സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി; ഡല്‍ഹി പോലീസ് നീക്കം നിരാഹാര സമരം 20 ദിവസം പിന്നിട്ടപ്പോള്‍

സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി; ഡല്‍ഹി പോലീസ് നീക്കം നിരാഹാര സമരം 20 ദിവസം പിന്നിട്ടപ്പോള്‍


ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നിരാഹാര സമരം നടത്തിയ പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക്കിനെ പൊലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ഇന്ന് രാവിലെ പോലീസ് ബലം പ്രയോഗിച്ച് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അതേസമയം, ബലപ്രയോ​ഗത്തിലൂടെ സമരക്കാരെ ഒഴിപ്പിക്കാൻ നടത്തിയ നീക്കം ജന്തര്‍മന്തറിൽ സംഘർ‍ഷത്തിൽ എത്തി. പ്രതിഷേധക്കാർക്ക് നേരെ പോലീസ് ലാത്തിചാർജ് നടത്തി. സമരക്കാരെ ഇവിടെ നിന്നും ഒഴിപ്പിക്കുകയാണ്. 

വെള്ളത്തുണികള്‍ കൊണ്ട് വേദി മറച്ച് പൊലീസ് സോനം വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കോക്രോച്ച് ജനതാ പാര്‍ട്ടി(സിജെപി) പ്രവര്‍ത്തകരോട് സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പ്രവര്‍ത്തകര്‍ തയാറായില്ല. ഇതിന് പിന്നാലെ സിജെപി പ്രവർത്തകർ പ്രതിഷേധിച്ചു. തുടര്‍ന്ന് സമരവേദിയില്‍ സംഘര്‍ഷ അന്തരീക്ഷം ഉണ്ടായി.ഡല്‍ഹിയിലെ ജന്തര്‍ മന്ദറില്‍ നടക്കുന്ന നിരാഹാര സമരം 21ആം ദിവസത്തിലേക്ക് എത്തിയപ്പോഴാണ് പൊലീസ് നീക്കം.

നിരാഹാര സമരം നടത്തുകയായിരുന്ന സോനം വാങ്ചുക്കിനെ സര്‍ക്കാര്‍ നിയോഗിച്ച ഡോക്ടര്‍മാരുടെ സംഘം പരിശോധിക്കാനിരിക്കെയായിരുന്നു പോലീസിൻ്റെ നടപടി ഉണ്ടായത്. പോലീസും കേന്ദ്ര സേനയും സമരപ്പന്തലിലേക്ക് ഇരച്ചെത്തുകയായിരുന്നു. പോലീസിൻ്റെ അപ്രതീക്ഷിത നടപടിയിൽ സിജെപി പ്രവർത്തകർ പ്രതിഷേധിച്ചു. അഭിജീത് ദീപ്‌കെ വീട്ടുതടങ്കലിലാണെന്ന് സിജെപി പ്രവർത്തകർ പറഞ്ഞു. വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് 20 ന് പാര്‍ലമെന്റിന് പുറത്ത് സിജെപി പ്രവര്‍ത്തകര്‍ പാര്‍ലമെന്റ് മാര്‍ച്ച് നടത്താനിരിക്കെയാണ് പോലീസ് നീക്കം.