യുഎസ് ഇന്ത്യയിലേക്ക് നാടുകടത്തിയവരില്‍ 11 പേര്‍ക്ക് കള്ളപ്പണം വെളുപ്പിക്കല്‍ ഇടപാട്; ഇഡി ചോദ്യം ചെയ്യും

യുഎസ് ഇന്ത്യയിലേക്ക് നാടുകടത്തിയവരില്‍ 11 പേര്‍ക്ക് കള്ളപ്പണം വെളുപ്പിക്കല്‍ ഇടപാട്; ഇഡി ചോദ്യം ചെയ്യും


ന്യൂഡല്‍ഹി: അനധികൃത കുടിയേറ്റത്തിന്റെ പേരില്‍ യുഎസ് ഇന്ത്യയിലേക്ക് നാടുകടത്തിയ ഇന്ത്യക്കാരില്‍ 11 പേര്‍ക്ക് കള്ളപ്പണം വെളുപ്പിക്കല്‍ ഉള്‍പ്പെടെയുള്ള പരിപാടികള്‍ ഉണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇഡി ഇവരെ ചോദ്യം ചെയ്യും. ഈ 11 പേര്‍ക്കും ഇഡി നോട്ടീസ് അയച്ചിട്ടുണ്ട്.

ഇന്ത്യയില്‍ നിന്നും ആളുകളെ ഡങ്കി(ഡോങ്കി) റൂട്ടുകള്‍ വഴി അനധികൃതമായി യുഎസിലേക്ക് എത്തിക്കുന്ന ഏജന്റുമാര്‍ക്ക് എതിരെയും അന്വേഷണം നടക്കുകയാണ്. കഴുതകളെപ്പോലെ കഷ്ടപ്പെട്ട് അമേരിക്കയിലേക്ക് കുടിയേറാന്‍ കുടിയേറ്റക്കാര്‍ പോകുന്ന ദുര്‍ഘടമായ പാതയെയാണ് ഡോങ്കി റൂട്ടുകള്‍ എന്ന് വിളിക്കുന്നത്.

ഇത്തരം ഡങ്കി റൂട്ടുകളിലൂടെ യുഎസിലേക്ക് കടന്ന 11 പേരില്‍ പത്ത് പേര്‍ പഞ്ചാബ് സ്വദേശികളും ഒരാള്‍ ഹരിയാന സ്വദേശിയുമാണ്. ഇവര്‍ക്കാണ് ഇഡി നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇ ഡിയുടെ ജലന്ധര്‍ ഓഫീസില്‍ ഹാജരാകാനാണ് ഇവര്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശം.

കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമാണ് നടപടി. #അനധികൃത കടത്തുമായി ബന്ധപ്പെട്ട് 15 ഏജന്റുമാര്‍ക്കെതിരായ കേസിന്റെ ഭാഗമായിട്ടാണ് അന്വേഷണം.