത്. 

കഴിഞ്ഞ വര്‍ഷം ഇതേ പാദവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2025 ഏപ്രില്‍- ജൂണ്‍ കാലയളവില്‍ ശരാശരി നിരക്കുകളില്‍ 5-8 ശതമാനമാണ് കുറവ് അനുഭവപ്പെടുന്നത്. മെച്ചപ്പെട്ട സീറ്റ് ലഭ്യതയും പരിഷ്‌കരിച്ച എയര്‍ലൈന്‍ റൂട്ടിംഗ് തന്ത്രങ്ങളുമാണ് ഈ മാറ്റത്തിന് കാരണമെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു.

ഇന്ത്യന്‍ യാത്രക്കാര്‍ക്ക് വേനല്‍ക്കാലം ഏറ്റവും മികച്ച അവധിക്കാല സീസണാണെന്ന് തോമസ് കുക്ക് (ഇന്ത്യ), എസ്ഒടിസി ട്രാവല്‍ എന്നിവയുടെ പ്രസിഡന്റും ഗ്രൂപ്പ് ഹെഡുമായ ഇന്‍ഡിവര്‍ റസ്‌തോഗി പറയുന്നു. സ്‌കൂളുകള്‍ അടക്കുകയും കുടുംബങ്ങള്‍ ഉള്‍പ്പെടെ യു എസ് പോലുള്ള ജനപ്രിയ ദീര്‍ഘദൂര ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്ര നടത്തുകയും ചെയ്യുന്ന സമയമാണിത്. കൗതുകകരമായ കാര്യം 2025 ഏപ്രില്‍- ജൂണ്‍ കാലയളവില്‍ ഡല്‍ഹിയില്‍ നിന്നും മുംബൈയില്‍ നിന്നും പ്രധാന യു എസ് നഗരങ്ങളിലേക്ക് യാത്രയ്ക്കുള്ള വിമാന നിരക്കുകളില്‍ കഴിഞ്ഞ വര്‍ഷത്തെ ഇതേ സമയത്തെ അപേക്ഷിച്ച് ശരാശരി 5- 8 ശതമാനമാണ് കുറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. 

2025 ജനുവരി- ഫെബ്രുവരി മാസങ്ങളില്‍ നടത്തിയ ബുക്കിംഗുകളുടെ അടിസ്ഥാനത്തില്‍ നിരക്ക് സാന്‍ ഫ്രാന്‍സിസ്‌കോ, ന്യൂയോര്‍ക്ക്, ലോസ് ഏഞ്ചല്‍സ് എന്നിവിടങ്ങളിലേക്കുള്ള നിരക്ക് ശരാശരി 1.15 ലക്ഷമായിരുന്നു. 2024ല്‍ 1.20- 1.25 ലക്ഷമായിരുന്നതാണ് കുറവ് കാണിക്കുന്നത്. ബോസ്റ്റണ്‍, ഒര്‍ലാന്‍ഡോ, മിഷിഗണ്‍ എന്നിവിടങ്ങളിലേക്കുള്ള നിരക്ക് കഴിഞ്ഞ വര്‍ഷം 1.40- 1.45 ലക്ഷവുമായിരുന്നത് 1.35 ലക്ഷം രൂപയായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മിഡില്‍ ഈസ്റ്റേണ്‍ ഹബ്ബുകള്‍ വഴിയുള്ള ട്രാന്‍സിറ്റ് ഫ്‌ളൈറ്റുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ ഫ്െളക്‌സിബിള്‍ യാത്രാ പ്ലാനുകളുള്ള യാത്രക്കാര്‍ക്ക് ഒരു ലക്ഷം രൂപയില്‍ താഴെ റിട്ടേണ്‍ നിരക്കുകള്‍ ലഭിക്കും. ഏകദേശം 85,000 രൂപ നിരക്കുള്ള ടിക്കറ്റുകള്‍ ഡല്‍ഹി അല്ലെങ്കില്‍ ലണ്ടന്‍ വഴി നാല് മണിക്കൂറില്‍ കൂടുതല്‍ ലേഓവറുകള്‍ ഇല്ലാത്ത റൂട്ടുകള്‍ വാഗ്ദാനം ചെയ്യുന്നു.

വലിയ കുടിയേറ്റ ജനസംഖ്യയും അമേരിക്കന്‍ സര്‍വകലാശാലകളിലെ ഗണ്യമായ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണവും യു എസിലേക്കുള്ള യാത്രയ്ക്ക് ഇന്ത്യയില്‍ നിന്നും ഉയര്‍ന്ന ഡിമാന്‍ഡ് അനുഭവപ്പെടുന്ന വിപണിയായാണ് കണക്കാക്കുന്നത്. മുമ്പ് വ്യോമാതിര്‍ത്തി നിയന്ത്രണങ്ങള്‍ കാരണം പരിമിതമായ നേരിട്ടുള്ള കണക്റ്റിവിറ്റിയും ദൈര്‍ഘ്യമേറിയ ഫ്‌ളൈറ്റ് റൂട്ടുകളും നിരക്ക് നിലവാരത്തെ സ്വാധീനിച്ചിരുന്നു.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മുംബൈയില്‍ നിന്നും ഡല്‍ഹിയില്‍ നിന്നും യു എസിലേക്കുള്ള യാത്രാ നിരക്കുകള്‍ ഉയര്‍ന്നതായിരുന്നുവെന്ന് ഒരു എയര്‍ലൈന്‍ ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി. കോവിഡിന് ശേഷം 2022 മാര്‍ച്ചില്‍ ഇന്ത്യ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കായി അതിര്‍ത്തികള്‍ വീണ്ടും തുറന്നപ്പോഴേക്കും യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശം പുതിയ പ്രശ്‌നം സൃഷ്ടിച്ചു. റഷ്യന്‍ വ്യോമാതിര്‍ത്തി ഒഴിവാക്കി വിമാനങ്ങള്‍ പറക്കേണ്ടി വന്നതോടെ കൂടുതല്‍ ദൂരം സഞ്ചരിക്കേണ്ടി വന്നു. മാത്രമല്ല മുംബൈയില്‍ നിന്നും ഡല്‍ഹിയില്‍ നിന്നും യു എസ് ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഉണ്ടായിരുന്ന ചില വിമാനങ്ങള്‍ യു എസ് വിമാനക്കമ്പനികള്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു. 

ചില നേരിട്ടുള്ള സര്‍വീസുകള്‍ പുന:രാരംഭിച്ചിട്ടുണ്ടെങ്കിലും നോണ്‍സ്റ്റോപ്പ് ഫ്‌ളൈറ്റുകളുടെ എണ്ണത്തില്‍ പരിമിതിയുണ്ട്. നിലവിലെ നിരക്ക് പ്രവണത കുറച്ചു കാലമെങ്കിലും തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുടുംബ സന്ദര്‍ശനങ്ങള്‍, വിദ്യാഭ്യാസം അല്ലെങ്കില്‍ ടൂറിസം എന്നിവയ്ക്കായി യു എസിലേക്ക് പോകുന്ന ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ഇത് താത്ക്കാലികമായെങ്കിലും ആശ്വാസം നല്‍കും.