ഇന്ത്യ വ്യാപാര താരിഫ് കുറയ്ക്കുമെന്ന് ട്രംപ്; മോഡി സര്‍ക്കാറിന്റെ നിലപാട് ചോദിച്ച് കോണ്‍ഗ്രസ്

ഇന്ത്യ വ്യാപാര താരിഫ് കുറയ്ക്കുമെന്ന് ട്രംപ്; മോഡി സര്‍ക്കാറിന്റെ നിലപാട് ചോദിച്ച് കോണ്‍ഗ്രസ്


ന്യൂഡല്‍ഹി: താരിഫ് കുറക്കാന്‍ ഇന്ത്യ സമ്മതിച്ചുവെന്ന യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദത്തെക്കുറിച്ച് പാര്‍ലമെന്റില്‍ വിശദീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. വ്യാപാര ചര്‍ച്ചകളില്‍ ഇന്ത്യന്‍ കര്‍ഷകരുടെയും നിര്‍മ്മാതാക്കളുടെയും താത്പര്യങ്ങള്‍ വിട്ടുവീഴ്ച ചെയ്യപ്പെടുന്നുണ്ടോ എന്ന ആശങ്കയും കോണ്‍ഗ്രസ് പ്രകടിപ്പിച്ചു. എക്സിലെ പോസ്റ്റില്‍ കോണ്‍ഗ്രസ് കമ്മ്യൂണിക്കേഷന്‍സ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് ഈ വിഷയം ഉന്നയിച്ചു. അമേരിക്കയുമായുള്ള ഇന്ത്യയുടെ വ്യാപാര ചര്‍ച്ചകളുടെ പ്രത്യേകതകളെ ചോദ്യം ചെയ്ത ജയറാം രമേശ് പ്രസിഡന്റ് ട്രംപ് വ്യാപാര താരിഫ് ചര്‍ച്ച ചെയ്യുന്ന വീഡിയോയും ടാഗ് ചെയ്തു. 

'മോഡി സര്‍ക്കാര്‍ എന്താണ് സമ്മതിച്ചത്? ഇന്ത്യന്‍ കര്‍ഷകരുടെയും ഇന്ത്യന്‍ ഉത്പാദനത്തിന്റെയും താത്പര്യങ്ങള്‍ വിട്ടുവീഴ്ച ചെയ്യപ്പെടുന്നുണ്ടോ? മാര്‍ച്ച് 10ന് പാര്‍ലമെന്റ് പുന:രാരംഭിക്കുമ്പോള്‍ പ്രധാനമന്ത്രി പാര്‍ലമെന്റിനെ വിശ്വാസത്തിലെടുക്കണം' എന്ന് ജയറാം രമേശ് പറഞ്ഞു. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഭാഗം പുന:രാരംഭിക്കുന്നതോടെ പാര്‍ലമെന്റിന്റെ ഇരുസഭകളും തിങ്കളാഴ്ച യോഗം ചേരും.

'വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ അമേരിക്കക്കാരുമായി വ്യാപാരം ചര്‍ച്ച ചെയ്യാന്‍ വാഷിംഗ്ടണ്‍ ഡി സിയിലാണ്. അതേസമയം, പ്രസിഡന്റ് ട്രംപ് ഇത്തരത്തില്‍ സംസാരിക്കുകയും ചെയ്യുന്നു' സുതാര്യതയുടെ ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ട് രമേശ് എഴുതി.

ജയറാം രമേശ് പങ്കിട്ട വീഡിയോയില്‍ ഇന്ത്യ അമേരിക്കന്‍ ഉത്പന്നങ്ങളില്‍ ചരിത്രപരമായി 'വന്‍തോതിലുള്ള താരിഫുകള്‍' ഏര്‍പ്പെടുത്തിയിട്ടുണ്ട്, ഇത് വ്യാപാരത്തെ വെല്ലുവിളി നിറഞ്ഞതാക്കുന്നു എന്ന് പ്രസിഡന്റ് ട്രംപ് പറയുന്നത് കേള്‍ക്കാം. സൂക്ഷ്മപരിശോധനയുടെ ഫലമായി ഇന്ത്യ ഇപ്പോള്‍ ഈ താരിഫുകള്‍ ഗണ്യമായി കുറയ്ക്കാന്‍ സമ്മതിച്ചിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു.

'ഇന്ത്യ നമ്മില്‍ നിന്ന് വന്‍തോതിലുള്ള താരിഫുകള്‍ ഈടാക്കുന്നു. നിങ്ങള്‍ക്ക് ഇന്ത്യയില്‍ ഒന്നും വില്‍ക്കാന്‍ പോലും കഴിയില്ല. അത് നിയന്ത്രണാത്മകമാണ്. അവര്‍ ഇപ്പോള്‍ താരിഫുകള്‍ കുറയ്ക്കാന്‍ ആഗ്രഹിക്കുന്നു. കാരണം അവര്‍ ചെയ്തതിന് അവരെ തുറന്നുകാട്ടുന്നു,' ട്രംപ് ക്ലിപ്പില്‍ പറഞ്ഞു.

യു എസ് സമ്മര്‍ദ്ദത്തെ തുടര്‍ന്ന് നല്‍കിയതായി പറയപ്പെടുന്ന വ്യാപാര ഇളവുകള്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ, മെയ്ക്ക് ഇന്‍ ഇ്ന്ത്യ, ആത്മനിര്‍ഭര്‍ ഭാരത് സംരംഭങ്ങള്‍ തുടങ്ങിയവയെ ബാധിക്കുമെന്ന് 

കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര മോഡിി സര്‍ക്കാരിനെ വിമര്‍ശിച്ചു.

'140 കോടി ഇന്ത്യക്കാര്‍ യു എസ് പ്രസിഡന്റ് ട്രംപില്‍ നിന്നാണ് നമ്മുടെ വ്യാപാര നയത്തെക്കുറിച്ച് പഠിക്കുന്നത്' എന്ന് ആരോപിച്ച ഖേര സര്‍ക്കാര്‍ പൗരന്മാരെ ഇരുട്ടില്‍ നിര്‍ത്തുകയാണെന്നും പറഞ്ഞു. ട്രംപുമായുള്ള പ്രധാനമന്ത്രി മോഡിയുടെ അടുത്ത ബന്ധം താരിഫ് കുറയ്ക്കാനുള്ള തീരുമാനത്തെ സ്വാധീനിച്ചോ എന്നും നിലവില്‍ വ്യാപാര ചര്‍ച്ചകള്‍ക്കായി യു എസിലുള്ള കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ അമേരിക്കന്‍ സമ്മര്‍ദ്ദത്തിന് വഴങ്ങിയോ എന്നും അദ്ദേഹം ചോദിച്ചു.

മെക്‌സിക്കോയുമായും കാനഡയുമായും താരതമ്യം ചെയ്തുകൊണ്ട് മെച്ചപ്പെട്ട നിബന്ധനകള്‍ ചര്‍ച്ച ചെയ്യുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടത് എന്തുകൊണ്ടാണെന്ന് ഖേര ചോദിച്ചു. വര്‍ധിച്ച യു എസ് താരിഫുകളും പരസ്പര നടപടികളും ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്നും ഇത് എം എസ് എം ഇകളെ ബാധിക്കുമെന്നും രൂപ ദുര്‍ബലമാകുമെന്നും വ്യാപാര കമ്മി വര്‍ധിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. മത്സരശേഷി നഷ്ടവും താരിഫ് ഇതര തടസ്സങ്ങളുടെ വര്‍ധനവും കാരണം ഇന്ത്യന്‍ കാര്‍ഷിക മേഖലയ്ക്ക് നഷ്ടമുണ്ടാകാമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

മാര്‍ച്ച് 10ന് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഭാഗത്തിനായി പാര്‍ലമെന്റ് പുന:രാരംഭിക്കുന്നതോടെ ഏതൊക്കെ വ്യാപാര കരാറുകളാണ് ഉണ്ടാക്കിയതെന്ന് വ്യക്തമാക്കാനാണ് കോണ്‍ഗ്രസ് സമ്മര്‍ദ്ദം ചെലുത്തുന്നത്. ആഭ്യന്തര വ്യവസായങ്ങളെ ബാധിച്ചേക്കാവുന്ന ഏതൊരു പ്രതിബദ്ധതയെയും കുറിച്ചുള്ള വിശദാംശങ്ങള്‍ നല്‍കി പ്രധാനമന്ത്രി മോഡി പാര്‍ലമെന്റിനെ വിശ്വാസത്തില്‍ എടുക്കണമെന്നും ജയറാം രമേശ് വ്യക്തമാക്കി. 

അമേരിക്കന്‍ ഉത്പന്നങ്ങളില്‍ അന്യായമായ വ്യാപാര തടസ്സങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം വിശ്വസിക്കുന്ന രാജ്യങ്ങള്‍ക്കെതിരെ പരസ്പര താരിഫുകള്‍ ഏര്‍പ്പെടുത്തണമെന്ന് പ്രസിഡന്റ് ട്രംപ് നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ട്. അധികാരമേറ്റതിനുശേഷം ആഗോള വ്യാപാര ചര്‍ച്ചകളില്‍ കൂടുതല്‍ ആക്രമണാത്മക സമീപനത്തിന് ഊന്നല്‍ നല്‍കിക്കൊണ്ട്, അദ്ദേഹം ഒന്നിലധികം രാജ്യങ്ങളെ വ്യാപാര നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഭീഷണിപ്പെടുത്തിയിട്ടുണ്ട്.