തൃണമൂലിൽ പാളയത്തിൽ പടയോ? ; മമതയുടെ നിർണായക യോഗത്തിൽ ഭൂരിഭാഗം എംഎൽഎമാർ വിട്ടുനിന്നു

തൃണമൂലിൽ പാളയത്തിൽ പടയോ? ; മമതയുടെ നിർണായക യോഗത്തിൽ ഭൂരിഭാഗം എംഎൽഎമാർ വിട്ടുനിന്നു


കൊൽക്കത്ത: പശ്ചിമ ബംഗാളിൽ രാഷ്ട്രീയ സാഹചര്യം ഗുരുതരമായി നിൽക്കുന്നതിനിടെ തൃണമൂൽ കോൺഗ്രസിൽ രൂപപ്പെട്ട ആഭ്യന്തര പ്രതിസന്ധികളെക്കുറിച്ചുള്ള ചർച്ചകൾ ശക്തമാകുന്നു. മുൻ മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിൽ നടത്താനിരുന്ന നിർണായക യോഗത്തിൽ ഭൂരിഭാഗം നിയമസഭാംഗങ്ങളും പങ്കെടുക്കാതിരുന്നത് പാർട്ടി നേതൃത്വത്തെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

ഞായറാഴ്ച വൈകിട്ട് മമത ബാനർജിയുടെ വസതിയിൽ വിളിച്ചുചേർത്ത യോഗത്തിൽ 80 എംഎൽഎമാരിൽ 20 പേർ മാത്രമാണ് എത്തിയത്. പ്രതീക്ഷിച്ച പങ്കാളിത്തം ലഭിക്കാതിരുന്നതോടെ യോഗം പിന്നീട് റദ്ദാക്കുകയായിരുന്നു.

അതേസമയം, തൃണമൂൽ എംപിമാരായ അഭിഷേക് ബാനർജിയും കല്യാൺ ബാനർജിയും ആക്രമിക്കപ്പെട്ട സംഭവങ്ങളിൽ പ്രതിഷേധിച്ച് നിരവധി എംഎൽഎമാർ തങ്ങളുടെ മണ്ഡലങ്ങളിൽ തുടരുകയായിരുന്നുവെന്നാണ് പാർട്ടി വക്താവ് കുനാൽ ഘോഷ് വിശദീകരിച്ചത്. എന്നിരുന്നാലും, 60 എംഎൽഎമാർ യോഗത്തിൽ നിന്ന് വിട്ടുനിന്നത് പാർട്ടിക്കുള്ളിൽ ചർച്ചകൾക്കും ആശങ്കകൾക്കും വഴിവെച്ചിട്ടുണ്ട്.
ബിജെപി അധികാരത്തിലെത്തിയതിന് പിന്നാലെ തൃണമൂൽ നേതാക്കൾക്കെതിരായ ആക്രമണങ്ങൾ വർധിച്ചുവെന്നാണ് പാർട്ടി ആരോപണം. തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമ സംഭവങ്ങൾ അന്വേഷിക്കാൻ എത്തിയ ശ്രീറാംപുർ എംപിയായ കല്യാൺ ബാനർജിക്ക് ഹൂഗ്ലി ജില്ലയിലെ ഒരു പൊലീസ് സ്റ്റേഷനു സമീപത്ത് വച്ച് ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ബിജെപി പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

ഇതിന് മുൻപ്, സോണാർപുർ മേഖലയിൽ സന്ദർശനം നടത്തുന്നതിനിടെ അഭിഷേക് ബാനർജിക്കുമെതിരെ ആൾക്കൂട്ട ആക്രമണം ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമ സംഭവങ്ങളെക്കുറിച്ച് പരാതി നൽകാനെത്തിയപ്പോഴാണ് കല്യാൺ ബാനർജിക്കെതിരെയും കയ്യേറ്റമുണ്ടായതെന്ന് തൃണമൂൽ നേതാക്കൾ ആരോപിക്കുന്നു.
തുടർച്ചയായ ആക്രമണങ്ങളും യോഗത്തിലെ കുറഞ്ഞ പങ്കാളിത്തവും പാർട്ടിക്കുള്ളിലെ ഭിന്നതകളെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് ശക്തി പകരുന്നതിനിടെയാണ് തൃണമൂൽ നേതൃത്വം സാഹചര്യം നിയന്ത്രിക്കാൻ ശ്രമിക്കുന്നത്.