പാകിസ്താനെ വിറപ്പിച്ചത് നൂർഖാൻ വ്യോമതാവളം ആക്രമിച്ചത്

പാകിസ്താനെ വിറപ്പിച്ചത് നൂർഖാൻ വ്യോമതാവളം ആക്രമിച്ചത്


ന്യൂഡൽഹി: ഇന്ത്യ- പാകിസ്താൻ  സൈനിക സംഘർഷത്തിന് ആശ്വാസമായെങ്കിലും പാകിസ്താൻ വെടിനിർത്തൽ ലംഘിച്ചത് ആശങ്ക ഉണ്ടാക്കിയിരുന്നു.  അതിനേക്കാൾ ആശങ്കയായിരുന്നു ഇന്ത്യ ബ്രഹ്മോസ്, ഹാമ്മർ, സ്കാൽപ് മിസൈലുകൾ ഉപയോഗിച്ച് പാകിസ്താനിലെ 10 വ്യോമതാവളങ്ങൾ ലക്ഷ്യമാക്കി നടത്തിയ ആക്രമണം. ഓപ്പറേഷൻ സിന്ദൂറിനേക്കാൾ വലുതായിരുന്നു ഈ ആക്രമണം. ഇതാണ് പാകിസ്താനിൽ വലിയ ആശങ്ക ഉണർത്തിയത്. 

നൂർ ഖാൻ വ്യോമതാവളത്തിൽ ഇന്ത്യ ആക്രമണം നടത്തിയത് പാകിസ്താന്റെ ആണവ സുരക്ഷാ സംവിധാനത്തിന് നേരെയുള്ള ഭീഷണിയായി മാറിയതായി വിലയിരുത്തപ്പെടുന്നു. ഇസ്‌ലാമാബാദിൽ നിന്ന് 10 കിലോമീറ്റർ ദൂരെയുള്ള ഈ താവളം, രാജ്യത്തിന്റെ ഏറ്റവും ശ്രദ്ധേയമായ സൈനിക സജ്ജീകരണങ്ങളിൽ ഒന്നാണ്.

ന്യൂയോർക്ക് ടൈംസ്  റിപ്പോർട്ട് പ്രകാരം ഈ വ്യോമതാവളം പാകിസ്താൻ സൈന്യത്തിന്റെ പ്രധാന ട്രാൻസ്‌പോർട്ട് ഹബ്ബായും അവരുടെ പോർജെറ്റുകൾക്ക് ഇന്ധനം നല്കുന്ന എയർ റിഫ്യൂവലിന്റെ  കേന്ദ്രവുമായാണ് പ്രവർത്തിക്കുന്നത്.

ഏറ്റവും പ്രധാനപ്പെട്ട വിവരം ഈ താവളം പാകിസ്താന്റെ ആണവായുധങ്ങളെ നിയന്ത്രിക്കുന്ന സ്ട്രാറ്റജിക് പ്ലാൻസ് ഡിവിഷൻ്റെ ആസ്ഥാനത്തിന് തൊട്ടടുത്താണ് സ്ഥിതി ചെയ്യുന്നതെ ന്നാണ്. ഏകദേശം 170  ആണവായുധങ്ങളുടെ ഉത്തരവാദിത്തം ഈ വിഭാഗത്തിനാണ്.

ഇന്ത്യ നൂർ ഖാൻ താവളത്തിൽ നടത്തിയ മിസൈൽ ആക്രമണം പാകിസ്താനിൽ അതീവ ഭീതിയുണ്ടാക്കിയതിന് കാരണം പാകിസ്താന്റെ ആണവകമാൻഡ് കേന്ദ്രത്തിന് നേരിട്ടുള്ള ഭീഷണിയായി പ്രത്യക്ഷപ്പെട്ടതാണ്.

സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്ന വിഡിയോകളിൽ ഇന്ത്യൻ മിസൈലുകൾ നൂർ ഖാൻ താവളത്തിൽ അടിച്ചിടുന്ന കാഴ്‌ചയും വലിയ സ്‌ഫോടനവും കാണാം. ചില ഉപഗ്രഹചിത്രങ്ങളും താപചിഹ്നങ്ങൾ ഉൾപ്പെടെ താവളത്തെ ബാധിച്ച നാശം തെളിയിക്കുന്നു. ഈ ചിത്രങ്ങളുടെയും വിഡിയോകളുടെയും വിശ്വാസ്യത  സ്ഥിരീകരിച്ചിട്ടില്ല.

ദി ഇന്ത്യൻ എക്സ്പ്രസ്  റിപ്പോർട്ടിൽ വ്യക്തമാക്കിയത് പ്രകാരം പാകിസ്താന്റെ സൈനിക സാങ്കേതിക അടിസ്ഥാന സൗകര്യങ്ങൾ, കമാൻഡ് ആൻഡ് കൺട്രോൾ കേന്ദ്രങ്ങൾ, റഡാർ സൈറ്റുകൾ, ആയുധ സംഭരണ കേന്ദ്രങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് ഇന്ത്യയുടെ ആക്രമണം ഉണ്ടായതെന്നാണ്.