സൂറത്ത്: സൂറത്തില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് പറക്കാന്‍ തയ്യാറെടുത്ത വിമാനത്തിലെ യാത്രക്കാരന്‍ പുക വലിക്കുന്നതിനിടെ പിടിയിലായി. പശ്ചിമ ബംഗാള്‍ സ്വദേശി അശോക് ബിശ്വാസ് എന്ന യാത്രക്കാരനാണ് ടേക്ക് ഓഫിന് മുമ്പേ അറസ്റ്റിലായത്.
വിമാനത്താവളങ്ങളില്‍ കര്‍ശനമായ സുരക്ഷാ പരിശോധനകള്‍ ഉണ്ടായിരുന്നിട്ടും ബിശ്വാസിന് ബീഡിയും തീപ്പെട്ടിയും വിമാനത്തിലേക്ക് കൊണ്ടുപോകാന്‍ കഴിഞ്ഞു. സാങ്കേതിക തകരാറുകള്‍ മൂലമുണ്ടായ കാലതാമസം കാരണം വിമാനം പറന്നുയര്‍ന്നിരുന്നില്ല. തുടര്‍ന്ന് ഒരു എയര്‍ ഹോസ്റ്റസ് ശുചിമുറിയില്‍ നിന്ന് പുകയുടെ ഗന്ധം വരുന്നത് ശ്രദ്ധിച്ചതോടെ വിമാനത്താവളത്തിലെ മുതിര്‍ന്ന എക്‌സിക്യൂട്ടീവിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബിശ്വാസിന്റെ ബാഗില്‍ നിന്ന് ബീഡികളും ഒരു തീപ്പെട്ടിയും കണ്ടെത്തിയത്. ഉടന്‍ തന്നെ ഇയാളെ വിമാനത്തില്‍ നിന്ന് പുറത്തിറക്കി. സംഭവം എയര്‍ലൈന്‍ ഡുമസ് പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്ത് യാത്രക്കാരനെ അറസ്റ്റ് ചെയ്തു.
പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച് വിമാനം വൈകുന്നേരം 4.35ന് പുറപ്പെടേണ്ടതായിരുന്നു. പക്ഷേ സാങ്കേതിക തകരാറുമൂലം കാലതാമസം നേരിട്ടു. വൈകുന്നേരം 5.30ഓടെ എയര്‍ ഹോസ്റ്റസ് പുകയുടെ ഗന്ധം കണ്ടെത്തി തന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ അറിയിച്ചു. കൂടുതല്‍ പരിശോധനയില്‍ 15എ യില്‍ ഇരുന്ന ബിശ്വാസ് നിരോധിത വസ്തുക്കള്‍ കൊണ്ടുപോകുന്നതായി കണ്ടെത്തുകയായിരുന്നു.
മറ്റ് യാത്രക്കാരുടെ ജീവന്‍ അപകടത്തിലാക്കിയതിന് ബിഎന്‍എസ് സെക്ഷന്‍ 125 പ്രകാരം പൊലീസ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എയര്‍ലൈന്‍ ഔദ്യോഗിക പ്രസ്താവനയൊന്നും പുറപ്പെടുവിച്ചിട്ടില്ലെങ്കിലും മുതിര്‍ന്ന എക്‌സിക്യൂട്ടീവ് അധികാരികള്‍ക്ക് ഔദ്യോഗികമായി പരാതി നല്‍കിയിട്ടുണ്ട്.