ചൈനയെ ചെറുക്കാൻ നിർണായക ധാതുക്കളിൽ യുഎസിനൊപ്പം ഇന്ത്യ; വ്യാപാരകരാറിന് പിന്നാലെ പുതിയ സഖ്യം

ചൈനയെ ചെറുക്കാൻ നിർണായക ധാതുക്കളിൽ യുഎസിനൊപ്പം ഇന്ത്യ; വ്യാപാരകരാറിന് പിന്നാലെ പുതിയ സഖ്യം


വാഷിംഗ്ടൺ: വ്യാപാരകരാർ ഉറപ്പാക്കിയതിന് പിന്നാലെ, ചൈനയുടെ ആഗോള ആധിപത്യം ചെറുക്കാൻ ലക്ഷ്യമിട്ടുള്ള യുഎസിന്റെ നിർണായക ധാതു (ക്രിട്ടിക്കൽ മിനറൽസ്) സഖ്യത്തിലേക്ക് ഇന്ത്യയും നീങ്ങുന്നു. ട്രംപ് ഭരണകൂടം സംഘടിപ്പിച്ച 'ക്രിട്ടിക്കൽ മിനറൽസ് മന്ത്രിസഭാ സമ്മേളനത്തിൽ' ഇന്ത്യ ഉൾപ്പെടെ 54 രാജ്യങ്ങൾ പങ്കെടുത്തു. ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ സമ്മേളനത്തിൽ പങ്കാളിയായി.

യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ നേതൃത്വത്തിലാണ് സമ്മേളനം നടന്നത്. പുതിയ ക്രിട്ടിക്കൽ മിനറൽസ് ട്രേഡിങ് സോണിന്റെ രൂപരേഖ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് വിശദീകരിച്ചു. വൈവിധ്യമാർന്ന ഉൽപാദന കേന്ദ്രങ്ങളും സുരക്ഷിത നിക്ഷേപ സാഹചര്യങ്ങളും ബാഹ്യ തടസ്സങ്ങൾക്ക് വിധേയമാകാത്ത വിതരണ ശൃംഖലകളും സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് വാൻസ് പറഞ്ഞു.

തന്റെ യുഎസ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം ഈ സമ്മേളനമായിരുന്നുവെന്ന് ജയശങ്കർ മാധ്യമങ്ങളോട് പറഞ്ഞു. ക്രിട്ടിക്കൽ മിനറൽസ് മേഖലയിലെ സഹകരണം വർധിപ്പിക്കാൻ ലക്ഷ്യമിട്ട 'ഫോറം ഓൺ റിസോഴ്‌സ്, ജിയോസ്ട്രാറ്റജിക് എംഗേജ്‌മെന്റ്' (FORGE) എന്ന സംരംഭത്തിന് ഇന്ത്യ പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. നിർണായക ധാതുക്കളുടെ ഉൽപാദനവും വിതരണവും ഏതാനും രാജ്യങ്ങളിൽ കേന്ദ്രീകരിക്കുന്നതിന്റെ അപകടസാധ്യതകളും, രാജ്യാന്തര സഹകരണത്തിലൂടെ വിതരണ ശൃംഖലകൾ സുരക്ഷിതമാക്കേണ്ടതിന്റെ ആവശ്യകതയും ജയശങ്കർ ചൂണ്ടിക്കാട്ടി.

ക്രിട്ടിക്കൽ മിനറൽസ്, റെയർ എർത്ത്‌സ് മേഖലകളിൽ ചൈനയ്ക്ക് വൻ മേൽക്കോയ്മയാണുള്ളത്. യുഎസ് നിർണായകമെന്ന് വിശേഷിപ്പിച്ച 30 ധാതുക്കളുടെ ഉൽപാദനത്തിൽ ചൈന മുൻപന്തിയിലുണ്ട്. ആഗോള റെയർ എർത്ത് ഖനനത്തിന്റെ ഏകദേശം 70 ശതമാനവും, പ്രോസസിങ് ശേഷിയുടെ 90 ശതമാനത്തിലധികവും ചൈനയുടെ നിയന്ത്രണത്തിലാണ്.

ഇതിനിടെയാണ് ഇന്ത്യയും റെയർ എർത്ത് മേഖലയിൽ ശക്തമായ നടപടികൾ പ്രഖ്യാപിച്ചത്. ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ ആന്ധ്രപ്രദേശ്, കേരളം, തമിഴ്‌നാട്, ഒഡീഷ തുടങ്ങിയ ധാതുസമ്പന്ന സംസ്ഥാനങ്ങളിൽ പ്രത്യേക റെയർ എർത്ത് ഇടനാഴികൾ വികസിപ്പിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. സെമികണ്ടക്ടർ മേഖലയിലെ ചൈനയുടെ ആധിപത്യം തകർക്കാൻ ലക്ഷ്യമിട്ട 'ഇന്ത്യൻ സെമികണ്ടക്ടർ മിഷൻ 2.0' പ്രഖ്യാപനവും ശ്രദ്ധേയമായി.

യുഎസുമായുള്ള വ്യാപാരകരാറിന് പിന്നാലെയാണ് ഇന്ത്യ ഈ നിർണായക ധാതു സഖ്യത്തിൽ ചേരുന്നത് എന്നത് പ്രത്യേക പ്രാധാന്യം നേടുന്നു. കരാറിന്റെ ഭാഗമായി ഇന്ത്യൻ ഉൽപന്നങ്ങൾക്കുള്ള യുഎസ് തീരുവ 50 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറച്ചിരുന്നു.

വ്യാപാരകരാറിന് പിന്നാലെ ക്രിട്ടിക്കൽ മിനറൽസ് രംഗത്ത് യുഎസിനൊപ്പം ഇന്ത്യ കൈകോർക്കുന്നത് വെറും സാമ്പത്തിക തീരുമാനമല്ല; ദീർഘകാല തന്ത്രപരമായ നീക്കമാണ്. ചൈനയുടെ നിയന്ത്രണത്തിലുള്ള ധാതു വിതരണ ശൃംഖലകൾ ഭാവിയിൽ ഇന്ത്യയുടെ സാങ്കേതികവും വ്യവസായപരവുമായ വളർച്ചയ്ക്ക് വെല്ലുവിളിയാകുമെന്ന തിരിച്ചറിവാണ് ഈ നിലപാടിന് പിന്നിൽ.

റെയർ എർത്ത്‌സ്, സെമികണ്ടക്ടർ തുടങ്ങിയ മേഖലകൾ അടുത്ത ദശകത്തിൽ ആഗോള ശക്തിസമവാക്യങ്ങളെ തന്നെ മാറ്റിമറിക്കുന്ന ഘടകങ്ങളായിരിക്കും. ഈ പശ്ചാത്തലത്തിൽ യുഎസിന്റെ നേതൃത്വത്തിലുള്ള സഖ്യത്തിൽ ഇന്ത്യയുടെ സാന്നിധ്യം, ചൈനയ്ക്ക് ബദലായ വിശ്വസനീയ ഉൽപാദന കേന്ദ്രമായി ഇന്ത്യയെ ഉയർത്തിക്കാട്ടാനുള്ള അവസരവുമാണ്.

അതേസമയം, ഈ സഖ്യം ഇന്ത്യയുടെ സ്വതന്ത്ര വിദേശനയത്തെ എത്രമാത്രം ബാധിക്കുമെന്ന ചോദ്യവും ഉയർന്നുവരുന്നു. യുഎസ്‌ചൈന മത്സരം മൂർച്ഛിക്കുന്ന കാലത്ത്, താൽപര്യ സംരക്ഷണവും ശക്തിസമത്വവും ഒരുപോലെ കൈവരിക്കാൻ ഇന്ത്യയ്ക്ക് സാധിക്കുമോയെന്നതാണ് ഇനി ശ്രദ്ധിക്കേണ്ടത്.